ഹെല്‍മെറ്റിടാതെ പൊലീസുകാരുടെ മുന്നിലൂടെ പോകാന്‍ 'ധൈര്യമുള്ള' സാധാരണക്കാരന്‍! കാരണം അറിയണോ?
ഇന്ത്യയില്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. എന്നിരുന്നാലും ഹെല്‍മെറ്റ് ധരിക്കാന്‍ മടി കാണിക്കുന്നവര്‍ ഒത്തിരിയുണ്ട് നമുക്ക് ചുറ്റും. എഐ ക്യാമറകള്‍ വന്നതോടെ പട്ടണങ്ങളിലുള്ളവര്‍ ഹെല്‍മെറ്റ് വെക്കുന്നത് പതിവാക്കിയിട്ടുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും ഹെല്‍മെറ്റില്ലാതെ കറങ്ങുന്നവരുടെ എണ്ണം തുലോം കൂടുതലാണ്. ഇവിടെയെല്ലാം മടി കാരണമോ അല്ലെങ്കില്‍ സ്വന്തം തീരുമാനപ്രകാരമാണ് ഇരുചക്ര വാഹന യാത്രികര്‍ ഹെല്‍മെറ്റ് ധരിക്കാതെ പോകുന്നത്. എന്നാല്‍ തന്റെ തലയുടെ സംരക്ഷണത്തിനായി ഹെല്‍മെറ്റ് ധരിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും അതിന് സാധിക്കാതെ വന്ന ഒരു മനുഷ്യനുണ്ട്. അദ്ദേഹത്തെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.
വിപി ഫാക്ട്‌സ് ഷോട്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ഒരു വീഡിയോ ഗുജറാത്ത് സ്വദേശിയായ സാക്കിര്‍ മേമന്റെ ദുരവസ്ഥ വിവരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ച വീഡിയോ ആണെങ്കിലും ഇത് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഹെല്‍മെറ്റ് ധരിക്കാതെ പൊലീസുകാരുടെ മുന്നില്‍ പെട്ടാല്‍ പോലും അവര്‍ക്ക് സാക്കിറിന്റെ മേല്‍ പിഴ ചുമത്താന്‍ സാധിക്കില്ലെന്നാണ് വീഡിയോയില്‍ പറയുന്നത്. എന്നാലും എന്തുകൊണ്ടാണ് ഇദ്ദേഹത്തിന് ഹെല്‍മെറ്റ് ധരിക്കാന്‍ കഴിയാത്തത് എന്നായിരിക്കും എല്ലാവരുടെയും സംശയം.

സാക്കിറിന്റെ തല വളരെ വലുതായതിനാല്‍ പാകത്തിനുള്ള ഹെല്‍മറ്റ് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ത്യയില്‍ വില്‍ക്കുന്ന ഒരു ഹെല്‍മെറ്റിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര വലുതാണ് അദ്ദേഹത്തിന്റെ തല എന്നാണ് വീഡിയോയില്‍ അവതാരകന്‍ പറയുന്നത്. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ സാക്കിര്‍ മേമനെ പൊലീസ് പലതവണ തടഞ്ഞിട്ടുണ്ടെങ്കിലും ഹെല്‍മെറ്റ് ധരിക്കാന്‍ കഴിയാത്തതാണ് തന്റെ പ്രശ്‌നമെന്ന് ബോധ്യപ്പെട്ട ശേഷം വിട്ടയച്ചതായി സാക്കിര്‍ പറയുന്നു.
സാക്കിര്‍ പറയുന്നത് സത്യമാണെന്ന് ബോധ്യപ്പെടാനായി അദ്ദേഹത്തെയും കൂട്ടി ഹെല്‍മെറ്റ് കടയില്‍ പോയി പരിശോധന നടത്തിയ പൊലീസുകാര്‍ വരെയുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ തലക്ക് പാകമാകുന്ന ഹെല്‍മെറ്റ് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. ഈ ഒരു പ്രശ്‌നത്തിന് പരിഹാരമുണ്ടാകുന്നത് വരെ സാക്കിറിന് പിഴ ചുമത്താന്‍ അധികാരികള്‍ക്ക് സാധിക്കില്ല.

അതായത് സ്വന്തം തലക്ക് ഫിറ്റ് ആകുന്ന ഹെല്‍മെറ്റ് കിട്ടുന്നത് വരെ സാക്കിറിന് തന്റെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ നാട്ടിലൂടെ ചുറ്റിയടിക്കാം. ഇതിന് ഒരു പരിഹാരമില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. ഈ പ്രശ്‌നത്തില്‍ സാക്കിറിനോ പൊലീസിനോ ഒന്നും ചെയ്യാന്‍ കഴിയില്ല. ഏതെങ്കിലും ഹെല്‍മെറ്റ് നിര്‍മാണ കമ്പനി വിചാരിച്ചാല്‍ ഈ ഒരു പ്രശ്്‌നത്തിന് പരിഹാരം കാണാം.
ഗുജറാത്തുകാരന്റെ തലയുടെ അളവിന് അനുസരിച്ചുള്ള കസ്റ്റം മെയിഡ് ഹെല്‍മെറ്റ് നിര്‍മിക്കാന്‍ ഏതെങ്കിലും കമ്പനികള്‍ തയാറായി മുന്നോട്ട് വന്നാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. എന്നാല്‍ സാക്കിറിന് ഇത്തരത്തില്‍ ഏതെങ്കിലും കമ്പനി ഹെല്‍മെന്ന് നിര്‍മിച്ച് നല്‍കിയോ എന്ന കാര്യം ഞങ്ങള്‍ക്ക് ഉറപ്പ് പറയാന്‍ കഴിയില്ല. സാക്കിര്‍ മേമന്റെ പോലുള്ള അവസ്ഥ ലക്ഷത്തില്‍ ഓരാള്‍ക്കൊക്കെയേ വരികയുള്ളൂ.

അയാള്‍ ഹെല്‍മെറ്റ് ധരിക്കാന്‍ സന്നദ്ധനായിട്ടും യോജിക്കുന്ന ഒന്ന് ലഭിക്കാത്തതാണ് പ്രശ്‌നം. എന്നാല്‍ ഇന്നും നമ്മുടെ ചുറ്റും ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്ന ഒത്തിപേര്‍ ഉണ്ട്. ഗുരുതരമായ അപകടങ്ങളില്‍ നമ്മുടെ ശിരസ്സുകള്‍ക്ക് ഒരു രക്ഷാകവചമായി പ്രവര്‍ത്തിക്കുകയാണ് ഹെല്‍മെറ്റുകള്‍ ചെയ്യുന്നത്. ഹെല്‍മറ്റ് ധരിക്കുന്നത് മരണസാധ്യത 42 ശതമാനം കുറയ്ക്കുമെന്നും തലയ്ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത 69 ശതമാനം കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
അതുകൊണ്ട് പൊലീസുകാരെയും എംവിഡിക്കാരുടെയും പിഴയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയല്ലാതെ സ്വന്തം സുരക്ഷക്കായി ഹെല്‍മെറ്റ് ധരിക്കാന്‍ എല്ലാവരും സന്നദ്ധരാകുക. പിറകില്‍ ഇരിക്കുന്നയാളുകളുടെ തലയുടെ സംരക്ഷണവും പ്രധാനമാണ്. അതുകൊണ്ട് പില്യണ്‍ റൈഡറും ഹെല്‍മെറ്റ് ധരിക്കാന്‍ ശ്രദ്ധിക്കുക. പൊലീസുകാരെ പേടിച്ച് ഹെല്‍മെറ്റ് വാഹനത്തില്‍ തൂക്കിയിട്ട് പോകുകയും ചെക്കിംഗ് കാണുമ്പോള്‍ അല്ലെങ്കില്‍ ക്യാമറ കാണുമ്പോള്‍ മാത്രം ധരിക്കുന്നവര്‍ ഉണ്ട്. അതും ഒട്ടും നല്ലതല്ലെന്ന് ഓര്‍മിപ്പിക്കട്ടേ.


Click it and Unblock the Notifications








