പരസ്യത്തില്‍ പറഞ്ഞ മൈലേജില്ല; ഉടമക്ക് കാര്‍ കമ്പനിയും ഡീലറും 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

സാധാരണ വണ്ടികളെ പറ്റി സംസാരിക്കുമ്പോള്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മൈലേജ്. ഇന്ന് ഇന്ധനവില റോക്കറ്റ് പോലെ കുതിക്കുന്ന സാഹചര്യത്തില്‍ ആ ചോദ്യത്തിന് പ്രസക്തിയും ഉണ്ട്. എന്നാല്‍ വാഹന നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധക്ഷമത പലപ്പോഴും വാഹനങ്ങള്‍ക്ക് കിട്ടാറില്ലെന്നത് നഗ്‌നമായ സത്യമാണ്.

പലരും അത് കാര്യമാക്കാതെ ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് പറഞ്ഞ് തൃപ്ത്തിപ്പെട്ട് ജീവിക്കും. എന്നാല്‍ തൃശൂര്‍ ചൊവ്വൂര്‍ സ്വദേശിനായ സൗദാമിനി പിപി വാഹന നിര്‍മാതാക്കളുടെ ഈ വാഗ്ദാനം ലംഘനം കണ്ടില്ലെന്ന് നടിക്കാന്‍ തയാറായില്ല. നിയമപരമായി മുന്നോട്ടു നീങ്ങിയ സൗദാമിനി തന്റെ ഉദ്യമത്തില്‍ വിജയം കണ്ടിരിക്കുകയാണ്. എട്ട് വര്‍ഷത്തോളം നീണ്ടു നിന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് സൗദാമിനിക്ക് അനുകൂലമായ വിധി വന്നിരിക്കുന്നത്. പ്രമുഖ കാർ നിർമാതാക്കളായ ഫോർഡും ഡീലറുമായിരുന്നു ആയിരുന്നു എതിർ കക്ഷി.

പരസ്യത്തില്‍ പറഞ്ഞ മൈലേജില്ല; ഉടമക്ക് കാര്‍ കമ്പനിയും ഡീലറും 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

2014 ഫോര്‍ഡ് ക്ലാസിക് ഡീസല്‍ കാര്‍ പരസ്യത്തില്‍ കാണിച്ച മൈലേജ് നല്‍കുന്നില്ലെന്ന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് സൗദാമിനിക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധിച്ചു. കാറിന്റെ യഥാര്‍ത്ഥ മൈലേജ് ലിറ്ററിന് 32 കിലോമീറ്റര്‍ എന്ന രീതിയിലായിരുന്നു കമ്പനിയുടെ പരസ്യം. എന്നാല്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്തതിനേക്കാള്‍ 40 ശതമാനം കുറവാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എട്ട് ലക്ഷം രൂപ മുടക്കി വാങ്ങിയ കാറിന് 32 കിലോമീറ്റര്‍ പ്രതീക്ഷിടത്ത് സൗദാമിനിക്കും കുടുംബത്തിനും 20 കിലോമീറ്ററില്‍ താഴെ മാത്രമാണ് മൈലേജ് കിട്ടിയത്.

തൃശൂര്‍ ഉപഭോക്തൃ കോടതിയിലാണ് സൗദാമിനി പരാതി നല്‍കിയത്. 2014-ല്‍ 8,94,876 രൂപയ്ക്ക് പുതിയ ഫോര്‍ഡ് ക്ലാസിക് ഡീസല്‍ കാര്‍ വാങ്ങിയ സൗദാമിനി പിപി 2015ല്‍ നല്‍കിയ പരാതിയിലാണ് തൃശൂരിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടത്. കാറിന്റെ ഡീലമാരായ തൃശൂരിലെ കൈരളി ഫോര്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെയാണ് ഉത്തരവ്. ഡീലറും നിര്‍മ്മാതാവും നല്‍കിയ ബ്രോഷറുകളും ലഘുലേഖകളും ലിറ്ററിന് 32 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്തുവെന്ന കാര്യം മുന്‍നിര്‍ത്തിയായിരുന്നു പരാതിക്കാരി കോടതിയില്‍ വാദിച്ചത്.

പരസ്യത്തില്‍ പറഞ്ഞ മൈലേജില്ല; ഉടമക്ക് കാര്‍ കമ്പനിയും ഡീലറും 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഇവ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പരാതി പരിശോധിക്കാന്‍ ഫോറം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ പിഎച്ച്ഡി ജേതാവായ മെക്കാനിക്കല്‍ എന്‍ജിനീയറിങ് അസോസിയേറ്റ് പ്രൊഫസറെ വിദഗ്ധ കമ്മിഷണറായി നിയമിച്ചു. എല്ലാ കക്ഷികളുടെയും സാന്നിധ്യത്തില്‍ നടത്തിയ റണ്ണിംഗ് ടെസ്റ്റില്‍ കാര്‍ നല്‍കിയ യഥാര്‍ത്ഥ മൈലേജ് 19.6 കിലോമീറ്റര്‍ ആണെന്ന് വിദഗ്ധ കമ്മീഷണര്‍ കണ്ടെത്തി. എതിര്‍ഭാഗം നിരത്തിയ വാദഗതികളും ന്യായീകരണങ്ങളും കോടതി പരിഗണിച്ചില്ല. ബ്രോഷറില്‍ പരാമര്‍ശിച്ചിരിക്കുന്ന മൈലേജ് 'ഓട്ടോ കാര്‍ ക്രോസ് കണ്‍ട്രി ഡ്രൈവ്' എന്ന് പേരുള്ള ഒരു മൂന്നാം കക്ഷി ഏജന്‍സി നടത്തിയ പരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഫോര്‍ഡ് ഇന്ത്യ കോടതിയില്‍ പറഞ്ഞു.

നിര്‍മ്മാതാവ് പുറത്തിറക്കിയ ബ്രോഷറുകളില്‍ അത്തരം കണക്കുകള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍, ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ഫോറം ചൂണ്ടിക്കാട്ടി.'കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും വിവിധ നിര്‍മ്മാതാക്കളുടെ വിവിധ മോഡലുകളുടെ പരസ്യങ്ങള്‍, ബ്രോഷറുകള്‍, ലഘുലേഖകള്‍ മുതലായവ താരതമ്യം ചെയ്യുകയും അതില്‍ വിവരിച്ചിരിക്കുന്ന സവിശേഷതകള്‍ വാഹനത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്റെ അന്തിമ തീരുമാനത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. മൈലേജ് സംബന്ധിച്ച അത്തരം പ്രസ്താവനകള്‍ ബ്രോഷറിലോ ലഘുലേഖയിലോ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചാല്‍ മൈലേജ് ടെസ്റ്റ് നടത്തുന്നത് ഒരു മൂന്നാം കക്ഷി ഏജന്‍സിയാണെന്ന വാദിച്ചാല്‍ ഉപഭോക്താവിനോടുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് നിര്‍മ്മാതാവിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല' ഫോറം ഉത്തരവില്‍ പറഞ്ഞു.

വാഗ്ദാനം ചെയ്ത മൈലേജ് 'സ്റ്റാന്‍ഡേര്‍ഡ് സാഹചര്യങ്ങളില്‍' മാത്രമേ സാധ്യമാകൂവെന്നും അത്തരം സാഹചര്യങ്ങളില്‍ വിദഗ്ധ കമ്മീഷണര്‍ റണ്ണിംഗ് ടെസ്റ്റ് നടത്തിയിട്ടില്ലെന്നും കമ്പനി വാദിച്ചു. എന്നാല്‍ ദേശീയ പാതയില്‍ മണിക്കൂറില്‍ 55-60 കിലോമീറ്റര്‍ വേഗതയിലാണ് പരീക്ഷണം നടത്തിയതെന്ന് ഫോറം ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ മൈലേജും കമ്പനി വാഗ്ദാനം നല്‍കിയ മൈലേജും തമ്മിലുള്ള വ്യത്യാസം 40 ശതമാനമാണ് എന്നത് നിസ്സാര കാര്യമല്ലെന്നും തെറ്റായ പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ വഞ്ചിക്കുന്നത് ആശാസ്യമല്ലെന്നും ഫോറം ചൂണ്ടിക്കാട്ടി.

'അതിശയോക്തമായ മൈലേജ് ഉയര്‍ത്തിക്കാട്ടുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം' അന്യായമായ ഒരു വ്യാപാര സമ്പ്രദായത്തിന് തുല്യമാണെന്ന് ഫോറം വിലയിരുത്തി. പരാതിക്കാരിക്കുണ്ടായ സാമ്പത്തികനഷ്ടത്തിന് 1.50 ലക്ഷം രൂപയും മാനസിക പീഡനത്തിനും ക്ലേശത്തിനും 1.50 ലക്ഷം രൂപയും നിയമ ചെലവുകള്‍ക്കായി 10,000 രൂപയും പരാതി നല്‍കിയ തീയതി മുതല്‍ യഥാര്‍ത്ഥ തുക അടയ്ക്കുന്നതുവരെയുള്ള 9% പലിശയ്ക്ക് കോടതി വിധിച്ചു. പ്രസിഡന്റ് സിടി സാബു, അംഗങ്ങളായ ശ്രീജ എസ്, ആര്‍ റാം മോഹന്‍ എന്നിവരടങ്ങുന്ന ഉപഭോക്തൃ ഫോറമാണ് വിധി പുറപ്പെടുവിച്ചത്. അഭിഭാഷകനായ എഡി ബെന്നിയാണ് സൗദാമിനിക്കായി കേസ് വാദിച്ചത്.

Most Read Articles

Malayalam
English summary
Ford classic not offering mileage as advertised kerala consumer court awards rs 3 lakhs compensation
Story first published: Saturday, December 3, 2022, 13:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X