ലിഫ്റ്റ് കൊടുക്കുന്നതും കാര്‍ കടം വാങ്ങുന്നതും കുറ്റകരം! അറിഞ്ഞിരിക്കാം ഈ 'അജ്ഞാത' നിയമലംഘനങ്ങളെ കുറിച്ച്
നിരവധി പ്രവാസികള്‍ ഉള്ള സംസ്ഥാനമാണ് കേരളം. ഒരു പ്രവാസിയെങ്കിലും ഇല്ലാത്ത മലയാളി കുടുംബങ്ങള്‍ വളവെ വിരളമായിരിക്കും. അവിടങ്ങളില്‍ ട്രാഫിക് നിയമലംഘനത്തിന് ഈടാക്കുന്ന പിഴ കേട്ടാല്‍ പലപ്പോഴും നമ്മള്‍ മൂക്കത്ത് വിരല്‍ വെക്കും. അതുവെച്ച് താരതമ്യം ചെയ്യുമ്പേകള്‍ നമ്മുടെ രാജ്യത്തെ പൊലീസുകാര്‍ കുറച്ച് അയവുള്ളവരാണ്.
എന്നാല്‍ നിയമലംഘനമെന്ന് അറിയാതെ പലരും ചെയ്യുന്ന ചില പ്രവര്‍ത്തികള്‍ ചലാന്‍ ലഭിക്കാന്‍ സാധ്യതയുള്ളതാണ്. ഇത്തരം നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പലപ്പോഴും നിയമപാലകര്‍ അത് കര്‍ശനമായി നടപ്പിലാക്കാത്തതിനാല്‍ പലരും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. നമ്മില്‍ പലര്‍ക്കും 'അജ്ഞാതമായ' ഈ നിയമങ്ങള്‍ ലംഘിച്ചതിന് പിഴ ചുമത്തിയ ഉദാഹരണങ്ങളുമുണ്ട്. പലര്‍ക്കും അറിവില്ലാത്ത അത്തരം ചില നിയമലംഘനങ്ങള്‍ ഏതൊക്കെയെന്ന് പറയാം.

അപരിചിതര്‍ക്ക് ലിഫ്റ്റ് നല്‍കുക: അപരിചിതരായ വ്യക്തികള്‍ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത് ഇന്ത്യയില്‍ ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെടുന്നു. നിങ്ങള്‍ അപരിചിതര്‍ക്ക് ലിഫ്റ്റ് നല്‍കിയാല്‍ നിങ്ങളുടെ വാഹനം ടാക്‌സിയായി ഉപയോഗിച്ചതായി കണക്കാക്കപ്പെടും. വാഹനം കണ്ടുകെട്ടുന്നതിലേക്കടക്കം നയിച്ചേക്കാം. റോഡരികില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് ലിഫ്റ്റ് നല്‍കുന്നത് തടയുന്നത് വാഹന മോഷണത്തിന് തടയിടാന്‍ ലക്ഷ്യമിട്ടാണ്. മാത്രമല്ല സ്വകാര്യ വാഹനങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഓടുന്നത് തടയാനും ഇതുകൊണ്ട് ലക്ഷ്യമിടുന്നു.
കാര്‍ കടം വാങ്ങുക: ചെന്നൈ നഗരത്തിലാണ് ഈ നിയമമുള്ളത്. ഒരു സുഹൃത്തിന്റെ വാഹനം കടം വാങ്ങുകയാണെങ്കില്‍ ഉടമയെ അറിയിച്ചിരിക്കണമെന്നാണ് നിയമം. ഉടമ അറിയാതെ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാല്‍ ശിക്ഷ ലഭിച്ചേക്കാം. മൂന്ന് മാസം തടവോ 500 രൂപ പിഴയോ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പൊലീസ് പരിശോധനയില്‍ മോഷ്ടിച്ച കാറുകള്‍ സുഹൃത്തിന്‍േറതാണെന്ന് പറഞ്ഞ് കടന്ന്കളയുന്ന സാഹചര്യങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. കാര്‍ മോഷണം തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നിയമം.

പ്രഥമ ശുശ്രൂഷ കിറ്റ്: ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്രവാഹനങ്ങള്‍ക്കും നാലുചക്രവാഹനങ്ങള്‍ക്കുമൊപ്പം ഫസ്റ്റ് എയിഡ് കിറ്റ് നല്‍കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ ഒരു വാഹനത്തില്‍ ഫസ്റ്റ് എയിഡ് കിറ്റ് ഇല്ലെങ്കില്‍ ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളില്‍ നിങ്ങള്‍ക്ക് ശിക്ഷ ലഭിച്ചേക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് ബാധകമായേക്കില്ല.
അപകടമുണ്ടായാല്‍ കാറിലെ യാത്രക്കാര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുന്നതില്‍ ഡ്രൈവര്‍ പരാജയപ്പെട്ടാല്‍ അവര്‍ക്ക് 500 രൂപ പിഴ ചുമത്താമെന്നാണ് നിയമം. അല്ലെങ്കില്‍ മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കും. എല്ലാ വാഹനങ്ങളിലും ഒരു പ്രഥമ ശുശ്രൂഷ കിറ്റ് സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നിയമം വഴി ഉദ്ദേശിക്കുന്നത്.
പാര്‍ക്കിംഗ് ബ്ലോക്ക്: പലയിടങ്ങളിലും പാര്‍ക്കിംഗിനായി പ്രത്യേകം സ്ഥലങ്ങള്‍ ഉണ്ടായിരിക്കും. അപാര്‍ട്‌മെന്റുകളിലും മാളുകളിലുമെല്ലാം ഇത്തരം പാര്‍ക്കിംഗ് ലോട്ടുകള്‍ കാണാം. എന്നാല്‍ മറ്റ് വാഹന ഉടമകള്‍ക്ക് തടസ്സം സൃഷ്ടിച്ച് സ്വന്തം വാഹനം പാര്‍ക്ക് ചെയ്ത് ഇറങ്ങിപ്പോകുന്ന ചില വിരുതന്‍മാരുണ്ട്. പാര്‍ക്കിംഗ് സ്ഥലത്ത് മറ്റൊരു കാറിന്റെ പാര്‍ക്കിംഗ് ലോട്ട് തടസ്സപ്പെടുത്തി വാഹനം നിര്‍ത്തുന്നത് കുറ്റകരമാണ്.
ഇത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ 1000 രൂപ പിഴ ശിക്ഷ ലഭിച്ചേക്കാം. ചിലര്‍ ഇത് അറിയാതെ ചെയ്ത പോകുന്നതാണെങ്കിലും ഇതിന്റെ ഫലമെന്താണെന്ന് അറിയുന്നില്ല. പിഴ വളരെ കുറവായതിനാല്‍ തന്നെ ഇതിനെ കുറിച്ച് അറിവുള്ളവരും അവഗണിച്ച് വിടുന്നു. മാത്രമല്ല ഇത്തരം അസൗകര്യം നേരിട്ടാലും പൊലീസിനെ വിളിച്ച് വിഷയം വഷളാക്കേണ്ടെന്ന് കരുതുന്നവരാണ് ഭൂരിഭാഗവും.

കാര്‍ ഐഡിലില്‍ നിര്‍ത്തിയിടുക: ട്രാഫിക്ക് സിഗ്‌നലിലോ റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുമ്പോയോ വാഹനത്തിന്റെ എഞ്ചിന്‍ അനാവശ്യമായി പ്രവര്‍ത്തിപ്പിക്കുന്നത് കുറ്റകരമാണ്. മുംബൈയിലാണ് ഈ നിയമമുള്ളത്. കാര്‍ ഐഡിലില്‍ അനാവശ്യമായി ഇട്ടാല്‍ 100 രൂപ വരെ പിഴ ലഭിച്ചേക്കാം. ഇന്ധനം ലാഭിക്കാനും അതുവഴി വായു മലിനീകരണം കുറക്കാനുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വാഹനം ഉപയോഗിക്കാത്തപ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്യാന്‍ ഈ നിയമം ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുന്നു.
കാറിനകത്തെ പുകവലി: പൊതുസ്ഥലത്ത് പുകവലിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് എല്ലാവര്‍ക്കും അറിയാം. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പൊതുസ്ഥലത്തുള്ള കാറില്‍ പുകവലിക്കുന്നതും നിയമവിരുദ്ധമാണെന്ന കാര്യം പലര്‍ക്കും അറിയാന്‍ വഴിയില്ല. പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനത്തിനകത്തിരുന്ന് പുകവലിച്ചാല്‍ കുറ്റക്കാര്‍ക്ക് 100 രൂപ വരെ പിഴ ചുമത്താന്‍ പൊലീസിന് അധികാരമുണ്ട്. പുകവലി മൂലം ഡ്രൈവറുടെ ശ്രദ്ധ തെറ്റുന്ന സാഹചര്യം ഒഴിവാക്കാനും പൊതുസ്ഥലങ്ങളിലെ പുകവലി നിരുത്സാഹപ്പെടുത്താനുമാണ് ഈ ഒരു നിയമം.

ടിവി: വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡിലും മറ്റും ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ടിവിയും മറ്റ് ഉപകരണങ്ങളും ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ മുംബൈയില്‍ വാഹനത്തിന്റെ ഡാഷ്ബോര്‍ഡില്‍ ടിവിയോ ഏതെങ്കിലും വീഡിയോ പ്ലേ ചെയ്യുന്ന ഉപകരണമോ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന കാര്യം പലര്‍ക്കു അറിയാന്‍ സാധ്യതയില്ല. വീഡിയോസ് പ്ലേ ചെയ്യുന്നത് ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കാമെന്നതിനാല്‍ ഈ കുറ്റം ചെയ്യുന്നവര്‍ക്ക് 100 രൂപ വരെ പിഴ ചുമത്താമെന്നാണ്.


Click it and Unblock the Notifications








