നോ പാര്‍ക്കിംഗില്‍ കാര്‍ മോഷണം പോയാല്‍ ഇന്‍ഷൂറന്‍സ് കിട്ടുമോ? ഈ കോടതി വിധിയില്‍ ഉത്തരമുണ്ട്...
ലോകത്ത് ഏറ്റവും കൂടുതല്‍ വാഹന മോഷണങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വാഹനങ്ങള്‍ പെരുകുന്നതിന് അനുസരിച്ച് വാഹന മോഷണത്തിന്റെ എണ്ണവും കൂടുന്നു. വാഹനം മോഷണം പോയാല്‍ ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ല. ഒരു ചെറിയ പിഴവ് പോലും വര്‍ഷങ്ങളോളം കോടതികളിലും ഓഫീസുകളിലും കയറിയിറങ്ങേണ്ട സാഹചര്യം ക്ഷണിച്ചുവരുത്തും എന്നതിന് ഗാസിയാബാദില്‍ നിന്നുള്ള ഒരു ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. പുനീത് അഗര്‍വാള്‍ എന്നയാളുടെ മാരുതി സുസുക്കി ആള്‍ട്ടോ ഹാച്ച്ബാക്കാണ് 2003-ല്‍ ഹരിദ്വാറില്‍ വെച്ച് മോഷണം പോയത്. കുടുംബത്തോടൊപ്പം തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ആയിരുന്നു പുതിയ കാര്‍ മോഷ്ടാക്കള്‍ കവര്‍ന്നത്.
നീണ്ട 20 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ മോഷണം പോയ കാറിന്റെ ഇന്‍ഷൂറന്‍സ തുക അദ്ദേഹത്തിന് ലഭിച്ചു. എന്നാല്‍ ആ തുക കൊണ്ട് പഴയ കാര്‍ പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഗാസിയാബാദ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് കാര്‍ ഇന്‍ഷുറന്‍സിനായി 1.4 ലക്ഷം രൂപയും മാനസിക വിഷമത്തിനും നിയമപരമായ ചിലവുകള്‍ക്കുമായി 5,000 രൂപയും ചേര്‍ത്ത് മൊത്തം 1.45 ലക്ഷം രൂപ പുനീത് അഗര്‍വാളിന് നല്‍കാന്‍ ഉത്തരവിട്ടത്.

2003-ല്‍ വാങ്ങിയ കാറിന് 2025-ല്‍ ലഭിച്ച തുക കൊണ്ട് നല്ല സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ പോലും വാങ്ങാന്‍ കഴിയില്ല എന്നതാണ് സത്യം. ഈ സംഭവം ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ കാര്യത്തില്‍ വാഹന ഉടമകള്‍ എത്രത്തോളം ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണമെന്നാണ് നമുക്ക് കാണിച്ച് തരുന്നത്. സംഭവത്തെ കുറിച്ച് വിശദമായി പറഞ്ഞാല്‍ പുനീത് 2003 മാര്‍ച്ച് 10-നാണ് പുത്തന്‍ ആള്‍ട്ടോ വാങ്ങിയത്. അതെ ദിവസം തന്നെ 1.9 ലക്ഷം രൂപയ്ക്ക് വണ്ടി ഇന്‍ഷൂറന്‍സും ചെയ്തു.
2003 ഏപ്രില്‍ ആറിന് ഹരിദ്വാറിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഹര്‍ കി പൗഡിയില്‍ വെച്ച് കാര്‍ മോഷണം പോയി. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി.തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനിയെയും ബാങ്കിനെയും മോഷണ വിവരം അറിയിച്ചു. 2004 ജനുവരിയോടെ ഇന്‍ഷുറന്‍സ് ക്ലെയിമിനായുള്ള എല്ലാ രേഖകളും സമര്‍പ്പിച്ചു. എന്നാല്‍ കാര്‍ സംരക്ഷിക്കാന്‍ ശരിയായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും സുരക്ഷിതമല്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്തുവെന്നും ചൂണ്ടിക്കാട്ടി ഇന്‍ഷൂറന്‍സ് കമ്പനി ക്ലെയിം നിരസിച്ചു.

ഇത് അഗര്‍വാളിനെ നിരാശനാക്കിയെന്ന് പറയേണ്ടതില്ലെല്ലോ. തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനിക്ക് പലതവണ കത്തുകള്‍ അയച്ചെങ്കിലും യാതൊരു പ്രതികരണവും ലഭിക്കാത്തതിനെ തുടര്‍ന്ന് നിയമപരമായി മുന്നോട്ട് നീങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. ആദ്യം ഡിസിഡിആര്‍സിയിലാണ് പരാതി നല്‍കിയത്. ഈ കേസ് അവരുടെ പരിധിയില്‍ വരുന്നതല്ലെന്ന് പറഞ്ഞ് ഡിസിഡിആര്‍സി ഈ പരാതി തള്ളിക്കളഞ്ഞു. അവിടംകൊണ്ട് പിന്‍മാറാന്‍ ഒരുക്കമല്ലായിരുന്ന പുനീത് 2011-ല്‍ ലഖ്‌നോയിലെ സംസ്ഥാന കമ്മീഷനില്‍ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കി.
നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷം 2025 ഫെബ്രുവരിയില്‍ കേസ് വീണ്ടും പരിഗണിക്കാനായി ഗാസിയാബാദ് കമ്മീഷന് സംസ്ഥാന കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഏകദേശം 20 വര്‍ഷത്തിന് മുകളില്‍ നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ 2025 ജൂലൈയില്‍ ഗാസിയാബാദ് കമ്മീഷന്‍ അഗര്‍വാളിന് അനുകൂലമായി വിധി പ്രസ്താവിച്ചു. ഇന്‍ഷുറന്‍സ് തുകയുടെ 75 ശതമാനമായ 1.43 ലക്ഷം രൂപയും മാനസിക വിഷമത്തിനും കോടതി ചെലവുകള്‍ക്കായി 5,000 രൂപയും ചേര്‍ത്ത് മൊത്തം 1.48 ലക്ഷം രൂപ നല്‍കാനാണ് കമീഷന്‍ ഉത്തരവിട്ടത്.

തുക 45 ദിവസത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി വര്‍ഷം തോറും 6 ശതമാനം പലിശ നല്‍കേണ്ടി വരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. 2003-ല്‍ 1.9 ലക്ഷം രൂപ എന്നാല്‍ അന്ന് പുതിയ കാര്‍ വാങ്ങാനുള്ള പൈസ ആയിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ 5 ശതമാനം പണപ്പെരുപ്പം കണക്കാക്കിയാല്‍ 2003-ലെ 1.9 ലക്ഷം രൂപയുടെ മൂല്യം ഏകദേശം 5.56 ലക്ഷം രൂപയ്ക്ക് തുല്യമാകും. പക്ഷെ അഗര്‍വാളിന് ലഭിച്ചത് വെറും 1.48 ലക്ഷം രൂപ മാത്രമാണ്.
പണപ്പെരുപ്പം കണക്കാക്കുമ്പോള്‍ ഇത് വളരെ കുറഞ്ഞ തുകയാണ്. 2003 മോഡല്‍ കാറുകള്‍ ഇപ്പോഴും നമ്മുടെ നാട്ടില്‍ കാണാമെങ്കിലും ഡല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറുകള്‍ക്ക് ഫിറ്റ്‌നസ് ലഭിക്കില്ല. അവ പൊളിച്ച് കളയാന്‍ മാത്രമേ സാധിക്കൂ. ശരിയായ പാര്‍ക്കിംഗ് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെയും ഇന്‍ഷുറന്‍സ് പോളിസിയിലെ നിബന്ധനകള്‍ ശരിയായി മനസ്സിലാക്കേണ്ടതിന്റെയും നിയമപരമായ കാര്യങ്ങളില്‍ ശ്രദ്ധയും സ്ഥിരതയും ഉണ്ടാകേണ്ടതിന്റെയും പ്രാധാന്യം ഈ കേസ് നമ്മുക്ക് കാട്ടിത്തരുന്നു.
ഇന്‍ഷൂറന്‍സ് ക്ലെയിമിന് പിന്നാലെ നടക്കുന്നതിലും നല്ലതാണ് കാര്‍ മോഷണം പോകാതെ സംരക്ഷിക്കുന്നത്. കാറുകള്‍ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. ജിപിഎസ് ട്രാക്കര്‍ പോലുള്ള സംവിധാനങ്ങള്‍ ഘടിപ്പിക്കുന്നത് മോഷണം പോയാലും അവ കണ്ടെത്താന്‍ സഹായിക്കും. സ്റ്റിയറിംഗ് ലോക്ക് പോലുള്ള ഉപകരണങ്ങളും കാറില്‍ നല്‍കാം. മാത്രമല്ല ഒരിക്കലും താക്കോല്‍ ഇഗ്‌നിഷനില്‍ വെച്ച് കാര്‍ പാര്‍ക്ക് ചെയ്ത് ഇറങ്ങിപ്പോകരുത്. ഇത്തരത്തില്‍ ലളിതമായ കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ തന്നെ ഒരുപരിവധി വരെ വാഹനം നമുക്ക് സംരക്ഷിക്കാം.


Click it and Unblock the Notifications








