ഇക്കാര്യങ്ങള്‍ കാറില്‍ വെച്ചിട്ട് പോകല്ലേ... നാശത്തിലേക്കാകും പോക്ക്
ഇന്ന് ഏറ്റവും കംഫര്‍ട്ടായി യാത്ര ചെയ്യാന്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗമാണ് കാര്‍ യാത്ര. ആധുനിക കാറുകളില്‍ ഇല്ലാത്ത സുഖസൗകര്യങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് നമുക്ക് പറയാം. അതിനാല്‍ തന്നെ ഇന്ന് കാറുകളില്‍ തന്നെ രാപ്പാര്‍ത്ത് ലോകരാജ്യങ്ങള്‍ ചുറ്റുന്നവരെ നാം കണ്ടിട്ടുണ്ട്.
ഒരാള്‍ക്ക് അത്യാവശ്യമായി വേണ്ട കാര്യങ്ങള്‍ നമ്മള്‍ കാറിനകത്ത് സൂക്ഷിക്കുന്നു. ടിഷ്യൂ പേപ്പര്‍ മുതല്‍ വെള്ളക്കുപ്പി വരെ പല സാധനങ്ങളും നമ്മള്‍ സ്ഥിരമായി കാറില്‍ സൂക്ഷിക്കുന്ന വസ്തുക്കളാണ്. എന്നാല്‍ കാറിനുള്ളില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കളുമുണ്ട്. ഇത്തരം വസ്തുക്കള്‍ കാറില്‍ സൂക്ഷിക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയേക്കും. കാറിനുള്ളില്‍ ഏതൊക്കെ വസ്തുക്കളാണ് സൂക്ഷിക്കാന്‍ പാടില്ലാത്തത് എന്ന കാര്യം അറിയാന്‍ തുടര്‍ന്ന് വായിക്കാം.

സാനിറ്റൈസര്‍: കോവിഡ് മഹാമാരി ലോകത്തെയാകെ പിടിച്ചുലച്ചപ്പോള്‍ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായി മാറിയ വസ്തുക്കളില്‍ ഒന്നാണ് സാനിറ്റൈസര്‍. കോവിഡിന്റെ പിടി അഴഞ്ഞ ശേഷവും ഹാന്‍ഡ് സാനിറ്റൈസര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. അതിനാല്‍ തന്നെ കാറിനകത്ത് ഇത്തരത്തില്‍ ഒരു സാനിറ്റൈസര്‍ ബോട്ടില്‍ സൂക്ഷിക്കുന്ന ശീലം ചിലര്‍ക്കുണ്ടാകും. ഈ സാനിറ്റൈസറുകളില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന കാര്യം പലര്‍ക്കും അറിയുമായിരിക്കും. ആല്‍ക്കഹോള്‍ തീപിടിക്കാന്‍ സാധ്യതയുള്ളതാണ്. കാറിനകത്ത് സൂക്ഷിച്ച സാനിറ്റൈസറിലേക്ക് നേരിട്ട് സൂര്യപ്രകാശം പതിച്ചാല്‍ അത് വലിയ അപകടമാണ്.
നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്ത് പോയല്‍ അകത്ത് ചൂട് കൂടും. ഇത് സാനിറ്റൈസര്‍ പൊട്ടിത്തെറിക്കുന്ന സാഹചര്യത്തിലേക്ക് വരെ നയിച്ചേക്കും. ഇത്തരത്തില്‍ ചില സംഭവങ്ങള്‍ വിദേശ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ സാനിറ്റൈസര്‍ കാറില്‍ വെച്ച് പോകുന്നത് അത്യന്തം അപകടകരമാണെന്നതിനാല്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കുക. അഥവാ കൊണ്ടുപോകുന്നുണ്ടെങ്കില്‍ തന്നെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് സൂക്ഷിക്കാതിരിക്കുക.

സണ്‍സ്‌ക്രീനും സൗന്ദര്യവര്‍ധക വസ്തുക്കളും: പുറത്തിറങ്ങുമ്പോള്‍ സൂര്യപ്രകാശത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരുണ്ട്. സണ്‍സ്‌ക്രീനും മറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കളും കാറില്‍ ഉപേക്ഷിച്ച് പോകുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. കാറിനകത്ത് നല്ല ചൂടുള്ള സ്ഥലത്താണ് കോസ്‌മെറ്റിക്‌സ് സൂക്ഷിക്കുന്നതെങ്കില്‍ അതിന്റെ സ്വഭാവം മാറുകയും കേടാകുകയും ചെയ്യും. ഇത് പിന്നീട് ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും. അതിനാല്‍ തന്നെ സണ്‍സ്‌ക്രീന്‍ അടക്കമുള്ള കോസ്‌മെറ്റിക് സാധനങ്ങള്‍ നിശ്ചിത ചൂട് ഉള്ള സ്ഥലങ്ങളില്‍ മാത്രം സൂക്ഷിക്കാന്‍ ശ്രമിക്കുക.
മരുന്നുകള്‍: നിത്യരോഗികളായ ആളുകള്‍ക്ക് ഓരോ ദിവസവും നിര്‍ബന്ധമായും മരുന്ന് കഴിക്കേണ്ടതുണ്ട്. പലപ്പോഴും കാറുകളുമായി പുറത്ത് ജോലിക്ക് പോകുന്ന ആളുകള്‍ക്ക് മരുന്ന് വണ്ടിയില്‍ തന്നെ സുക്ഷിക്കുന്ന പതിവുണ്ടാകും. ഇത് തികച്ചും തെറ്റായ ഒരു ശീലമാണ്. കാറിനകത്തെ താപനില മാറിക്കൊണ്ടിരിക്കുന്ന കാര്യം നിങ്ങൾക്ക് അറിയാമല്ലോ.
ചിലപ്പോള്‍ നമ്മള്‍ എസി ഓണാക്കും. ചിലപ്പോള്‍ വണ്ടി പാര്‍ക്ക് ചെയ്ത് പോകും. ഇതെല്ലാം മരുന്നുകളെ സ്വാധീനിക്കും. മരുന്നുകള്‍ ഹൈപ്പോതെര്‍മിക് ആയതിനാല്‍ താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം അതിന്റെ ഫലപ്രാപ്തി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മരുന്ന് കഴിക്കുന്നതിന്റെ ഫലം കിട്ടണമെന്നുണ്ടെങ്കില്‍ അവ സ്ഥിരമായി കാറില്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ലൈറ്റര്‍: പുകവലിക്കുന്ന ശീലമുള്ളവര്‍ക്ക് സ്ഥിരമായി കൈയ്യില്‍ ഒരു ലൈറ്റര്‍ കൊണ്ടുനടക്കുന്ന ശീലമുണ്ടാകും. ചിലര്‍ സൗകര്യത്തിനായി കാറിനകത്തും ലൈറ്റര്‍ സൂക്ഷിക്കും. എന്നാല്‍ ലൈറ്ററിനകത്ത് കത്താന്‍ സാധ്യതയുള്ള ദ്രാവകമുള്ളതിനാല്‍ കാറിനകത്ത് അവ സൂക്ഷിക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നത് പോലെയാണ്. കാറിനകത്തെ താപനില കൂടിയാല്‍ ഇതിന് എളുപ്പത്തില്‍ തീ പിടിച്ചേക്കാം. അങ്ങനെ സംഭവിച്ചാല്‍ കാര്‍ തന്നെ മുഴുവനായി കത്തി നശിച്ചേക്കാമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

മദ്യം: മദ്യപിക്കുന്ന ശീലമുള്ള ചിലര്‍ എവിടെ പോയാലും അവരുടെ ഇഷ്ട ബ്രാന്‍ഡ് മാത്രമേ കഴിക്കാന്‍ ഇഷ്ടപ്പെടുകയുള്ളൂ. പോകുന്ന ഇടങ്ങളില്‍ അത് കിട്ടിയില്ലെങ്കിലോ എന്ന് കരുതി മദ്യം കാറില്‍ സ്്‌റ്റോക്ക് ചെയ്യുന്ന ചിലര്‍ ഉണ്ട്. എന്നാല്‍ മുകളില്‍ സാനിറ്റൈസറിന്റെ കാര്യത്തില്‍ പറഞ്ഞ അതേ കാര്യം തന്നെയാണ് ഇവിടെയും പറയാനുള്ളത്. തികച്ചും അപകടകരമായ ഈ പ്രവര്‍ത്തിയും ഒഴിവാക്കാന്‍ ശ്രമിക്കുക.
പ്ലാസ്റ്റിക് കുപ്പി: കാര്‍ യാത്രക്കിടെ ദാഹം ശമിപ്പിക്കാന്‍ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം വാങ്ങി സൂക്ഷിക്കാറുണ്ട്. ഇതും അത്ര നല്ല ശീലമല്ല. പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച വെള്ളത്തിലേക്ക് സൂര്യപ്രകാശം നേരിട്ട് അടിക്കാതെ ശ്രദ്ധിക്കണം. അത്തരത്തിലുള്ള വെള്ളം കുടിക്കുന്നത് ക്യാന്‍സറിന് വരെ കാരണമായേക്കാം. അതിനാല്‍ നിങ്ങളുടെ ആരോഗ്യത്തിനും കാറിന്റെ സുരക്ഷയും കരുതി മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കാറില്‍ ഉപേക്ഷിച്ച് പോകാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.


Click it and Unblock the Notifications








