അശ്രദ്ധയ്ക്ക് കൊടുക്കേണ്ടി വന്നത് 4 കുരുന്നുജീവൻ; കുട്ടികൾ കാറിൽ കുടുങ്ങിയാൽ ചെയ്യേണ്ടതിങ്ങനെ
ഒരു കാർ വാങ്ങുന്നത് കുടുംബത്തിൻ്റെ മുഴുവൻ സന്തോഷമാണ്. എന്നാൽ അതൊരു കൂട്ടവിലാപമായി മാറിയാൽ എന്തായിരിക്കും അവസ്ഥ. പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും എല്ലാം നമ്മൾ വായിക്കുന്നതാണ് ചെറിയ കുഞ്ഞുങ്ങൾ വാഹനത്തിൻ്റെ ഉളളിൽ പെട്ടുപോയതൊക്കെ. ഒരു നിമിഷത്തെ അശ്രദ്ധ മൂലമാണ് ഇതൊക്കെ സംഭവിക്കുന്നത്. ആന്ധ്രാപ്രദേശിൽ ഒരു കാറിൽ കുടുങ്ങി 4 കുഞ്ഞുങ്ങൾ മരിച്ചുവെന്ന വാർത്തയാണ് ഇന്ന് എല്ലാവരേയും സങ്കടത്തിലാഴ്ത്തിയത്. കുട്ടികൾ കാറിൽ കയറുമ്പോൾ നമ്മളെല്ലാവരും ശ്രദ്ധിക്കുന്ന കാര്യം വണ്ടിയിൽ താക്കോൽ ഉണ്ടോ എന്നാണ്. താക്കോൾ തിരിക്കാനുളള ത്വര അവർക്ക് വരും. എന്നാൽ പുറത്ത് കിടക്കുന്ന കാറിൽ കുട്ടികൾ താക്കോലുമായി കയറുന്നതാണ് പ്രശ്നം.
ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ ദ്വാരപുടി ഗ്രാമത്തിൽ ആയിരുന്നു സംഭവം. കുട്ടികളെ കാണാതായപ്പോൾ ഗ്രാമവാസികൾ എല്ലായിടത്തും തിരഞ്ഞു. പക്ഷേ കാറിൽ കുട്ടികൾ കുടുങ്ങി കിടക്കുന്നത് ആരും ശ്രദ്ധിച്ചില്ല. വീടിനടുത്ത് പാർക്ക് ചെയ്തിരുന്ന ഹ്യുണ്ടായി വെർണ കാറിൽ ആയിരുന്നു കുട്ടികൾ കുടുങ്ങിപോയത്. എന്നാൽ കുട്ടികളെ കണ്ടുവെങ്കിലും കാർ തുറക്കാന കാറിൻ്റെ താക്കോൾ കുട്ടികളുടെ കൈയിലായിരുന്നു. അവസാനം കാറിൻ്റെ ചില്ലുകൾ തകർത്താണ് കുട്ടികളെ പുറത്തെടുത്തത്.

കുട്ടികളുമായി കാറിൽ കയറുമ്പോഴും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. വാഹനത്തിൻ്റെ താക്കോൾ കുട്ടികളുടെ കൈയിൽ കിട്ടിയാൽ അവർക്ക് എന്തുചെയ്യണം എന്ന് അറിയില്ല അത് കൊണ്ട് തന്നെ അതിൽ അമർത്തിയാൽ വാഹനം ലോക്ക് ആകാനുളള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പാർക്ക് ചെയ്തിരിക്കുന്ന കാറിനുള്ളിലോ സമീപത്തോ ഒരിക്കലും കുട്ടികളെ തനിച്ചാക്കി പോകരുത്. അത് പോലെ തന്നെ നിങ്ങളുടെ കാർ എപ്പോഴും ലോക്ക് ചെയ്യുകയും താക്കോലുകൾ കുട്ടികൾക്ക് ലഭ്യമാകാതെ സൂക്ഷിക്കുകയും ചെയ്യുക.
നിങ്ങളുടെ വീട്ടിൽ വരുന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇത് ചെയ്യാൻ ആവശ്യപ്പെടാൻ മറക്കരുത്. കളിപ്പാട്ടങ്ങളായി ഉപയോഗിക്കാൻ നിങ്ങളുടെ കുട്ടിക്ക് താക്കോലോ കീ ഫോബോ നൽകരുത്. കാർ ഒരു കളിസ്ഥലമല്ലെന്നും ഒരിക്കലും അതിൽ തനിയെ പോകരുതെന്നും നിങ്ങളുടെ കുട്ടികളോട് പറഞ്ഞു മനസിലാക്കുക. അവർക്ക് കാറിൽ നിന്ന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, അവർ മുതിർന്നവരോട് ചോദിക്കണം. പിഞ്ചുകുഞ്ഞുങ്ങളെയും മുതിർന്ന കുട്ടികളെയും പുറത്തിറങ്ങാൻ കഴിയുന്നില്ലെങ്കിൽ കാറിൻ്റെ ഹോൺ മുഴക്കാനും നിങ്ങൾക്ക് പഠിപ്പിക്കാവുന്നതാണ്.
കുട്ടികളെ ഒറ്റയ്ക്ക് കാറിൽ കണ്ടാൽ എത്രയും പെട്ടെന്ന് പൊലീസിലോ ഫയർഫോഴ്സിലോ അറിയിക്കുക. അത് പോലെ കാർ അൺലോക്ക് ചെയ്‌തിരിക്കുകയാണെങ്കിൽ, കാറിൻ്റെ ഡോർ തുറന്ന് കുറച്ച് വായു ഉള്ളിലേക്ക് കടക്കുന്നത് പോലെ ഇടുക, പ്രത്യേകിച്ചും വെയിലത്താണ് വാഹനം പാർക്ക് ചെയ്തിരിക്കുന്നതെങ്കിൽ. കുട്ടിക്ക് അസുഖം തോന്നുകയോ അനക്കമില്ലെങ്കിലോ, കുട്ടിയെ കാറിൽ നിന്ന് തണലിലേക്കോ എയർ കണ്ടീഷനിംഗിലേക്കോ മാറ്റുക, കാർ ലോക്ക് ചെയ്‌തിരിക്കുകയും കുട്ടിക്ക് അസുഖം തോന്നുകയോ അനങ്ങാതിരിക്കുകയോ ചെയ്‌താൽ, ഗ്ലാസ് പൊട്ടിക്കുന്നത് തന്നെയാണ് നല്ലത്.
കുട്ടിയുടെ ജീവനേക്കാൾ വലുതലല്ലോ ഒരു ഡോർ ഗ്ലാസ്. പല മാതാപിതാക്കൾക്കും സംഭവിക്കുന്ന മറ്റൊരു കാര്യമാണ് കുട്ടികൾ വാഹനത്തിൽ ഇല്ലെന്ന് കരുതി ലോക്ക് ചെയ്തിട്ട് പോകുന്നത്. തിരക്കിട്ട ജോലി കാരണം പലപ്പോഴും മറക്കും. അത്തരത്തിൽ കുട്ടികളെ കാറിൽ ലോക്ക് ചെയ്താൽ കുട്ടികൾക്ക് ഹീറ്റ് സ്ട്രോക്ക് സംഭവിക്കും. ഒരു കാറിനുള്ളിലെ താപനില വെറും 10 മിനിറ്റിനുള്ളിൽ 20 ഡിഗ്രിയും ഒരു മണിക്കൂറിൽ 40 ഡിഗ്രിയും വർദ്ധിക്കും. കാറിനുള്ളിൽ അപകടകരമാകാൻ പുറത്ത് ചൂട് ഉണ്ടാകണമെന്നില്ല. മുതിർന്നവരുടെ ശരീരത്തേക്കാൾ മൂന്നോ അഞ്ചോ മടങ്ങ് വേഗത്തിൽ കുട്ടിയുടെ ശരീരം ചൂടാകുന്നു.
അത് പോലെ തന്നെ കുട്ടികളുളള വീടുകളിൽ വാഹനം പിന്നോട്ടെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. പലപ്പോഴും കേൾക്കുന്ന വാർത്തയാണ് പിന്നോട്ടെടുത്ത വാഹനം കുഞ്ഞിനെ തട്ടിയെന്ന്. വാഹനം മുന്നോട്ടോ പിന്നോട്ടോ എടുക്കുന്നതിന് മുൻപ് വാഹനത്തിന് ചുറ്റും നടന്ന് കുട്ടികളാരും ഇല്ല എന്ന് ഉറപ്പ് വരുത്തണം. ചെറിയ അശ്രദ്ധ കൊണ്ട് ജീവിതകാലം മുഴുവൻ സങ്കടപെടാനുളള അവസ്ഥ ഉണ്ടാകരുത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








