ആഘോഷത്തിന് പോയി കുഴിയിൽ ചാടിച്ചു; ഗൂഗിൾ മാപ്പിൻ്റെ ഓരോ വികൃതികളേ...
ഗൂഗിൾ മാപ്പ് നോക്കി നമ്മൾക്ക് പോകേണ്ട സ്ഥലത്തേക്ക് എത്ര ദൂരം ഉണ്ടെന്നോ എത്ര സമയം എടുക്കുമെന്നോ നോക്കാത്തവരായി ആരും തന്നെ കാണില്ല.ഒരു തരത്തിൽ ഗൂഗിൾ മാപ്പ് അനുഗ്രഹമാണെങ്കിലും ചില സമയത്ത് കിടിലൻ പണിയും കിട്ടാറുണ്ട്. നമ്മുടെ സമയവും ദൂരവും ലാഭിക്കാൻ മാപ്പ് ചിലപ്പോൾ എളുപ്പ വഴികളൊക്കെ കാണിക്കും. പക്ഷേ ചെല്ലുന്നത് ഏതെങ്കിലും വീടിൻ്റെ മുറ്റത്തോ, കായൽ കരയിലോ ആയിരിക്കും.
അത്തരം അനുഭവം ഉണ്ടാകാത്തവർ കുറവാണ്. ചില ട്രാഫിക് ബ്ലോക്കിൽ നിൽക്കുമ്പോഴായിരിക്കും യു-ടേൺ എടുക്കാൻ ഗൂഗിൾ മാപ്പിലെ ചേച്ചി പറയുന്നത്. എനിക്കും അത്തരത്തിലുളള ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഓൺലൈനിൽ വൈറലായിരിക്കുന്നത് കോഴിക്കോട് കൂരാച്ചുണ്ടിൽ നടന്ന ഒരു സംഭവമാണ്.

ഗൂഗിൾ മാപ്പ് നോക്കി മഹീന്ദ്ര എം എം 540 ജീപ്പിൽ യാത്ര ചെയ്തിരുന്നവരുടെ വാഹനം മറിഞ്ഞു. ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന സംഘത്തിന് വഴി തെറ്റി ഒരു ഇടുങ്ങിയ വഴിയിലേക്ക് കയറുകയായിരുന്നു. സംഘത്തിലുളള ആരും മുൻപ് ഇതുവഴി വന്നിട്ടില്ല എന്നത് കൊണ്ട് അവർ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. വിനോദസഞ്ചാര കേന്ദ്രത്തിലേക്കുളള കുറുക്ക് വഴിയായിരുന്നു മാപ്പിൽ കാണിച്ചിരുന്നത്. പക്ഷേ വഴി വളരെ മോശവും പൊട്ടി പൊളിഞ്ഞതുമായിരുന്നു.
അത് കൊണ്ട് തന്നെ ടയർ റോഡിൽ നിന്ന് തെന്നി ജീപ്പ് സൈഡിലേക്ക് മറിയുകയായിരുന്നു. ഗൂഗിൾ മാപ്പ് കാണിച്ച കുറുക്കുവഴി യാത്ര ചെയ്യാൻ സാധിക്കുന്നതല്ലായിരുന്നു. പൊട്ടി പൊളിഞ്ഞ് നാശമായി കിടന്ന വഴിയായിരുന്നു അത്. ഗൂഗിൾ മാപ്പ് കാണിക്കുന്ന വഴികളൊക്കെ ശരിയാണെങ്കിലും ചിലപ്പോഴൊക്കെ പ്രദേശവാസികളോട് ചോദിച്ച് ചോദിച്ച് പോകുന്നതായിരിക്കും നല്ലത്. കാരണം വഴി മോശമാണോ, കാറും ജീപ്പും പോകുമോ എന്നൊക്കെ നാട്ടുക്കാർക്ക് അല്ലേ അറിയു.

മാപ്പിൽ വാഹനം പോകുന്ന വഴികൾ കാണിക്കുന്നുണ്ടെങ്കിലും ചിലപ്പോൾ അത് ഏതെങ്കിലും ഒരു വീട്ടിലേക്കുളള വഴിയായിരിക്കും. പല മലയാളം സിനിമയിലും നമ്മൾ മാപ്പ് ചതിക്കുന്ന സീനുകൾ കണ്ടിട്ടുണ്ട്. പലപ്പോഴും നമ്മൾ ട്രിപ്പ് പോകുമ്പോഴാണ് ഇത്തരം അമളികൾ പറ്റുന്നത്. പ്രത്യേകിച്ച് ഹൈറേഞ്ച്, വനപ്രദേശമുളള സ്ഥലത്തേക്ക് പോകുമ്പോഴാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. അത് പോലെ തന്നെയാണ് അരുവികളും തോടുകളുമായിരിക്കും പക്ഷേ മാപ്പിൽ വഴി കാണിക്കുന്നുണ്ടായിരിക്കും.
പരിചയമില്ലാത്ത സ്ഥലത്തേക്ക് പോകുമ്പോഴാണല്ലോ നമ്മൾ ഗൂഗിൾ മാപ്പ് നോക്കുന്നത്. ഗൂഗിൾ മാപ്പ് എന്ന് പറയുമ്പോൾ എൻ്റെ മനസ്സിൽ ആദ്യം വരുന്നത് ഞങ്ങൾ കൂട്ടുകാർ ഒരു പിഎസ്‌സി എക്സാമിന് പോയതാണ്. കോട്ടയത്ത് നിന്ന് എറണാകുളത്തുളള ഒരു സ്ക്കൂളിലേക്കാണ് പോയത് പക്ഷേ വണ്ടി ചെന്ന് നിന്നത് ഒരു കായലിൻ്റെ മുന്നിലാണ്. അവിടെ ഒരു ഫെറി നിർമിക്കാനായി നാല് തൂൺ പണിത് വച്ചിട്ടുണ്ടായിരുന്നു. അഹമ്മദാബാദിൽ ഒരാൾ മാപ്പ് നോക്കി പോയി വെള്ളക്കെട്ടിൽ പെട്ടു മരിച്ചിരുന്നു.
ഗൂഗിൾ മാപ്പിൽ ഒരു പാലം കടക്കാൻ കാണിച്ചപ്പോൾ യുവാവ് അത് വഴി പോകുകയായിരുന്നു. എന്നാൽ ഡാം തുറന്ന് വിട്ടത് കൊണ്ട് നാല് മാസമായി ആ പാലം വെള്ളത്തിനടിയിലായിരുന്നു. ഗൂഗിൾ മാപ്പ് അപ്ഡേറ്റുകൾ ഒന്നും നൽകാതിരുന്നത് കൊണ്ട് അവർ അത് വഴി യാത്ര തുടരുകയായിരുന്നു. യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാനായി അവിടെ ബോർഡുകളും ഇല്ലായിരുന്നു. അവിടെയുളള പ്രദേശവാസികൾക്ക് പാലത്തിൻ്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് അവർ ഉപയോഗിക്കുന്നില്ലായിരുന്നു.
പക്ഷേ നിർഭാഗ്യവശാൽ ഇവർ ഇത് വഴി വരുകയും വാഹനം വെള്ളത്തിൽ അകപ്പെടുകയും യുവാവിന് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. രാത്രികാലങ്ങളിൽ ഗൂഗിൾമാപ്പിനെ ആശ്രയിക്കുക അല്ലാതെ വേറെ വഴിയില്ല. എപ്പോഴും മാപ്പ് ശരിയാകണമെന്നില്ലല്ലോ. മുൻപ് പറഞ്ഞത് പോലെ വെള്ളത്തിൽപ്പെട്ട് പോയ പാലത്തിൻ്റെ കാര്യം പറഞ്ഞത് പോലെ വഴികളിൽ എന്തെങ്കിലും മാറ്റം വന്നാൽ അത് ചിലപ്പോൾ ഗൂഗിൾ അപ്ഡേറ്റ് ചെയണമെന്നില്ല.
അത് കൊണ്ട് പകൽ സമയങ്ങളിൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ പ്രദേശവാസികളോട് ഒരു അഭിപ്രായം ചോദിക്കുന്നത് വളരെ നല്ലതായിരിക്കും. കാരണം എപ്പോഴും നമ്മൾക്ക് ടെക്നോളജിയെ ആശ്രയിച്ച് ജീവിക്കാൻ സാധിക്കില്ലല്ലോ. ചിലപ്പോൾ കിലോമീറ്റർ പറയാൻ പ്രദേശവാസികൾക്ക് കഴിയില്ല എങ്കിലും വാഹനം പോകുന്ന വഴിയാണോ അല്ലയോ എന്ന് കൃത്യമായി പറയാൻ സാധിക്കും.


Click it and Unblock the Notifications








