നയാ പൈസ ചെലവില്ലാതെ നാടു ചുറ്റാം; പൊതു ഗതാഗതം സൗജന്യമാക്കി ഒരു രാജ്യം
റോഡ് തിരക്കും മലിനീകരണവും പരിഹരിക്കുന്നതിനും കുറഞ്ഞ വരുമാനക്കാരെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമമായി സർക്കാർ ട്രെയിനുകൾ, ട്രാമുകൾ, ബസുകൾ എന്നിവയുടെ യാത്ര നിരക്ക് ശനിയാഴ് മുതൽ ലക്സംബർഗിൽ നിർത്തലാക്കി.

ചെറുതും സമ്പന്നവുമായ ലക്സംബർഗ് എന്ന ഈ യൂറോപ്യൻ രാജ്യത്ത് പൊതുഗതാഗതത്തെക്കുറിച്ചുള്ള എല്ലാ സ്റ്റാൻഡേർഡ് ക്ലാസ് യാത്രകളും ഇപ്പോൾ സൗജന്യമാണ്.

ഇതിന് മുമ്പ് 440 യൂറോ (485 ഡോളർ) വിലയുള്ള അടിസ്ഥാന വാർഷിക പാസുമായി താരതമ്യം ചെയ്യുമ്പോൾ, യാത്രക്കാർക്ക് ഇപ്പോൾ ഒന്നാം ക്ലാസ്സ് യാത്രയ്ക്ക് പ്രതിവർഷം 660 യൂറോയേ ചിലവ് വരുന്നുള്ളൂ.

കുറഞ്ഞ വരുമാനമോ മിനിമം വേതനമോ ഉള്ളവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഗൗരവമുള്ളതും, സഹായകവുമായ ഒരു തീരുമാനമാണെന്ന് ഗതാഗത മന്ത്രി ഫ്രാങ്കോയിസ് ബൗഷ് റോയിട്ടേഴ്സിനോട് പറഞ്ഞു.

മെച്ചപ്പെട്ട യാത്ര നിലവാരം പുലർത്തുക എന്നതാണ് പ്രധാന ലക്ഷ്യം എന്നും, പാർശ്വഫലവും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെ മറ്റൊരു കാരണം എന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

ലക്സംബർഗിൽ വെറും 600,000 നിവാസികളാണുള്ളത്, എന്നാൽ അയൽരാജ്യമായ ജർമ്മനി, ബെൽജിയം, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് പ്രതിദിനം 214,000 പേർ ജോലിക്കായി ഇവിടെ എത്തുന്നു.

ഇവരിൽ ഭൂരിഭാഗം തൊഴിലാളികളും കാറിൽ യാത്ര ചെയ്യുന്നതിനാൽ കനത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ലക്സംബർഗിലെ ഹരിതഗൃഹ വാതക ഉദ്‌വമനത്തിൽ പകുതിയിലധികവും വാഹനങ്ങളിൽ നിന്ന് പുറംതള്ളുന്ന പുകയാണ്.

ഒരു ഹോട്ടൽ ഗ്രൂപ്പിലെ സെയിൽസ് മാനേജറായ അലക്സാണ്ടർ ടർക്വിയ തലസ്ഥാനമായ ലക്സംബർഗ് സിറ്റിയിലേക്ക് ഒരു അയൽ ഗ്രാമത്തിൽ നിന്നാണ് ജോലിക്ക് എത്തുന്നത്. യാത്രയ്ക്ക് 30 മിനിറ്റ് സമയം എടുക്കും, പക്ഷേ ട്രാഫിക് കൂടുതലായാൽ ഇത് ഒരു മണിക്കൂർ വരെ നീണ്ടുപോകാം. എന്നിട്ടും, തന്റെ കാറാണ് യാത്രക്കായുള്ള മികച്ച ഓപ്ഷൻ എന്ന് അദ്ദേഹം പറയുന്നു.

വിദൂരത്തുള്ള ഉപഭോക്താക്കളെ സന്ദർശിക്കേണ്ട ഒരു ദിവസമാണെങ്കിൽ, ഞാൻ തീർച്ചയായും എന്റെ കാർ എടുക്കും എന്ന് അദ്ദേഹം പറയുന്നു.

എന്നാൽ ആമസോണിലെ ജോലിക്കാരിയായ മിയ മേയർ ഇതിനകം തന്നെ ജോലിക്ക് കാർ ഡ്രൈവ് ചെയ്തു പോകുന്നതിൽ നിന്ന് മാറി, സമയവും പണവും ലാഭിക്കാൻ ബസിൽ സഞ്ചരിക്കാൻ തുടങ്ങി.

നഗര കേന്ദ്രത്തിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടയിൽ ട്രാഫിക്കിൽ കുടുങ്ങുന്നതും ചിലപ്പോൾ അവിടെ നിന്ന് രക്ഷപെടാൻ 45-50 മിനിറ്റ് എടുക്കുന്നതുമായ അനുഭവം തനിക്ക് ദിവസേന അനുഭവിച്ചിരുന്നു. ലക്സംബർഗ് സിറ്റി ഒരു വലിയ സ്ഥലമല്ല, എന്നാൽ ട്രാഫിക്ക് ഡ്രൈവിംഗ് സമയം വളരെ നീട്ടുന്നു എന്ന് മിയ പറഞ്ഞു.

നിരവധി യാത്രക്കാരെ നേരിടാൻ, 2018 മുതൽ 2028 വരെ 3.9 ബില്യൺ യൂറോ റെയിൽവേയിൽ നിക്ഷേപിക്കാനും ബസ് ശൃംഖല നവീകരിക്കാനും അതിർത്തിയിൽ കൂടുതൽ പാർക്ക് ആൻഡ് റൈഡ് സൈറ്റുകൾ ഉണ്ടാക്കാനും ലക്സംബർഗ് പദ്ധതിയിടുന്നു.

ഈ നിക്ഷേപങ്ങൾക്കിടയിലും, 2025 -ൽ 65 ശതമാനം യാത്രക്കാർ ഇപ്പോഴും കാറിൽ ജോലിക്ക് പോകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. 2017 -ലെ 73 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ അൽപ്പം കുറവാണിത്. സൗജന്യമായ ഗതാഗതം ആരംഭിക്കുന്ന ആദ്യത്തെ രാജ്യമാണ് ലക്സംബർഗ്, പക്ഷേ എസ്റ്റോണിയൻ തലസ്ഥാനമായ ടാലിൻ ഉൾപ്പെടെ ചില നഗരങ്ങളും ഈ ആശയം പരീക്ഷിച്ചു വരികയാണ്.


Click it and Unblock the Notifications