ഫീച്ചേഴ്സും സേഫ്റ്റിയും മുഖ്യം, വാഹന വിപണിയുടെ ഭാവി എന്താണെന്ന് അറിയാമോ
പണ്ടൊക്കെ ഒരു കാർ വാങ്ങുക എന്നതിൻ്റെ പ്രധാന ഉദ്ദേശം യാത്ര ചെയ്യുക എന്നതാണ്. എന്നാൽ ഇപ്പോഴത് ടെക്നോളജികൾക്ക് വഴിമാറിയിരിക്കുകയാണ്. കാറിനെ ഒരു യാത്രാ ഉപാധി എന്നതിനപ്പുറം കണക്റ്റിവിറ്റി ഫീച്ചേഴ്സുകൾക്ക് പ്രാധാന്യം കൂടുതൽ നൽകുന്നു എന്ന് വേണം മനസിലാക്കാൻ. വാഹനങ്ങളിലെ കണക്ടിവിറ്റി ഫീച്ചേഴ്സുകൾ എന്ന് പറഞ്ഞാൽ നാവിഗേഷൻ, സ്‌മാർട്ട് ആക്‌സസ് എന്നിവയൊക്കെയാണ്. ഇതെല്ലാം ഇപ്പോഴുളള കാറുകളിൽ സ്റ്റാൻഡേർഡായി ലഭിക്കുന്നുമുണ്ട്. അവയെ കുറിച്ച് കൂടുതലായി ഒന്നറിഞ്ഞാലോ.
ഓരോ ദിവസവും വികസിച്ചുകൊണ്ടിരിക്കുന്ന ഡ്രൈവിംഗ് അനുഭവം ഓട്ടോമോട്ടീവ് വ്യവസായത്തിൻ്റെ പുതിയ മാറ്റങ്ങളുടെ പ്രതീകമാണ്. 2025 ഓടെ റോഡുകളിലെ 25 ശതമാനത്തോളം കാറുകളും തമ്മിൽ ബന്ധിപ്പിക്കപ്പെടുമെന്ന തരത്തിലുളള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അടുത്ത പ്രധാന മേഖലയെന്ന് പറയുന്നത് നിങ്ങളുടെ വാഹനത്തെ സ്‌മാർട്ട്‌ഫോണുമായി കണക്ട് ചെയ്യുക എന്ന സംവിധാനം ഉപഭോക്താക്കളിൽ ഏറ്റവും ആവശ്യപ്പെടുന്ന ഫീച്ചറുകളിൽ ഒന്നായി മാറിയിരിക്കുകയാണ്.

2023 ൻ്റെ ആദ്യ പാദത്തിൽ തന്നെ ഇന്ത്യയുടെ മൊത്തത്തിലുള്ള കണക്റ്റഡ് വാഹന സാങ്കേതികവിദ്യ 60 ശതമാനത്തിലധികം വളർന്നുവെന്നത് ശ്രദ്ധേയമാണ്. പുതിയ ഡിജിറ്റൽ യുഗത്തിൽ ഉപഭോക്താക്കൾ തങ്ങളുടെ വാഹനങ്ങൾ അവർക്ക് സൗകര്യവും സൗകര്യവും മാത്രമല്ല സുരക്ഷയും നൽകുന്ന ഏറ്റവും പുതിയ ഫീച്ചറുകൾ ഡിമാൻഡ് ചെയ്യുന്നുണ്ട്. കാരണം ഒരു സ്മാർട്ട്ഫോണിന് ഒരു സേഫ്റ്റി കീ ആയി മാറാൻ കഴിയും. സ്‌മാർട്ട്‌ഫോണിൻ്റെ കൃത്യമായ ലൊക്കേഷൻ നിർണ്ണയിച്ചുകഴിഞ്ഞാൽ, അംഗീകൃത സ്മാർട്ട്‌ഫോണുമായി ഇടപഴകാതെ തന്നെ വാഹനം അൺലോക്ക് ചെയ്യാനും എഞ്ചിൻ സ്റ്റാർട്ട് ചെയ്യാനും സാധിക്കും.
ഇപ്പോഴിറങ്ങുന്ന എല്ലാ വാഹനങ്ങളിലും ഫീച്ചേഴ്സ കുത്തിനിറച്ചില്ലെങ്കിൽ ഉപഭോക്താക്കൾക്ക് താൽപ്പര്യം കാണില്ല എന്നതാണ് തമാശ, അതിന് ഉദാഹരണമാണല്ലോ സൺറൂഫ്. ഇന്ത്യൻ കാലാവസ്ഥയിൽ ഒരിക്കലും ആവശ്യമില്ലാത്ത ഒരു ഫീച്ചറാണ് സൺറൂഫ് എന്നത്. എന്നാൽ ഒരു ഷോറൂമിൽ ചെന്ന് വാഹനം പരിശോധിക്കുമ്പോൾ ആവശ്യമില്ലെങ്കിൽ പോലും എക്സിക്യുട്ടീവിനോട് വാഹനത്തിന് സൺറൂഫ് ഇല്ല അല്ലേ എന്ന് ചോദിക്കുന്നത് ഒരു ഫാഷനാണ്.

ഫീച്ചറുകളുടെ അതിപ്രസരം കാണണമെങ്കിൽ കിയ, ഹ്യുണ്ടായി കാറുകളാണ് ഇവയിൽ മുന്നിൽ തന്നെ നിൽക്കുന്നത്. ലെവൽ ടു അഡാസ് വരെ ഇപ്പോഴത്തെ വാഹനങ്ങളിലുണ്ട്. ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ വാഹനത്തെ പറ്റിയുളള ആളുകളുടെ പ്രാധാന്യം മാറിയിരിക്കുകയാണ്. കാറുകളിൽ മാത്രമല്ല ഇരുചക്ര വാഹനങ്ങളിലും കസ്റ്റമേഴ്സ് കണക്ടഡ് ഫീച്ചറുകൾ ആവശ്യപ്പെടുന്നത് പുതുമയുളള കാര്യമല്ലാതായിരിക്കുകയാണ്.
മറ്റൊരു പ്രധാന കാര്യം എന്ന് പറയുന്നത് സംവിധാനങ്ങളും ഫീച്ചറുകളും കൂടുമ്പോൾ അത് ദുരുപയോഗം ചെയ്യുന്ന പ്രവണതകളും കൂടാനുളള സാധ്യതയുണ്ട് എന്ന കാര്യം ചിലപ്പോഴൊക്കെ മറക്കുന്നു. ഓട്ടോമോട്ടീവ് നിർമ്മാതാക്കൾ സൈബർ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സമയബന്ധിതമായ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ നൽകിക്കൊണ്ട് വാഹനങ്ങളെ കൂടുതൽ സുരക്ഷിതമാക്കാനും ലക്ഷ്യമിടുന്നു എന്നത് സ്വീകാര്യമായ കാര്യമാണ്. അത് കൊണ്ട് തന്നെ കണക്റ്റിവിറ്റിയുടെ ഈ കാലഘട്ടത്തിൽ സുരക്ഷയ്ക്കും വലിയ പ്രാധാന്യമുണ്ട്.
ഒരുപാട് ടെക്നോളജികൾ വർധിക്കുമ്പോൾ മോഷണവും ഹാക്കിങ്ങും പോലെയുളള വലിയ പ്രതിസന്ധികളും നേരിടേണ്ടതായി വരാറുണ്ട്. വിദേശരാജ്യങ്ങളിൽ പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില ബ്രാൻഡുകളുടെ വാഹനം മോഷ്ടിക്കാൻ എളുപ്പമാണ് എന്ന തരത്തിലായിരുന്നു പുറത്തു വന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്. യുവാക്കൾ യുഎസ്ബി കോർഡ് ഉപയോഗിച്ച് വരെ വാഹനങ്ങൾ മോഷ്ടിക്കുന്നതും ഓടിക്കുന്നതും ടിക് ടോക്കിൽ വൈറലായിരുന്നു.
അമേരിക്കയിൽ മോഷ്ടിക്കപ്പെടുന്ന ഈ കാറുകളിൽ ഭൂരിഭാഗവും മോഷണം തടയാൻ സഹായിക്കുന്ന ഇലക്ട്രോണിക് ഇമോബിലൈസർ ഘടിപ്പിച്ചിട്ടില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.സ്ഥാപനത്തിൻ്റെ മുൻകാല പഠനങ്ങളിലൂടെ മനസിലാകുന്നത് ഇമ്മൊബിലൈസറുകൾ ഘടിപ്പിച്ചതിന് ശേഷം വാഹന മോഷണം ഒരുപാട് കുറഞ്ഞു. സാങ്കേതിക വിദ്യയുടെ ഈ കുതിച്ചു ചാട്ടം ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്ന് നിങ്ങൾക്ക് തോന്നുണ്ടോ,നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.


Click it and Unblock the Notifications








