ഇനിമേലാൽ വളവിൽ ഓവർടേക്ക് ചെയ്യില്ലെന്ന് 'ഏത്തമിട്ട്' പറയിച്ച് ശിക്ഷ, റോഡിൽ അഭ്യാസം കാണിക്കുന്നവർ ജാഗ്രതൈ
മര്യാദയ്ക്ക് വാഹനമോടിച്ച് പോകാം എന്ന് വിചാരിച്ചാലും റോഡിൽ എതിരെ വരുന്നവർ അതിന് സമ്മതിക്കില്ല എന്ന് വച്ചാൽ എന്താ ചെയ്ക. ചിലർ വാഹനത്തെ ഓവർടേക്ക് ചെയ്യുന്നത് കണ്ടാൽ മനസിൽ വിചാരിക്കാറില്ലെ ആർക്ക് വായുഗുളിക വാങ്ങാൻ പോകുകയാണെന്ന്. അവരെ ഒന്ന് കൈയിൽ കിട്ടിയിരുന്നേൽ എന്നും ഓർക്കാത്തവർ കുറവാണ്. എന്നാൽ നിങ്ങൾ ഒരു വളവിൽ എത്തിയപ്പോൾ എതിരെ ഒരു വാഹനം നിങ്ങളുടെ നേരെ തെറ്റായ ദിശയിലൂടെ വന്ന് മുട്ടി മുട്ടിയില്ല എന്ന് പോയാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും.
അത്തരത്തിൽ ഓവർടേക്ക് ചെയ്ത യുവാവിന് എതിരെ വന്ന ഡ്രൈവർ പിന്തുടർന്ന് ഒരു എട്ടിൻ്റെ പണി കൊടുത്ത വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു ശ്രദ്ധയുമില്ലാതെ മുന്നിലെ ലോറിയെ ഓവർടേക്ക് ചെയ്ത യുവാവിനെ റോഡിൽ എല്ലാവരുടേയും കാൺകെ ഏത്തമിടീക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. നിങ്ങൾ എങ്ങനെയൊക്കെ മര്യാദയ്ക്ക് ഓടിച്ചാലും എതിരെ വരുന്ന വ്യക്തി അശ്രദ്ധ കാണിച്ചാൽ അത് നിങ്ങൾക്കും ദോഷകരമായിരിക്കും.

ഗ്രാൻഡ് ഐ10 ഡ്രൈവർക്ക് ഒരു വളവിൽ ഓവർടേക്ക് ചെയ്തതിൽ പിഴവ് പറ്റിയെങ്കിലും മറ്റ് ഡ്രൈവറിൻ്റെ പ്രവൃത്തിയെ അഭിനന്ദിക്കാനാവില്ല.നടുറോഡിൽ മറ്റൊരാളെ ഏത്തമിടീക്കാനും ശിക്ഷ വിധിക്കാനും നമ്മൾക്ക് അധികാരമില്ല. ഇത് ഒരു വശം ചിന്തിച്ചാൽ മോശം പ്രവർത്തി തന്നെയാണ്. എതിരെ വന്ന ഡ്രൈവറിനെ സംബന്ധിച്ചിടത്തോളം അയാൾക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. ഒരു താക്കീത് നൽകുന്നത് ആണെങ്കിൽ ശരി പക്ഷേ ഇങ്ങനെ പരസ്യമായി ശിക്ഷിക്കുന്നതും ശരിയല്ല.
ഈ കേസിൽ ചെയ്യേണ്ട ശരിയായ കാര്യം ഡ്രൈവറെ പോലീസിനെ അറിയിക്കുക എന്നതായിരിക്കും, അതിലൂടെ അവർക്ക് ആവശ്യമായ നടപടിയെടുക്കാം. ഒരു കാരണവശാലും ആരെയും ശിക്ഷിക്കാനോ ശാരീരികമായി ആക്രമിക്കാനോ പൗരന്മാർക്ക് അവകാശമില്ല. എപ്പോഴും ട്രാഫിക് നിയമങ്ങൾ പാലിക്കുക, വളവിൽ ഓവർടേക്ക് ചെയ്യരുത്, മുന്നിലുള്ള റോഡ് വ്യക്തമായി കാണാൻ കഴിയുന്നില്ലെങ്കിൽ ഒരിക്കലും മറികടക്കരുത്. ഗ്രാൻഡ് i10 ഡ്രൈവർ സ്വന്തം ജീവൻ അപകടത്തിലാക്കുക മാത്രമല്ല, മറ്റ് യാത്രക്കാരേയും അപകടത്തിലാക്കിയേനെ.

കാർ ആയാലും ഇരുചക്രവാഹനങ്ങളായാലും സുരക്ഷിതമായി പോകുക എന്നതാണ് പ്രധാനം. വാഹനം നിയന്ത്രിത വേഗതയിലാണെങ്കില്‍ അപകടകരമായ സാഹചര്യങ്ങളില്‍ പോലും ആഘാതം കുറയ്ക്കാം. വേഗപരിധിക്കുള്ളില്‍ വാഹനമോടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. വാഹനമോടിക്കുമ്പോള്‍ ചുറ്റുഭാഗത്തും ഒരു കണ്ണുണ്ടായിരിക്കേണ്ടത് പരമപ്രധാനമാണ്. എപ്പോഴും മുന്നിലുള്ള റോഡിലേക്ക് നോക്കുകയും ബ്ലൈന്‍ഡ് സ്‌പോട്ട് പരിശോധിക്കുകയും വേണം.
വാഹനം ഓടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട സംഗതിയാണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍. നിങ്ങള്‍ അല്‍പ്പം വലിപ്പമുള്ള വാഹനം ഓടിക്കുകയാണെങ്കില്‍ പ്രത്യേകിച്ചും. ഡ്രൈവറുടെ കാഴ്ചയുടെ മണ്ഡലത്തിന് പുറത്തുള്ള റോഡിന്റെ ഒരു ഭാഗമാണ് ബ്ലൈന്‍ഡ്സ്പോട്ട്. വാഹനത്തിന്റെ ഭാഗത്ത് മറഞ്ഞിരിക്കുന്നതിനാല്‍ വിന്‍ഡ്ഷീല്‍ഡിലൂടെ മുന്നിലേക്ക് നോക്കിയോ മിററുകള്‍ ഉപയോഗിച്ചോ ദൃശ്യമാകാത്ത മേഖലയാണിത്. സ്ഥലത്തെ കുറിച്ചുള്ള അവബോധമുണ്ടായിരിക്കുകയും നിങ്ങള്‍ക്ക് കാണാന്‍ പറ്റാത്ത വശത്ത്കൂടി ചെറിയ വാഹനങ്ങള്‍ വരുന്നുണ്ടോ എന്നും ശ്രദ്ധ വേണം.
നിങ്ങളുടെ വാഹനം എങ്ങോട്ട് തിരിയുന്നുവെന്ന് മറ്റ് ഡ്രൈവര്‍മാരെ അറിയിക്കാന്‍ കൃത്യമായി ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുക. ഇന്ന് നമ്മുടെ നാട്ടിലെല്ലാം നാലുവരിപ്പാതയും ആറുവരിപ്പാതയുമെല്ലാം വന്നുകൊണ്ടിരിക്കുകയാണ്. എക്‌സ്പ്രസ്‌വേകളില്‍ ലെയ്ന്‍ മാറുമ്പോഴും ഇന്‍ഡിക്കേറ്ററിടേണ്ടത് അത്യന്താപേക്ഷിതമാണ്. മാത്രമല്ല നിങ്ങള്‍ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നിന്ന് പുറത്തുകടക്കുമ്പോഴും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കണം.
അശ്രദ്ധമായി വാഹനമോടിക്കുന്നതാണ് പല അപകടങ്ങള്‍ക്കും കാരണം. വാഹനമോടിക്കുമ്പോള്‍ മിക്ക ആളുകളും ഫോണ്‍ ഉപയോഗിക്കുന്നത് കാണാം. ഇത് അത്യന്തം അപകടമാണെന്ന് പറയേണ്ട കാര്യമില്ലെല്ലോ. ഡ്രൈവ് ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും കണ്ണ് റോഡില്‍ വേണം. ഫോണില്‍ നോക്കുന്ന ഒരു സെക്കന്‍ഡ് സമയം മതി കാര്യങ്ങള്‍ തകിടം മറിയാന്‍. അതുകൊണ്ട് വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ തെറ്റിക്കുന്ന ഫോണ്‍ അടക്കമുള്ള ഒന്നും ഉപയോഗിക്കാതിരിക്കുക.


Click it and Unblock the Notifications








