ടോൾ പ്ലാസകളിലും ഇനി ജിപിഎസ് സംവിധാനം; പ്രവർത്തിക്കുന്ന വിധം എങ്ങനെയെന്നറിയാമോ
ദൂര യാത്രകളിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ടോൾ പ്ലാസകൾ. നിലവിലെ ഹൈവേ ടോൾ പ്ലാസകൾക്ക് പകരമായി അടുത്ത വർഷം മാർച്ചോടെ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ സർക്കാർ നടപ്പിലാക്കാനുളള പദ്ധതിയുണ്ടെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ടോൾ പ്ലാസകൾക്ക് പകരമായി ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനങ്ങളിൽ സർക്കാർ പഠനം നടത്തുന്നുണ്ട്.
അടുത്ത വർഷം മാർച്ചോടെ രാജ്യവ്യാപകമായി പുതിയ ജിപിഎസ് സാറ്റലൈറ്റ് അധിഷ്ഠിത ടോൾ പിരിവ് ആരംഭിക്കാൻ ആണ് കേന്ദ്രം ലക്ഷ്യമിടുന്നത്. വാഹനങ്ങൾ നിർത്താതെ തന്നെ തടസം കൂടാതെ ഓട്ടോമേറ്റഡ് ടോൾ പിരിവ് സുഗമമാക്കുന്നതിന് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സിസ്റ്റം (എഎൻപിആർ ക്യാമറകൾ) ഉൾപ്പെടുന്ന രണ്ട് പൈലറ്റ് പദ്ധതികളാണ് റോഡ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്.

സ്ഥിരം തലവേദനയായ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും വാഹനം സഞ്ചരിച്ച് ദൂരത്തിൻ്റെ മാത്രം പണം ഉടമയിൽ നിന്ന് ഈടാക്കാനാണ് ഈ പുതിയ പദ്ധതി കൊണ്ട് കേന്ദ്രം ഉദ്ദേശിക്കുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ കാത്തിരിപ്പ് സമയം 8 മിനിറ്റ് ആയിരുന്നുവെങ്കിൽ 21-22 വർഷത്തിൽ അത് 47 സെക്കൻഡായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ജിപിഎസ് ഉപയോഗിച്ച് വാഹനത്തിന്റെ ചലനം നിരീക്ഷിച്ച് ടോൾ ചെയ്ത റോഡിൽ വാഹനം സഞ്ചരിക്കുന്ന ദൂരം ഈ സിസ്റ്റം കണക്കാക്കുന്നു. ടോൾ കണക്കാക്കുന്നത് പിന്നിട്ട ദൂരത്തെ അടിസ്ഥാനമാക്കിയാണ്, കൂടാതെ തുക ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് സ്വയമേവ കുറയ്ക്കും.
അത് കൊണ്ട് തന്നെ പഴയ ടോൾ പ്ലാസകളുമായി താരതമ്യം ചെയ്താൽ വാഹനം നിർത്തേണ്ടതോ വേഗത കുറയ്ക്കേണ്ടതോ ആവശ്യം വരുന്നില്ല എന്നതാണ് ഗുണം. എന്നാൽ ഇത് എത്രത്തോളം വിജയകരമായിരിക്കും എന്ന് സംവിധാനം പ്രവർത്തിച്ചതിന് ശേഷം മാത്രമേ പറയാൻ സാധിക്കു. ഇപ്പോൾ തന്നെ ടോൾ പ്ലാസകളിൽ പല തകരാറുകളും സംഭവിക്കുന്നത് വഴി കാറുടമയുടെ പണം നഷ്ടപ്പെടുന്നുണ്ട്.

ഹെവി വാഹനങ്ങളുടെ ഭാരത്തിനനുസരിച്ച് ടോള്‍ നിരക്ക് ഈടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്ന മറ്റൊരു പദ്ധതി. അമിത ഭാരം കയറ്റിവരുന്ന ട്രക്കുകള്‍ റോഡ് ഉപയോക്താക്കള്‍ക്ക് ശല്യമാകും വിധം വിവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയരുന്നിരുന്നു. ഓരോ വാഹനങ്ങളിലും കയറ്റാന്‍ പറ്റുന്ന ലോഡിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. നിലവില്‍ വാഹനത്തിന്റെ ആക്സിലുകള്‍ അടിസ്ഥാനമാക്കിയാണ് ഹെവി വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കുന്നത്.
ഇത്തരം വാഹനങ്ങളില്‍ കയറ്റുന്ന ലോഡിന്റെ ഭാരം പരിഗണിക്കാതെ ഒരേ നിരക്കാണ് എപ്പോഴും ഈടാക്കുന്നത്. ഈ അവസ്ഥയ്ക്ക് ഇനി മാറ്റം വരാന്‍ പോകുകയാണ്. ഹെവി വാഹനങ്ങളില്‍ അമിതഭാരം കയറ്റുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനായി രാജ്യസഭാംഗം വിജയസായി റെഡ്ഡി അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഇത്തരം വാഹനങ്ങളുടെ ഭാരത്തിന് അനുസരിച്ച് ടോള്‍ ഫീസ് ഈടാക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു.

ഈ നിര്‍ദേശം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഹെവി വാഹനങ്ങള്‍ കയറ്റി വിടുന്ന ലെയ്‌നുകളില്‍ വെയ്റ്റിംഗ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഹെവി വാഹന ഉടമകളുടെ സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ ഒരു സംവിധാനം നിലവില്‍ വന്നാല്‍ വാഹനങ്ങള്‍ ടോള്‍ പ്ലാസകളില്‍ ഏറെ സമയം കാത്തുകെട്ടി കിടക്കേണ്ടി വരുമെന്നും മറ്റ് പല പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്നുമാണ് അവര്‍ പറയുന്നത്.
ഇപ്പോള്‍ തന്നെ ചില ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് വന്നിട്ടും വലിയ വരി അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തില്‍ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഹെവി വാഹനങ്ങള്‍ക്കായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ടോള്‍ പ്ലാസകളില്‍ സ്ഥാപിക്കുന്ന വെയ്റ്റിംഗ് പ്ലാറ്റ്ഫോമുകളിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്ന വേളയില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതിലും കൂടുതല്‍ ഭാരമുണ്ടെന്ന് മനസ്സിലായാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
നാഷണല്‍ ഹൈവേ ടോള്‍ റൂള്‍സ് 2008 അനുസരിച്ച് അനുവദനീയമായ പരമാവധി മൊത്ത ഭാരത്തിനപ്പുറം ലോഡുചെയ്ത വാഹനങ്ങള്‍ അധിക ലോഡ് നീക്കം ചെയ്യുന്നതുവരെ ദേശീയ പാത ഉപയോഗിക്കാനോ ടോള്‍ പ്ലാസ കടക്കാനോ അനുവദിക്കില്ല എന്നതും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. ഈ നിയമം നിലവില്‍ കര്‍ശനമായി നടപ്പാക്കപ്പെടുന്നില്ലെങ്കിലും വരും ദിവസങ്ങളില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








