കയറ്റത്തില്‍ കുടങ്ങി എന്‍ഡവര്‍, ചുവടുപിഴയ്ക്കാതെ ഫോര്‍ച്യൂണര്‍ — കാരണമിതാണ്
ടൊയോട്ട ഫോര്‍ച്യൂണറും ഫോര്‍ഡ് എന്‍ഡവറും തമ്മിലുള്ള പോര് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇന്ത്യ ആദ്യം കണ്ടത് ഫോര്‍ഡ് എന്‍ഡവറിനെ. ഫോര്‍ഡ് എസ്‌യുവി വന്ന കാലത്ത് ഇന്ത്യന്‍ വിപണി വാണത് മിത്സുബിഷി പജേറോ SFX ഉം, ഹോണ്ട CR-V -യും. പിന്നെയും കാലങ്ങള്‍ ഒരുപാടെടുത്തു ഫോര്‍ച്യൂണറുമായി ടൊയോട്ട ഇങ്ങെത്താന്‍.

പക്ഷെ ഇന്നു ചിത്രം മാറി. പജേറോ SFX -ന്റെ നിഴലില്‍ മാത്രമായി പജേറോ സ്‌പോര്‍ട് ഒതുങ്ങുന്നു. സ്‌കോഡ കൊണ്ടുവന്ന കൊഡിയാക്കുമായി ഇന്ത്യ ഇപ്പോഴും പൊരുത്തപ്പെട്ടിട്ടില്ല. ബാക്കിയുള്ളത് ടൊയോട്ട ഫോര്‍ച്യൂണറും, ഫോര്‍ഡ് എന്‍ഡവറും. ഈ രണ്ടു എസ്‌യുവികള്‍ക്കും വേണ്ടിയാണ് ഇന്ത്യയില്‍ പിടിവലി മുഴുവന്‍.

രണ്ടു മോഡലുകളും പൂര്‍ണ പ്രീമിയം എസ്‌യുവികള്‍. ഇരുവര്‍ക്കും പ്രചാരം തുല്യം. മികവും പ്രകടനക്ഷമതയും ഏറെക്കുറെ ഒരുപോലെ. എന്നാല്‍ കേമന്‍ ആരാണ് –ഫോര്‍ച്യൂണറോ, എന്‍ഡവറോ? ഇക്കാര്യത്തില്‍ കാര്‍ പ്രേമികള്‍ ചേരിതിരിയുന്നു.

കരുതിയതു പോലെ ഫോര്‍ച്യൂണറും എന്‍ഡവറും തുല്യശക്തരാണോ? ഈ ചോദ്യമുയര്‍ത്തുന്ന പുതിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. രംഗം പുതുതലമുറ ഫോര്‍ഡ് എന്‍ഡവറും, ടൊയോട്ട ഫോര്‍ച്യൂണറും തമ്മിലുള്ള ഓഫ്‌റോഡിംഗ് പോര്.

ദുര്‍ഘടമായ ഭീമന്‍ കുഴി മറികടക്കുകയാണ് എസ്‌യുവികളുടെ ദൗത്യം. തുടക്കം ഫോര്‍ഡ് എന്‍ഡവറില്‍ നിന്ന്. വലിയ ബുദ്ധിമുട്ടൊന്നും കൂടാതെയാണ് ചെങ്കുത്തായ കുഴിയിലേക്ക് എന്‍ഡവര്‍ ഇറങ്ങിയത്. ഭേദപ്പെട്ട ഡിപാര്‍ച്ചര്‍ ആംഗിള്‍ ഫോര്‍ഡ് എസ്‌യുവിയ്ക്ക് ഇവിടെ തുണയായി.

കുഴിയ്ക്ക് നടുവില്‍ സ്ഥാപിച്ച പലകകളിലൂടെ സാവധാനം എന്‍ഡവര്‍ മുന്നോട്ടു നീങ്ങുന്നതായും വീഡിയോയില്‍ കാണാം. എന്നാല്‍ പുറത്തുകടക്കാന്‍ ശ്രമിക്കുമ്പോള്‍ ഫോര്‍ഡ് എസ്‌യുവി വിയര്‍ത്തു.

കൂടുതല്‍ ടോര്‍ഖ് സൃഷ്ടിച്ചു കുത്തനെയുള്ള പ്രതലങ്ങള്‍ താണ്ടാന്‍ സഹായിക്കുന്ന കുറഞ്ഞ അനുപാതമുള്ള ട്രാന്‍സ്ഫര്‍ സംവിധാനവും, വീതിയേറിയ അപ്രോച്ച് ആംഗിളും ഉണ്ടായിട്ടു കൂടി കുഴിയില്‍ നിന്നും പുറത്തുചാടാന്‍ എന്‍ഡവറിന് കഴിഞ്ഞില്ല. ഗ്രൗണ്ട് ക്ലിയറന്‍സാണ് ഇവിടെ വില്ലനായത്.

ഇടതുവശത്തുള്ള സൈഡ് സ്റ്റെപ്പില്‍ തട്ടി എന്‍ഡവര്‍ കുടുങ്ങുകയായിരുന്നു. ശേഷം ഇസുസു D-Max V-Cross എത്തിയാണ് എന്‍ഡവറിനെ കുഴിയില്‍ നിന്നും വലിച്ചു പുറത്തെടുത്തത്. അടുത്ത ഊഴം ടൊയോട്ട ഫോര്‍ച്യൂണറിന്റേത്.

ഓഫ്‌റോഡിംഗിന് വേണ്ടി പ്രത്യേകം പരുവപ്പെടുത്തിയ മുന്‍തലമുറ ഫോര്‍ച്യൂണറാണ് കടന്നെത്തിയത്. പതിവിലും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് (ലിഫ്റ്റ് കിറ്റ് ഉപയോഗിച്ചു ഉയര്‍ത്തിയത്), മുന്നില്‍ ഓഫ്‌റോഡ് ബമ്പര്‍, ആഴമുള്ള ജലായശങ്ങളിലൂടെ കടന്നുപോകാനുള്ള സ്‌നോര്‍ക്കല്‍ എന്നിവ ഫോര്‍ച്യൂണറില്‍ കാണാം.

കുഴപ്പങ്ങളൊന്നും കൂടാതെ കുഴിയിലേക്ക് ഇറങ്ങാനും തിരിച്ചു കയറാനും ഫോര്‍ഡ് എസ്‌യുവിക്ക് കഴിഞ്ഞു. വീഡിയോയുടെ അടിസ്ഥാനത്തില്‍ ഫോര്‍ച്യൂണര്‍ എന്‍ഡവറിനെക്കാളും കേമനാണെന്ന് പറയാന്‍ പറ്റില്ല.
രൂപമാറ്റങ്ങള്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്‍ഡവറിന്റെ അവസ്ഥ ഫോര്‍ച്യൂണറിനും ഉണ്ടായേനെ. 220 mm ആണ് ടൊയോട്ട പുറത്തിറക്കിയ മുന്‍തലമുറ ഫോര്‍ച്യൂണറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. പുതുതലമുറ ഫോര്‍ഡ് എന്‍ഡവറിന് ഗ്രൗണ്ട് ക്ലിയറന്‍സ് 225 mm. ലിഫ്റ്റ് കിറ്റ് ഉള്‍പ്പെടെ ഉടമ വരുത്തിയ മാറ്റങ്ങള്‍ ഓഫ്‌റോഡിംഗ് അഭ്യാസത്തില്‍ ഫോര്‍ച്യൂണറിനെ തുണച്ചെന്ന് വ്യക്തം.

ഓഫ്‌റോഡ് ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ —
1. ഓഫ്‌റോഡ് യാത്രകൾക്കു മുമ്പ് വാഹനം മികച്ച കണ്ടീഷനിലാണോ എന്ന് പരിശോധിക്കണം. ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് വാഹനത്തിന്റെ സർവീസ് പരിശോധനകളും നടത്തണം.
2. പ്രതലം കഠിനമാണെന്ന് തോന്നുന്ന പക്ഷം 4WD ലോ റേഞ്ച് സ്വീകരിക്കുക. തുടര്‍ന്നു മാത്രം മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കുക.
3. മണല്‍, ചെളി മുതലായ പ്രതലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ സംവേഗശക്തി (Momentum) പൂര്‍ണമായും പ്രയോഗിക്കുക.

4. ദുര്‍ഘടമായ പ്രതലങ്ങള്‍ താണ്ടുന്നതിനു മുമ്പ് ചെറിയ ഓഫ്‌റോഡിംഗ് കടമ്പകൾ കടന്നു വാഹനത്തിന്റെ പ്രകടനക്ഷമത ഉറപ്പ് വരുത്തണം.
5. കുത്തനെയുള്ള കയറ്റവും ഇറക്കവും കുറുകെ ഓടിച്ചു മറികടക്കാന്‍ ശ്രമിക്കരുത്. കുന്നുകളെ അഭിമുഖീകരിക്കുമ്പോള്‍ വാഹനത്തെ നേരെ മുകളിലേക്കോ താഴേക്കോ ഡ്രൈവ് ചെയ്യുക.

6. സ്‌പോക്കുകള്‍ക്ക് പകരം റിമ്മില്‍ പിടിമുറുക്കി സ്റ്റീയറിംഗ് നിയന്ത്രിക്കുക. കാരണം ഓഫ്‌റോഡിംഗ് വേളയിൽ സ്റ്റിയറിംഗ് ശക്തമായി തിരിച്ചു കറങ്ങാന്‍ സാധ്യതയുണ്ട്. സ്‌പോക്കില്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഓടിക്കുന്നയാൾക്ക് പരുക്കേല്‍ക്കാം.

7. ജലപ്രദേശങ്ങളിലൂടെ കടക്കുന്നതിനു മുമ്പ് വാഹനത്തില്‍ നിന്നുമിറങ്ങി ബന്ധപ്പെട്ട പ്രതലത്തിന്റെ ആഴം തിരിച്ചറിയാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരത്തില്‍ ആഴം കൂടിയ പ്രദേശങ്ങള്‍ ഒഴിവാക്കി സുരക്ഷിതമായി മുന്നോട്ടു നീങ്ങാം.

8. ഓഫ്‌റോഡിംഗ് യാത്രകൾക്ക് ഇടയിൽ ടയറുകള്‍ ചെളിയിലും പാറകള്‍ക്കിടയിലും കുടങ്ങാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു വാഹനത്തില്‍ മണ്‍വെട്ടികള്‍ ഉള്‍പ്പെടെ ആവശ്യവസ്തുക്കളെല്ലാം കരുതുക.
9. ഓഫ്‌റോഡിംഗിനിടെ യാത്രക്കാർക്കു പരുക്കേല്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതുകൊണ്ടു മെഡിക്കല്‍ കിറ്റും വാഹനത്തില്‍ സൂക്ഷിക്കണം.
Source: YouTube


Click it and Unblock the Notifications








