Hilux മുതൽ Rumion വരെ; അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെത്താനൊരുങ്ങുന്ന 10 Toyota കാറുകൾ
ഇന്ത്യൻ വിപണിയിൽ ടൊയോട്ട തങ്ങളുടെ മോഡൽ നിര വിപുലീകരിക്കുന്നതിനായി കൂടുതൽ വാഹനങ്ങൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

അർബൻ ക്രൂയിസറിന്റെയും ഗ്ലാൻസയുടെയും മൊത്തം ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതായി ടൊയോട്ട അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ പുറത്തിറങ്ങുന്ന 10 ടൊയോട്ട വാഹനങ്ങൾ ഇതാ.

ടൊയോട്ട ഹൈലക്സ്
ടൊയോട്ട ഇതിനകം തന്നെ ഹൈലക്സിന്റെ ഔദ്യോഗിക ബുക്കിംഗ് രാജ്യത്ത് തുറന്നിട്ടുണ്ട്, കൂടാതെ കമ്പനി പുതിയ ലൈഫ്‌സ്‌റ്റൈൽ പിക്ക്-അപ്പ് ട്രക്കും ഇന്ത്യയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. രണ്ട് വേരിയന്റുകളിലും ഒരു ഡീസൽ എൻജിനിലും ഇത് ലഭ്യമാണ്.

204 bhp പരമാവധി കരുത്തും 500 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 2.8 ലിറ്റർ ഡീസൽ എഞ്ചിനാണിത്. ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് വാഗ്ദാനം ചെയ്യും. ഹൈലക്‌സിന്റെ വില ടൊയോട്ട മാർച്ചിൽ പ്രഖ്യാപിക്കും.

ടൊയോട്ട D22
നിലവിൽ ബ്രാൻഡ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ മിഡ് സൈസ് എസ്‌യുവിയാണ് D22. മാരുതി സുസുക്കിയുമായി സഹകരിച്ചാണ് ഇത് വികസിപ്പിക്കുന്നത്.

ഈ വർഷം അവസാനത്തോടെ ഇത് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്തിലെ ടൊയോട്ടയുടെ പ്ലാന്റിലായിരിക്കും D22 നിർമ്മിക്കുക. പെട്രോൾ എഞ്ചിനുമായി ഘടിപ്പിച്ച ശക്തമായ ഹൈബ്രിഡ് സംവിധാനമാണ് ഇതിന് കരുത്തേകുന്നത്.

ടൊയോട്ട C എംപിവി
ടൊയോട്ട പുതിയ C സെഗ്‌മെന്റ് എംപിവിയുടെ വികസനം ആരംഭിച്ചു. ഇതിന് 560B എന്ന കോഡ് നേയിം നൽകിയിരിക്കുന്നു, ഇത് D22 മിഡ്-സൈസ് എസ്‌യുവിക്ക് ശേഷം പുറത്തിറക്കും. അതിനാൽ, 2023-ൽ ഇത് എപ്പോഴെങ്കിലും ലോഞ്ച് ചെയ്തേക്കാം.

ഇത് കിയ കാരെൻസിനും ഹ്യുണ്ടായി അൽകസാറിനും എതിരായായിരിക്കും. ശക്തമായ ഹൈബ്രിഡ് സംവിധാനമുള്ള പെട്രോൾ എഞ്ചിൻ ആയിരിക്കും പുതിയ ടൊയോട്ട എംപിവിയിൽ ഡ്യൂട്ടി ചെയ്യുന്നത്.

ടൊയോട്ട ലാൻഡ് ക്രൂയിസർ 300
കഴിഞ്ഞ വർഷം ടൊയോട്ട പുതിയ 300 തലമുറ ലാൻഡ് ക്രൂയിസർ ആഗോള വിപണിയിൽ പുറത്തിറക്കി, അത് വൻ വിജയമായിരുന്നു. ടൊയോട്ട തങ്ങളുടെ മുൻനിര എസ്‌യുവി അടുത്ത വർഷം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ലാൻഡ് ക്രൂയിസറിന് ഇതിനകം നാല് വർഷത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ട്, അതിനാൽ നിർമ്മാതാക്കൾക്ക് ആദ്യം അത് ക്രമീകരിക്കേണ്ടതുണ്ട്.

ടൊയോട്ട എസ്‌യുവി കൂപ്പെ
വിറ്റാര ബ്രെസയ്ക്ക് താഴെയുള്ള ഒരു പുതിയ കൂപ്പെ എസ്‌യുവിയുടെ നിർമ്മാണത്തിലാണ് മാരുതി സുസുക്കി. ഇത് YTB എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്നു.

കൂടാതെ ബലേനോ പ്രീമിയം ഹാച്ച്ബാക്കുമായി നിരവധി അണ്ടർ പിന്നിംഗുകൾ ഇത് പങ്കിടും. ഇതേ കോംപാക്ട് എസ്‌യുവിയുടെ പതിപ്പ് ടൊയോട്ടയും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടൊയോട്ടയുടെ എസ്‌യുവി കൂപ്പെ 2023 -ൽ വിപണിയിൽ എത്തും.

ടൊയോട്ട RAV4
RAV4 എസ്‌യുവിയുടെ നിരവധി ടെസ്റ്റ് മ്യൂളുകൾ ഇന്ത്യൻ റോഡുകളിൽ പരീക്ഷണയോട്ടം നടത്തുന്നത് കണ്ടെത്തിയിട്ടുണ്ട്. CBU റൂട്ടിലൂടെ ഇന്ത്യൻ വിപണിയിൽ RAV4 അവതരിപ്പിക്കാൻ ടൊയോട്ട ആലോചിക്കുന്നതായി കഴിഞ്ഞ വർഷം വാർത്തകളുണ്ടായിരുന്നു.

ഹൈബ്രിഡ് സിസ്റ്റവുമായി ഘടിപ്പിച്ച 2.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് ഇത് വരുന്നത്. എസ്‌യുവിയുടെ എക്സ്-ഷോറൂം വില ഏകദേശം 60 ലക്ഷം രൂപയായിരിക്കാം.

ടൊയോട്ട ബെൽറ്റ
മാരുതി സുസുക്കി സിയാസിനെ ടൊയോട്ട റീബാഡ് ചെയ്യുകയും അന്താരാഷ്ട്ര വിപണിയിൽ വിൽക്കുകയും ചെയ്യുന്നു. നിർമ്മാതാക്കൾ ഈ മോഡലിനെ ബെൽറ്റ എന്ന പേരിൽ ഇന്ത്യൻ വിപണിയിലും കൊണ്ടുവരാൻ ഒരുങ്ങുകയാണ്.

ബ്രാൻഡ് ഇതിനകം തന്നെ നെയിംപ്ലേറ്റിനായി ഒരു ട്രേഡ്മാക്ക് ഫയൽ ചെയ്തിട്ടുണ്ട്. യാരിസ് സെഡാൻ ടൊയോട്ട പിൻവലിച്ചിരുന്നു അതിനാൽ, ജാപ്പനീസ് നിർമ്മാതാക്കളുടെ പോർട്ട്‌ഫോളിയോയിൽ യാരിസിനെ ബെൽറ്റ മാറ്റിസ്ഥാപിക്കും.

ടൊയോട്ട റൂമിയോൺ
ടൊയോട്ട എർട്ടിഗയേയും റീബാഡ് ചെയ്ത് ദക്ഷിണാഫ്രിക്കൻ വിപണിയിൽ വിൽക്കാൻ തുടങ്ങിയിട്ടുണ്ട്. ഏഴ് സീറ്റുള്ള എംപിവി താമസിയാതെ ഇന്ത്യയിലേക്കും എത്താം. രാജ്യത്ത് ഇന്നോവ ക്രിസ്റ്റയ്ക്ക് താഴെയാകും ഇത് സ്ഥാനം പിടിക്കുക.

ടൊയോട്ട അർബൻ ക്രൂയിസർ ഫെയ്‌സ്‌ലിഫ്റ്റ്
മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ ഫെയ്‌സ്‌ലിഫ്റ്റിനായി പ്രവർത്തിക്കുന്നു. അർബൻ ക്രൂയിസർ ഇതേ കോംപാക്റ്റ് എസ്‌യുവിയുടെ റീബാഡ്ജ് ചെയ്ത ടൊയോട്ട പതിപ്പാണ്. അതിനാൽ, മാരുതി ബ്രെസയെ അപ്‌ഡേറ്റ് ചെയ്താൽ ടൊയോട്ടയ്ക്കും അർബൻ ക്രൂയിസറിനെ അപ്‌ഡേറ്റ് ചെയ്യേണ്ടിവരും. മാരുതി ബ്രെസയിൽ വരുത്തുന്ന മാറ്റങ്ങൾ അർബൻ ക്രൂയിസറിലേക്കും കൈമാറും.

ടൊയോട്ട ഗ്ലാൻസ ഫെയ്‌സ്‌ലിഫ്റ്റ്
ഫെബ്രുവരിയിൽ മാരുതി ബലേനോ പ്രീമിയം ഹാച്ച് അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ്. അതിനാൽ, റീബാഡ് ചെയ്‌ത ബലെനോയായ ഗ്ലാൻസയിലും ഇതേ അപ്‌ഡേറ്റുകൾ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ബലേനോയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ട്, അവയെല്ലാം ഗ്ലാൻസയിലേക്ക് ക്യാറി ഫോർവേഡ് ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications