18 വര്‍ഷം പഴക്കമുള്ള കാര്‍ സംസ്‌കരിച്ച് ഇന്ത്യന്‍ കുടുംബം! 1500 പേര്‍ പങ്കെടുത്ത ചടങ്ങിനായി പൊടിച്ചത് 4 ലക്ഷം
സ്വന്തമായി വാങ്ങിയ കാറിനെ കുടുംബാംഗത്തെ പോലെ കരുതുന്നവാരണ് അധികമാളുകളും. അവയോടുള്ള സ്‌നേഹം നിമിത്തം കാറിന് ചില വിളിപ്പേരുകളും നല്‍കിപ്പോരുന്നു. കാര്‍ വാങ്ങിയതിന് ശേഷം തന്റെ ജീവിതസാഹചര്യം മെച്ചപ്പെട്ടതായി തുറന്ന് പറയുന്നവരെയും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇങ്ങനെ ഉള്ള ഒരു കാര്‍ അതിന്റെ ആയുസിന്റെ അവസാനത്തോടടുക്കുമ്പോള്‍ അല്ലെങ്കില്‍ നന്നേ പഴയയതായാല്‍ ഉടമകള്‍ എന്താണ് ചെയ്യുക?. ഒന്നുകില്‍ കാര്‍ ആര്‍ക്കെങ്കിലും വില്‍ക്കുകയോ ഉപയോഗിക്കാന്‍ കൊടുക്കുകയോ ചെയ്യും. അതുമല്ലെങ്കില്‍ കാര്‍ സ്‌ക്രാപ് ചെയ്യാന്‍ കൊടുക്കും എന്നതായിരിക്കും ഉത്തരം. എന്നാല്‍ നമ്മുടെ ഇന്ത്യയില്‍ ഒരു കുടുംബം തങ്ങളുടെ ഭാഗ്യമായ 'ലക്കി'യെ ആചാരപൂര്‍വം സംസ്‌കരിക്കുകയാണ് ചെയ്തത്.
വിചിത്രമായി തോന്നാമെങ്കിലും തങ്ങളുടെ കുടുംബത്തിന് സമൃദ്ധിയുമായി 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് കടന്ന് വന്ന മാരുതി സുസുക്കി വാഗണ്‍ ആറിനെയാണ് ഗുജറാത്തുകാരനായ സഞ്ജയ് പോള്‍റയും കുടുംബവും ലക്കിയെന്ന് വിളിച്ചത്. കാറിന്റെ അവസാന നാളുകള്‍ എണ്ണപ്പെട്ടുവെന്ന് മനസിലാക്കിയ കുടുംബം എല്ലാ ആചാരങ്ങളോടെയും ഇതിനെ സംസ്‌കരിക്കുകയായിരുന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ പാദര്‍ഷിംഗ് ഗ്രാമത്തില്‍ നിന്നുള്ള സംഭവം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.

15 അടി താഴ്ചയുള്ള കുഴിമാടം ഒരുക്കിയാണ് കാറിനെ അടക്കം ചെയ്തത്. പൂമാലകള്‍ കൊണ്ട് അലങ്കരിച്ച ശേഷമായിരുന്നു താല്‍ക്കാലികമായി നിര്‍മിച്ച സ്ലോപ്പിലൂടെ കാര്‍ കുഴിയിലേക്ക് ഇറക്കിയത്. മതനേതാക്കളും പുരോഹിതന്‍മാരുമടക്കം 1500-ലേറെ പേരാണ് വാഗണ്‍ആറിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. ഗ്രാമവാസികള്‍ സമാധി സ്ഥലത്ത് കാറിന് ചുറ്റും ഗര്‍ബ നൃത്തം അവതരിപ്പിക്കുകയും ഈ സ്ഥലത്ത് ഒരു മരം നട്ടുപിടിപ്പിക്കുകയും ചെയ്തു.
ലക്കിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കായി വിഭവസമൃദ്ധമായ വിരുന്നും സംഘടിപ്പിച്ചിരുന്നു. ഈ ഒരു പരിപാടി നടത്തുന്നതിനായി 4 ലക്ഷം രൂപയാണ് കുടുംബം പൊടിച്ചത്. സഞ്ജയ്ക്കും കുടുംബത്തിനും ഭാഗ്യം കൊണ്ടുവന്ന കാര്‍ ആയതിനാലാണ് 2006-ല്‍ വാങ്ങിയ വാഗണ്‍ആറിനെ അവര്‍ ലക്കി എന്ന് വിളിച്ചത്. സൂറത്തില്‍ പ്രോപ്പര്‍ട്ടി ബ്രോക്കറാണ് സഞ്ജയ്. കുടുംബം പച്ചപിടിപ്പിക്കാന്‍ വേണ്ടി സൗരാഷ്ട്രയില്‍ നിന്ന് സൂറത്തിലേക്ക് മാറിയ സഞ്ജയ്‌യുടെ ജീവിതം ലക്കി വന്നതോടെ മാറിമറിഞ്ഞതായാണ് പറയപ്പെടുന്നത്.

പ്രദേശത്തെ അറിയപ്പെടുന്ന ബില്‍ഡറായി മാറിയ അദ്ദേഹം ഇപ്പോള്‍ വില കൂടിയ ഔഡി ആഡംബര കാറിന്റെ ഉടമായാണ്. ഇതിനെല്ലാം കാരണം തന്റെ ആദ്യത്തെ കാറാണെന്ന് പറയുകയാണ് ഇദ്ദേഹം. വിപുലമായി നടത്തിയ കാര്‍ സംസ്‌കാര ചടങ്ങിന് നാല് പേജുള്ള ക്ഷണക്കത്തും അദ്ദേഹം അച്ചടിച്ചിരുന്നു. ഇക്കഴിഞ്ഞ കാലങ്ങള്‍ക്കിടെ കാറിന്‍േറതായി പകര്‍ത്തിയ വിവിധ ചിത്രങ്ങള്‍ ഈ ക്ഷണക്കത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഇത് വായിക്കുമ്പോള്‍ വിചിത്രമായി തോന്നാമെങ്കിലും സ്വന്തം വാഹനങ്ങളോട് ചിലര്‍ക്കുള്ള വൈകാരിക അടുപ്പവും ആദരവുമാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രത്യേകിച്ചും ആദ്യമായി വാങ്ങിയ കാറുകളോട്. ഇത്തരമൊരു കാഴ്ച ആദ്യമായാണെങ്കിലും വരുംദിവസങ്ങളില്‍ ഇതുപോലെ ഒത്തിരി വീഡിയോകള്‍ കണ്ടേക്കാം. ഈ വീഡിയോ കാണുന്ന ചിലര്‍ എങ്കിലും ഈ കാര്‍ ആര്‍ക്കെങ്കിലും വെറുതേ കൊടുക്കുകയോ അല്ലെങ്കില്‍ പൊളിക്കുകയോ ചെയ്യാമായിരുന്നു എന്ന് വാദിച്ചേക്കാം. എന്നാല്‍ കാറിനെ തലമുറകളുമായി ബന്ധിപ്പിക്കാനായി സഞ്ജയ് കണ്ടുപിടിച്ച മാര്‍ഗമായിരുന്നു 'സമാധി' തീര്‍ക്കല്‍.

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാര്‍ മോഡലുകളില്‍ ഒന്നാണ് വാഗണ്‍ ആര്‍. കാലികമായ അപ്‌ഡേറ്റുകളുമായി ഇന്നും സാധാരണ ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രഥമ ചോയ്‌സുകളില്‍ ഒന്നായി തുടരുകയാണ് ഈ ടോള്‍ബോയ് ഹാച്ച്ബാക്ക്. 26 വര്‍ഷമായി വിപണിയിലുള്ള ഹാച്ച്ബാക്ക് ഇതിനോടകം 32 ലക്ഷം കുടുംബങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. വാങ്ങിയവര്‍ തന്നെ വീണ്ടും വീണ്ടും വാങ്ങുന്നുവെന്നതണ് ഇതിന്റെ പ്രത്യേകതകളില്‍ ഒന്ന്.
1.0-ലിറ്റര്‍, 1.2-ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാണ് നിലവിലെ തലമുറ വാഗണ്‍ആറിന് തുടിപ്പേകുന്നത്. മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ വാങ്ങാം. വാഗണ്‍ആറിന്റെ സിഎന്‍ജി പതിപ്പുകളും വിപണിയിലുണ്ട്. പെട്രോള്‍ മോഡലുകള്‍ ലിറ്ററിന് 25 കിലോമീറ്ററും സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 34.05 കിലോമീറ്ററുമാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ 5.54 ലക്ഷം രൂപ മുതലാണ് വാഗണ്‍ആറിന്റെ വില ആരംഭിക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്.


Click it and Unblock the Notifications








