ഈ നഗരത്തില്‍ ഫുള്‍ ഫെയ്‌സ് ഹെല്‍മെറ്റുകള്‍ക്ക് നിരോധനം! വിചിത്രമായ കാരണം എന്തെന്നറിയണോ?
ജീവനും കൊണ്ടുള്ള പ്രയാണമാണ് ഇരുചക്ര വാഹന യാത്രയെന്ന് പൊതുവേ
പറയാറുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം പൗരന്‍മാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഭരണകൂടങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ കൊണ്ടുവരുന്നു. കൂടുതല്‍ സര്‍ക്കാറുകളും ഇരുചക്ര വാഹനങ്ങള്‍ക്ക് സേഫ്റ്റി ഗിയറുകള്‍ നിര്‍ബന്ധമാക്കുന്നു. അതില്‍ സുപ്രധാനമായ ഒന്നാണ് ഹെല്‍മെറ്റ് (Helmet).
അപകടമുണ്ടായാല്‍ ബൈക്ക് യാത്രികന് കൂടുതല്‍ സംരക്ഷണം ആവശ്യമാണ്. അപകടങ്ങള്‍ മൂലം തലക്കേല്‍ക്കുന്ന ക്ഷതങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ ഹെല്‍മെറ്റ് കൊണ്ട് സാധിക്കുന്നു. മാത്രമല്ല ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ അനന്തരഫലങ്ങള്‍ കൂടുതല്‍ ഗുരുതരമാണെന്നും ഉദാഹരണങ്ങളില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍ ബൈക്ക് ഓടിക്കുന്നവരും പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കുന്നത് നമ്മുടെ നാട്ടില്‍ നിര്‍ബന്ധമാണ്.

തലയുടെ പൂര്‍ണമായ സംരക്ഷണത്തിനായി ഫുള്‍ഫെയ്‌സ് ഹെല്‍മെറ്റുകള്‍ (Full Face Helmets) ധരിക്കുന്നതാണ് ഉത്തമമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. അധികാരികളും ഫുള്‍ഫെയ്‌സ് ഹെല്‍മെറ്റാണ് പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ വളരെ വിചിത്രമെന്നോണം ഒരു നഗരത്തില്‍ ഇപ്പോള്‍ ഫുള്‍ഫെയ്‌സ് ഹെല്‍മെറ്റുകളുടെ ഉപയാഗം നിരോധിച്ചിരിക്കുകയാണ്. ഏതാണ് ആ നഗരമെന്നും എന്തുകൊണ്ടാണ് ഫുള്‍ഫെയ്‌സ് ഹെല്‍മെറ്റുകളുടെ ഉപയോഗം വിലക്കിയതെന്നുമടക്കമുള്ള കാര്യങ്ങള്‍ ചുവടെ വിശദീകരിക്കാം.
ഫിലിപ്പൈന്‍സിലെ വെസ്റ്റേണ്‍ വിസയാസ് മേഖലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്. ബക്കോലോഡ് സിറ്റിയിലാണ് ഫുള്‍ ഫെയ്സ് മോട്ടോര്‍സൈക്കിള്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നത്. ഫെബ്രുവരി 27-ന് ഈ നഗരത്തില്‍ അടുത്തിടെ നടന്ന ഗ്രനേഡ് ആക്രമണത്തിന്റെ അടിസ്ഥാനത്തിലാണ് മുനിസിപ്പാലിറ്റി അധികൃതര്‍ ഫുള്‍ ഫെയ്‌സ് ഹെല്‍മെറ്റ് വിലക്കിയത്. ഫുള്‍ ഫെയ്സ് ഹെല്‍മറ്റ് ധരിച്ച ഒരാള്‍ നഗരത്തിലെ തിരക്കേറിയ പ്രദേശത്ത് ഗ്രനേഡ് എറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. മാത്രമല്ല ഒന്നിലേറെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഗ്രനേഡ് എറിഞ്ഞയാള്‍ തന്നെ മനസ്സിലാകാതിരിക്കാനാണ് മുഖം മൊത്തം മറയുന്ന ഫുള്‍ ഫെയ്‌സ് ഹെല്‍മെറ്റ് ധരിച്ചെത്തിയത്. എന്നിരുന്നാലും പൊലീസ് വിദഗ്ധമായി ഇയാളെ വലയിലാക്കിയിട്ടുണ്ട്.
ആക്രമണത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ അരങ്ങേറുന്നത് തടയാന്‍ വേണ്ടിയാണ് മുനിസിപാലിറ്റി ഭരണകൂടം ഒരുപടി കടന്നുള്ള കടുത്ത തീരുമാനം കൈകൊണ്ടത്.
ആക്രമണത്തിന്‍േറ പിറ്റേദിവസം മുതലാണ് നഗര പരിധിക്കുള്ളില്‍ ഫുള്‍ ഫെയ്സ് ഹെല്‍മെറ്റുകള്‍ നിരോധിച്ചുകൊണ്ട് സിറ്റി ഗവണ്‍മെന്റ് എക്സിക്യൂട്ടീവ് ഓര്‍ഡര്‍ 86 പുറപ്പെടുവിച്ചത്.ഹെല്‍മെറ്റ് നിരോധനം കൂടാതെ മറ്റ് ചില മുന്‍കരുതല്‍ നടപടികളും ഭരണകൂടം കൈകൊണ്ടിട്ടുണ്ട്. നഗരത്തില്‍ മോട്ടോര്‍സൈക്കിളുകളുടെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ ആയി കുറച്ചതാണ് അതില്‍ ഒന്ന്. മാത്രമല്ല നഗരത്തിലുള്ള പൊലീസ് വിന്യാസം ഉയര്‍ത്തുകയും ചെയ്തു.

നഗരത്തിലെ മോട്ടോര്‍ സൈക്കിള്‍ റൈഡര്‍മാര്‍ക്ക് ഇപ്പോള്‍ ഓപ്പണ്‍ ഫെയ്സ് അല്ലെങ്കില്‍ ത്രീ-ക്വാര്‍ട്ടര്‍ ഹെല്‍മെറ്റുകള്‍ ആണ് ഉപയോഗിക്കാന്‍ സാധിക്കുക. ഫുള്‍ ഫേസ് ഹെല്‍മെറ്റുകള്‍ ഇഷ്ടപ്പെടുന്ന ധാരാളം മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ ഫിലിപ്പീന്‍സിലും കാണും. കാടടച്ചുള്ള വെടിവെപ്പായി ഇതിനെ കണക്കാക്കുന്ന ഒത്തിരി പേര്‍ ഉണ്ടാകും. എന്നാല്‍ ദേശസുരക്ഷയെ ബാധിക്കുന്ന ഒന്നായതിനാല്‍ ഇതിനെ കുറിച്ച് വ്യക്തമായ അഭിപ്രായം പറയാനും സാധിക്കില്ല.
ഇന്ത്യയിലെ പോലെ തന്നെ ഫിലിപ്പീന്‍സിലും ഡെലിവറി സര്‍വീസുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരുചക്ര വാഹനങ്ങളാണ് ഉപയോഗിച്ച് വരുന്നത്. കാലാകാലങ്ങളായി ഇവിടെയും ഗതാഗത നിയമങ്ങളും പരിഷ്‌കരിക്കാറുണ്ട്. അതിന്റെ ഭാഗമായി അടുത്തിടെ മുന്‍വശത്ത് നമ്പര്‍പ്ലേറ്റ് പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. മാത്രമല്ല പരിശോധനകള്‍ക്കായി പൊലീസ് ചെക്കിംഗ് കര്‍ശനമാക്കുന്ന നടപടിയും അവര്‍ സ്വീകരിച്ചു. ഏതായാലും റോഡ് സുരക്ഷയുടെ ഭാഗമായി എല്ലായിടത്തും ഫുള്‍ഫെയ്‌സ് ഹെല്‍മെറ്റുകള്‍ നിര്‍ബന്ധമാക്കുന്ന സമയത്ത് ഫിലിപ്പീന്‍സില്‍ അവ നിരോധിച്ച സംഭവം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്.
നഗരത്തിലെ റൈഡര്‍മാര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന കാര്യം ഇതുവരെ അറിവായിട്ടില്ല. ഏതായാലും ഫുള്‍ ഫെയ്സ് ഹെല്‍മെറ്റുകള്‍ നിരോധിച്ച ഫിലിപ്പീന്‍സിലെ ഈ ഒരു നഗര ഭരണകൂടത്തിന്റെ ഉത്തരവിനെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു?. ഗ്രനേഡ് ആക്രമണം നടന്ന പശ്ചാത്തലത്തില്‍ ഫുള്‍ ഫെയസ് ഹെല്‍മെറ്റുകള്‍ മൊത്തത്തില്‍ നിരോധിക്കുകയായിരുന്നോ വേണ്ടത്. അല്ലെങ്കില്‍ വേറെ എന്തെങ്കിലും പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നോ?. അഭിപ്രായങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. മാന്യ വായനക്കാര്‍ കമന്റ് ബോക്‌സിലൂടെ അവ ഞങ്ങളെ എഴുതി അറിയിക്കുമല്ലോ.


Click it and Unblock the Notifications








