ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇപ്പോള്‍ ഐപിഎല്‍ ആവേശത്തിലാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗില്‍ ചേരിതിരിഞ്ഞ് പോരാടുമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മെന്‍ ഇന്‍ ബ്ലൂവിന്റെ ആരാധകരാണ് ഒട്ടുമിക്ക ഇന്ത്യക്കാരും. ഇന്ത്യന്‍ ടീം കഴിഞ്ഞാല്‍ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഏറെ ഇഷ്ടമുള്ള മറ്റൊരു ടീമാണ് ദക്ഷിണാഫ്രിക്ക. ഇപ്പോഴത്തെ ജനറേഷന് ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഇഷ്ട കളിക്കാരന്‍ എബി ഡിവില്ലിയേഴ്‌സ് ആയിരിക്കും.
എന്നാല്‍ ഞാനൊക്കെ ചെറുപ്പത്തില്‍ ക്രിക്കറ്റ് കാണുന്ന കാലത്ത് മനസ്സില്‍ കയറിപ്പറ്റിയ ഒരു കളിക്കാരനുണ്ട്. പേര് ജോണ്ടി റോഡ്‌സ്. പണ്ട് ഇന്ത്യന്‍ താരങ്ങളൊക്കെ ഫീല്‍ഡിംഗില്‍ 'ചോരുന്ന' കൈകളുമായി പരാജയമാകുമ്പോള്‍ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പറന്ന് ക്യാച്ചുകളെടുക്കുന്ന ജോണ്ടിയോട് പണ്ട് തോന്നിയ ആരാധന ഇന്നും മനസ്സിലുണ്ട്. ഇന്ത്യക്കാരുടെ ഫീല്‍ഡിഗിന്റെ പേരുദോഷം യുവരാജ് സിംഗും മുഹമ്മദ് കൈഫും വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയുമടക്കമുള്ള യുവതാരങ്ങള്‍ വന്ന് മാറ്റി.

എന്നാല്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരുടെ പട്ടികയെടുത്താല്‍ മുകളില്‍ തന്നെയാകും ജോണ്ടി റോഡ്‌സിന്റെ സ്ഥാനം. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ഇന്ത്യയില്‍ ഇത്രയധികം ഫാന്‍ ഫോളായിംഗുള്ള ചുരുക്കം കളിക്കാരില്‍ ഒരാളും കൂടിയാണ് അദ്ദേഹം. നമ്മുടെ രാജ്യത്തോടും ഇവിടുത്തെ സംസ്‌കാരത്തോടും വളരെയേറെ മമതയുള്ള ദക്ഷിണാഫ്രിക്കക്കാരന്‍ ഇപ്പോള്‍ ഗോവയിലാണ് താമസം. മാത്രമല്ല സ്വന്തം മകള്‍ക്ക് 'ഇന്ത്യ' എന്നാണ് പേരിട്ടിരിക്കുന്നതും.
നിലവില്‍ ഐപിഎല്‍ ടീമായ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിന്റെ ഫീല്‍ഡിംഗ് കോച്ചായി പ്രവര്‍ത്തിക്കുന്ന ജോണ്ടി റോഡ്‌സിന് റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്കുകളോടും പ്രത്യേക കമ്പമുണ്ട്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് അടുത്തിടെ പുറത്തിറക്കിയ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കായ ഹിമാലയന്‍ 450 ജോണ്ടി റോഡ്‌സ് ടെസ്റ്റ് ഡ്രൈവ് നടത്തിയിരുന്നു. മാത്രമല്ല റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റൊരു മോഡലായ ഷോട്ട്ഗണും ജോണ്ടി പരീക്ഷിച്ചു.

ഷോട്ട് ഗണില്‍ എല്‍എസ്ജിയുടെ ട്രെയിനിംഗ് സെഷന് വരുന്ന വീഡിയോ ടീം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ഹിമാലയന്‍ 450 ടെസ്റ്റ് ഡ്രൈവ് നടത്തിയ ജോണ്ടി തന്റെ അനുഭവം പങ്കുവെക്കുന്നതോടൊപ്പം എന്‍ഫീല്‍ഡ് ബൈക്കുകളുടെ ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452, ഷോട്ട്ഗണ്‍ 650 എന്നിവ ക്രിക്കറ്റ് താരത്തില്‍ ഏറെ മതിപ്പുളവാക്കിയിട്ടുണ്ട്.
പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 മോട്ടോര്‍സൈക്കിളില്‍ ഇരുന്ന് ബൈക്കിന് തംബ്സ് അപ്പ് നല്‍കുന്ന ചിത്രമാണ് അദ്ദേഹം ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്നത്. 'ന്യുജനറേഷന്‍ ഹിമാലയന്‍ 450-ക്ക് 2 തംബ്‌സ് അപ്പ്. ഞാനൊരു വിദഗ്ധനല്ലെങ്കിലും ഇത് കൊള്ളാം. റൈഡിംഗ് വൈദഗ്ധ്യം കുറഞ്ഞ എന്നെ പുഴകളും മലകളും താണ്ടാന്‍ പ്രാപ്തനാക്കുന്ന ഒരു ബൈക്ക്' എന്ന കിടുക്കാച്ചി കുറിപ്പുമടക്കമാണ് ഹിമാലയനെ കുറിച്ചുള്ള പോസ്റ്റ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ഇത് കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റര്‍ ക്രുണാല്‍ പാണ്ഡ്യയെടുത്ത റോയല്‍ എന്‍ഫീല്‍ഡ് ഷോട്ട്ഗണിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു. ഇവയ്ക്ക് പുറമെ മറ്റ് റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുമായുള്ള മറ്റൊരു ഫോട്ടോയും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. ക്രിക്കറ്റര്‍ ഷോട്ട്ഗണ്‍ 650, ഹണ്ടര്‍ 350, ക്ലാസിക് 350, ഹിമാലയന്‍ 452 എന്നിവയ്ക്ക് പിന്നില്‍ നില്‍ക്കുന്ന ഫോട്ടോയാണത്. ഒരു ചോയ്സ് നല്‍കിയാല്‍ നിങ്ങള്‍ ഏത് തിരഞ്ഞെടുക്കുമെന്നും തന്റെ ഫോളോവേഴ്‌സിനോടായി അദ്ദേഹം ചോദിക്കുന്നു.
ഈ പുതിയ പോസ്റ്റുകളിലൂടെ ജോണ്ടി റോഡ്‌സ് തന്റെ എന്‍ഫീല്‍ഡ് ബൈക്കുകളോടുള്ള പ്രേമം ഒരിക്കല്‍ കൂടി പരസ്യമാക്കുകയാണ്. ഇതിനോടകം രണ്ട് എന്‍ഫീല്‍ഡ് ബൈക്കുകള്‍ താരത്തിന് സ്വന്തമായുണ്ട്. ഡാപ്പര്‍ ഗ്രേ നിറത്തിലുള്ള ഹണ്ടര്‍ 350 ആണ് അതില്‍ ഒന്ന്. ഇത് കൂടാതെ ഒരു പ്രീ ഫെയ്‌സ്‌ലിഫ്റ്റ് ക്ലാസിക് 500 മോട്ടോര്‍സൈക്കിളും ഐക്കണിക് ഫീല്‍ഡറുടെ ഗരാജിലുണ്ട്. താരം ഈ മോട്ടോര്‍സൈക്കിളില്‍ സവാരി നടത്തുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ബൈക്കുകള്‍ മാത്രമല്ല മഹീന്ദ്രയുടെ XUV700 എസ്‌യുവിയും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു വാഹനമാണിയെതന്നും ദേശീയപാതകളില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ ഏറെ ഉപകാരപ്രദമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഏതായാലും ഹിമാലയനും ഷോട്ട്ഗണും ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ താരം അവ സ്വന്തമാക്കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഏതായാലും വരും ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെ അത് വെളിപ്പെടുത്തുമായിരിക്കും.


Click it and Unblock the Notifications








