പണം പോട്ടേ പ്രതാപം വരട്ടെ! 500 കോടി രൂപയ്ക്ക് യൂസഫലി വാങ്ങിയത് ഏറ്റവും വേഗമേറിയ പ്രൈവറ്റ് ജെറ്റിനെ
ലുലു ഗ്രൂപ്പ് ചെയർമാന്റെ പഴയ പ്രൈവറ്റ് ജെറ്റ് സെക്കൻഡ് മാർക്കറ്റിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തു വന്നത്, ഇപ്പോൾ അതിനു പിന്നാലെ യൂസഫഅലിയുടെ പുത്തൻ സ്വകാര്യ വിമാനത്തിന്റെ കൂടുതൽ വിവരങ്ങളും പുറത്തു വന്നിരിക്കുകയാണ്. അത്യാഡംബര സൗകര്യങ്ങളുള്ള ഗൾഫ് സ്ട്രീം G 600 എന്ന മോഡലാണ് എം.എ യൂസഫലിയുടെ പുതിയ വിമാനം. അമേരിക്കയിലെ വെർജീനിയ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ജനറൽ ഡൈനാമിക്സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് ഈ വിമാനത്തിന്റെ നിർമാതാക്കൾ. യൂസഫലിയുടെ പഴയ വിമാനവും ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സിന്റേത് തന്നെയായിരുന്നു.
2023 ഡിസംബറിലാണ് T7-YMA എന്ന റജിസ്ട്രേഷനിലുള്ള ഈ പുതിയ വിമാനം ഗൾഫ്‌സ്ട്രീം കമ്പനി നിർമിച്ച് പുറത്തിറക്കിയത്. പരമാവധി 19 യാത്രക്കാരെ വരെ ഉൾക്കൊള്ളാനാവുന്ന ഈ പ്രൈവറ്റ് ജെറ്റിനും 6600 നോട്ടിക്കൽ മൈൽ വരെ സുഖസുന്ദരമായി പറക്കാനാവും. മുൻ മോഡലിൽ ഉണ്ടായിരുന്ന റോൾസ് റോയ്സ് എഞ്ചിനു പകരം പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ എൻജിനാണ് ഇതിൽ ഉപയോഗിക്കുന്നത്.

മണിക്കൂറിൽ 925 കിലോമീറ്റർ വരെയാണ് ജെറ്റിന്റെ മാക്സിമം സ്പീഡ്. ലോകത്തിലെ ഏറ്റവും വേഗമുള്ള ലോംഗ് റേഞ്ച് പ്രൈവറ്റ് ജെറ്റാണ് ഇത് എന്നാണ് ഗള്‍ഫ് സ്ട്രീം കമ്പനി അവകാശപ്പെടുന്നത്. ഇന്നേക്ക് 10 വർഷം മുമ്പ്, 2014 ലാണ് വിമാനം ആദ്യമായി നിർമ്മാതാക്കൾ പ്രദർശിപ്പിച്ചത്.
ആദ്യ ഉടമക്ക് 2019 -ലാണ് ഫ്ലൈറ്റ് ലഭിച്ചത്. ഇതുവരെ ഈ വിമാനത്തിന്റെ 100 -ൽ അധികം യൂണിറ്റുകൾ ഗള്‍ഫ് സ്ട്രീം വിറ്റിട്ടുണ്ട്. അത് കൂടാതെ ജോർജിയയിലെ സാവന്നയിൽ നിന്ന് ജനീവയിലേക്ക് വെറും 7.21 മണിക്കൂർ കൊണ്ട് പറന്നെത്തി റെക്കോർഡിട്ടിട്ടുണ്ട് ഈ മഹാൻ എന്നതും ശ്രദ്ധേയമാണ്.

ന്യൂയോർക്കിൽ നിന്ന് ദുബായിലേക്കും ലണ്ടനിൽ നിന്ന് ബീജിംഗ് വരെയും ലോസാഞ്ചലസിൽ നിന്ന് ഷാങ്ഹായ് വരെയും നിർത്താതെ പറക്കാനാകും ഈ അത്യാംഡബര വിമാനത്തിന് കഴിയും. കനേഡിയൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ 815 GA എന്ന എൻജിനാണ് ഈ ജെറ്റിന്റെ ഹൃദയം. രണ്ട് എഞ്ചിനുകളും 15680 പൗണ്ട് ത്രസ്റ്റ് വീതം നൽകും.
പറന്നുയരാൻ 5700 അടി റൺവേയും ലാൻഡ് ചെയ്യാൻ 3100 അടി റൺവേയും ജെറ്റിന് ആവശ്യമാണ്. കൂടാതെ 51000 അടി വരെ ഉയരത്തിൽ ഇതിന് പറക്കാനാകും. 94600 പൗണ്ട് അതായത് 42,909 കിലോഗ്രാം ഭാരം വരെ വച്ചുകൊണ്ട് പറന്നുയരാനും 76800 പൗണ്ട് (lbs)/ 34835 കിലോഗ്രാം ഭാരം വരെ വഹിച്ചു കൊണ്ട് ലാൻഡ് ചെയ്യാനും വിമാനത്തിന് കഴിയും.
നിലവിൽ വിപണിയിലുള്ള ബിസിനസ്, പ്രൈവറ്റ് ജെറ്റ് ഫ്ലൈറ്റുകളിൽ ഏറ്റവും നിശബ്ദമായ ക്യാബിനാണ് ഈ വിമാനത്തിന് എന്നാണ് കമ്പനിയുടെ അവകാശവാദം. ആഡംബരത്തിന്റെ കാര്യത്തിൽ മാത്രമല്ല, സുരക്ഷയിലും ഈ വിമാനം മുൻപന്തിയിലാണ്. ഏറെ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഗള്‍ഫ് സ്ട്രീം സിമിറ്ററി ഫ്ലൈറ്റ് ഡക്കാണ് വിമാനത്തിന് ലഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ലോ വിസിബിലിറ്റിയിലും ലാൻഡ് ചെയ്യാൻ പറ്റുന്ന വളരെ നൂതനവും എൻഹാൻസിഡുമായ ഫ്ലൈറ്റ് വിഷൻ സിസ്റ്റവും വിമാനം ഉപയോഗിക്കുന്നു, അതുകൊണ്ട് തന്നെ എളുപ്പം ലാൻഡ് ചെയ്യാൻ സാധിക്കും. 19 പേർക്ക് വരെ ഇരുന്ന് യാത്ര ചെയ്യാനും 10 പേർക്ക് വരെ ഇതിൽ കിടക്കാനും പറ്റും. വിമാനത്തിൽ ഗൾഫ് സ്ട്രീം സിഗ്നേച്ചർ ഓവൽ ഷെയ്പ് വിന്റോകൾ 14 എണ്ണമുണ്ട്. ഏകദേശം 500 കോടി രൂപയോളമാണ് ഈ പുത്തൻ പ്രൈവറ്റ് ജെറ്റിന്റെ വില.


Click it and Unblock the Notifications








