സത്യപ്രതിജ്ഞക്ക് സ്‌കൂട്ടറിലെത്തിയ എംഎല്‍എ 3 വര്‍ഷം കൊണ്ട് കാര്‍ വാങ്ങി! കമന്റ് ബോക്‌സില്‍ പൊങ്കാല
ഇന്ത്യയിലെ മിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും അത്യാവശ്യം തരക്കേടില്ലാത്ത കാറുകളിലോ അല്ലെങ്കില്‍ സ്വന്തം ആഡംബര വാഹനങ്ങളിലോ യാത്ര ചെയ്യുന്നവരാണ്. മന്ത്രിയോ എംഎല്‍എയോ ആയിക്കഴിഞ്ഞാല്‍ യാത്രകള്‍ക്കായി ചിലര്‍ കാര്‍ വാങ്ങുന്നു. എന്നാല്‍ ഇതിന് അപവാദമായ ചില രാഷ്ട്രീയ നേതാക്കളുമുണ്ട്. ഗോവയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയായ അന്റോണിയോ വാസ് അത്തരത്തിലൊരാളാണ്. ലാളിത്യം ജീവിതരീതിയാക്കിയ വ്യക്തി എന്ന നിലയില്‍ അറിയപ്പെടുന്ന ആന്റാണിയോ വാസ് കോര്‍ട്ടാലിം മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യാനായി ടിവിഎസ് എന്‍ടോര്‍ഖ് സ്‌കൂട്ടറില്‍ ഗോവ നിയമസഭയിലെത്തിയാണ് അദ്ദേഹം ആദ്യം ഞെട്ടിച്ചത്.
ഈ സംഭവം അന്റോണിയോ വാസിന്റെ ലാളിത്യം എടുത്തു കാണിക്കുന്നതായിരുന്നു. ഇപ്പോള്‍ ടിവിഎസ് സ്‌കൂട്ടറില്‍ നിന്ന് പുത്തന്‍ കാറിലേക്ക് അപ്‌ഗ്രേഡ് ചെയ്തിരിക്കുകയാണ് എംഎല്‍എ. ഹ്യുണ്ടായി ക്രെറ്റയുടെ കിംഗ് എഡിഷന്‍ മോഡലാണ് അദ്ദേഹം വാങ്ങിയത്. ഇന്ത്യന്‍ വിപണിയില്‍ ക്രെറ്റ എസ്‌യുവി ലോഞ്ച് ചെയ്തതിന്റെ 10-ാം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പാണ് ക്രെറ്റ കിംഗ് എഡിഷന്‍.

അന്റോണിയോ വാസ് കുടുംബസമേതം ഷോറൂമില്‍ നിന്ന് ഹ്യുണ്ടായി ക്രെറ്റ കിംഗ് എഡിഷന്‍ ഡെലിവറി എടുക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഗോവ ഹ്യുണ്ടായ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഹ്യുണ്ടായി ക്രെറ്റ കിംഗ് എഡിഷന്‍ SX (O) വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്,
ഹ്യുണ്ടായി ക്രെറ്റ കിംഗ് എഡിഷന്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്: 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍. എന്നാല്‍, അന്റോണിയോ വാസ് ഏത് എഞ്ചിന്‍ ഓപ്ഷനാണ് തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. മാനുവല്‍, സിവിടി, ഓട്ടോമാറ്റിക്, ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ എന്നിങ്ങനെ നാല് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് കിംഗ് എഡിഷനുള്ളത്.

18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഡ്രൈവര്‍ പവര്‍ സീറ്റ് മെമ്മറി ഫംഗ്ഷന്‍, വാക്ക്-ഇന്‍ ഉപകരണത്തോടുകൂടിയ പവര്‍ പാസഞ്ചര്‍ സീറ്റ്, ഡാഷ്‌ക്യാം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റോറേജുള്ള സ്ലൈഡിംഗ് ഫ്രണ്ട് ആംറെസ്റ്റ് എന്നിവയുള്‍പ്പെടെ നിരവധി പുതിയ സവിശേഷതകള്‍ ക്രെറ്റ കിങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഐടി ഡിവൈസ് ഹോള്‍ഡറും എക്‌സ്‌ക്ലൂസീവ് കിങ് എംബ്ലവും ഉള്ള മുന്‍നിര സീറ്റ്ബാക്ക് ടേബിളും ക്രെറ്റ കിങില്‍ ഒരുക്കിയിട്ടുണ്ടെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഹ്യുണ്ടായി പുതിയ ബ്ലാക്ക് മാറ്റ് കളര്‍ ഓപ്ഷനും ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. ക്രെറ്റ ശ്രേണിയിലുടനീളം ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഒരു ഡാഷ്‌ക്യാം, 18 ഇഞ്ച് അലോയ് വീലുകള്‍ തുടങ്ങിയ പുതിയ ഫീച്ചറുകളും ചേര്‍ത്തിട്ടുണ്ട്. ക്രെറ്റ N ലൈനിനും ഈ അപ്ഗ്രേഡുകള്‍ നടപ്പാക്കി.
17.89 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയിലാണ് ക്രെറ്റ കിംഗ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ കിംഗ് എഡിഷന്റെ ടോപ് വേരിയന്റിന്റെ വില 20.61 ലക്ഷം രൂപ വരും. കിയ സെല്‍റ്റോസ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, മാരുതി സുസുക്കി വിക്ടോറിസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് തുടങ്ങിയ മിഡ്‌സൈസ് എസ്‌യുവികളുമായാണ് ക്രെറ്റ മത്സരിക്കുന്നത്.
എംഎല്‍എ കാര്‍ വാങ്ങിയ പോസ്റ്റിന് കീഴില്‍ വിമര്‍ശനവുമായി നിരവധി പേരാണ് കമന്റിട്ടത്. സത്യപ്രതിജ്ഞക്ക് സ്‌കൂട്ടറില്‍ വന്നയാള്‍ കാര്‍ വാങ്ങിയത് എംഎല്‍എ സ്ഥാനത്തിന്റെ പവര്‍ കാണിക്കുന്നുവെന്ന് ഒരാള്‍ കമന്റിട്ടു. മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കൊപ്പം അദ്ദേഹം ഇനി 5 വര്‍ഷം കൂടി ലഭിച്ചാല്‍ ഹ്യുണ്ടായിയില്‍ നിന്ന് മെര്‍സിഡീസിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നാണ് ഒരു കമന്റ്. സമ്പന്നരായ രാഷ്ട്രീയക്കാരുടെ ഗരാജിലുള്ള കാറുകള്‍ നോക്കുമ്പോള്‍ ക്രെറ്റ സാധാരണ കാര്‍ ആണെന്നാണ് ചിലരുടെ അഭിപ്രായം.


Click it and Unblock the Notifications








