'മേരാ ബാപ്പ് പെഹ്‌ലെ ആപ്പ്'! എന്റെ അച്ചൻ പൊലീസാണ്, പുള്ളി എല്ലാം നോക്കിക്കോളും; നടുറോഡിൽ ഷോയോഫുമായി ഇൻഫ്ളുവൻസർ
എങ്ങനേയും വൈറലാവുക മില്യണടിക്കുക എന്നതാണ് ഇന്ന തലമുറയുടെ ആകെയുള്ള ലക്ഷ്യം. അതിനു വേണ്ടി എന്തും ഒരു കൂസലുമില്ലാതെ കാട്ടിക്കൂട്ടുന്നതിൽ ഇവർ വരുംവരായകൾ ഒന്നും തന്നെ ചിന്തിക്കുന്നില്ല എന്ന് ഇതിനോടകം പല സംഭവങ്ങളും നമുക്ക് വെളിപ്പെടുത്തി തരുന്നു. മറ്റാരും ചെയ്യാത്തതും വ്യത്യസ്തമായതും സാഹസിയത നിറഞ്ഞതുമായ പ്രവർത്തികൾ ചെയ്ത് കൈയടി നേടുന്നതിനും ലൈക്കും ഷെയറും വാങ്ങുന്നതിലുമാണ് ഇവരുടെ ശ്രദ്ധ. ഈ പ്രഹസനങ്ങളിൽ പലപ്പോഴും നിയമത്തെ തന്നെ വെല്ലുവിളിച്ചുള്ള വാഹനാഭ്യാസങ്ങളാണ് കൂടുതലും എന്ന് പറയാതിരിക്കാൻ വയ്യ. എളുപ്പത്തിൽ ജനശ്രദ്ധ നേടാനുള്ള മാർഗ്രമായി ആളുകൾ തിരഞ്ഞെടുക്കുന്നത് ഇതാണ്.
ഇത്തരത്തില്‍ ഒരാൺകുട്ടി വാഹനത്തിനു മുകളില്‍ ഇരുന്നു നടത്തിയ അഭ്യാസമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ചര്‍ച്ചയാകുന്നത്. വാഹനത്തിന്റെ മുകളില്‍ സിനിമ സ്റ്റൈലിൽ സാഹസികമായി ഇരുന്നുള്ള യാത്രയാണ് ഇൻസ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ ഹരിയാന സ്വദേശി രക്ഷിത് ബെനിവാള്‍ പെട്ടെന്ന് വൈറലാകാനും ശ്രദ്ധ നേടാനുമായി തിരിഞ്ഞെടുത്ത എളുപ്പ വഴി.

ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി തുടർച്ചയായി ഈ ലംഘനം ആവര്‍ത്തിക്കുമ്പോഴും ഈ വ്യക്തിയുടെ പ്രധാന ധൈര്യം പൊലീസുകാരനായ പിതാവാണ് എന്നത് ശ്രദ്ധേയമാണ്. പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോകളില്‍ ഭൂരിഭാഗത്തിന്റെയും മുകളില്‍ എന്റെ പിതാവ് ഒരു പോലീസുകാരനാണെന്നും എന്ത് വന്നാലും അദ്ദേഹം സംരക്ഷിക്കും എന്നും ഏഴുതിയിരിക്കുന്നതു നമുക്ക് വ്യക്തമായി കാണാം.
എന്നാല്‍, വീഡിയോ വൈറലായതോടെ ഇൻഫ്ളുവൻസറായി രക്ഷിതിനും പൊലീസ് ഉദ്യോഗസ്ഥനായ അയാളുടെ പിതാവിനുമെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമര്‍ശനങ്ങളാണ് ഉയർന്നു വരുന്നത്. പ്രധാനമായും ഇൻഫ്ളുവൻസർ പോസ്റ്റ് ചെയ്ത രണ്ട് വീഡിയോകളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. വളരെ തിരക്കുള്ള ഒരു ഹൈവേയിലൂടെ തന്റെ ഥാറിന്റെ മുകളില്‍ ഇരുന്ന് യാത്ര ചെയ്യുന്നതാണ് രണ്ട് വീഡിയോയുടേയും ഉള്ളടക്കം.
എന്നാല്‍, തലക്കെട്ടുകളില്‍ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്ന് മാത്രം. നീ എന്തും ചെയ്തോ, ഞാന്‍ കൈകാര്യം ചെയ്‌തോളാം, ഇങ്ങനെ പറയുന്ന ഒരു അച്ഛന്‍ എനിക്കുണ്ട് എന്നാണ് പോസ്റ്റിൽ ഒന്നിൽ തലക്കെട്ടായി ഏഴുതിയിരിക്കുന്നത്. മാസ് അച്ഛൻ എന്നൊക്കെ പലരും ഇതിനെ വാഴ്ത്തിയേക്കാം. പക്ഷേ ഇത്തരം കുരുത്തക്കേടിന് കൂട്ടു നിൽക്കുന്നത് ശരിയല്ല. 'മേരാ ബാപ്പ് പെഹ്‌ലെ ആപ്പ്' എന്ന് വേണേൽ ഇതിനെ പറയാം.
അടുത്തതായി രണ്ടാമത്തെ വീഡിയോയും മഹീന്ദ്ര ഥാറിന് മുകളില്‍ ഇരുന്നുള്ള നഗര യാത്ര തന്നെയാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ ആരെയും ഭയപ്പെടാത്തത്, ആരാണ് നിങ്ങളുടെ പിന്നില്‍ എന്നും എനിക്ക് എന്റെ അച്ഛന്റെ പിന്തുണ ഉണ്ട് എന്നുമാണ് ഈ വീഡിയോയുടെ ക്യാപ്ഷനില്‍ മാസ് കാട്ടാനായി ബോൾഡായി എഴുതിയിരിക്കുന്നത്.

ഈ രണ്ട് വീഡിയോയിലും പൊലീസ് യൂണിഫോം ധരിച്ച് ഒരു കെട്ടിടത്തില്‍ നിന്നിറങ്ങി ഥാറിനു ഉള്ളിലേക്ക് കയറുന്ന രക്ഷിതിന്റെ പിതാവിന്റെ വീഡിയോയും ഒരു പഞ്ചിനായി നല്‍കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോകള്‍ രണ്ടും കണ്ടിട്ടുള്ളത്. നിരവധി കമന്റുകളും വിമർശനങ്ങളും ഈ വീഡിയോകള്‍ക്ക് താഴെ വരുന്നുമുണ്ട്.
ഓടുന്ന ജീപ്പിന് മുകളില്‍ ഒരു കുട്ടി കൂസൽ ഇല്ലാതെ ഇരിക്കുന്നു, തന്റെ അച്ഛന്‍ പൊലീസാണ്, അദ്ദേഹം തന്നെ സംരക്ഷിക്കുമെന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്യുന്നു. എന്തൊക്കെയാണ് ഹരിയാനയില്‍ നടക്കുന്നത് എന്നാണ് ഈ വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകളിൽ ഒന്ന്. ഇത്തരത്തിൽ ഒട്ടനവധി വിമർശനങ്ങൾ ഉയരുന്നുണ്ട്.
തനിക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ട് എന്ന് ഇൻഫ്ളുവൻസർ പറയുന്ന പൊലീസുകാരനായ പിതാവിനെതിരെയും വലിയ വിമര്‍ശനങ്ങളാണ് നെറ്റിസൺസിനിടയിൽ ഉയർന്നു വരുന്നത്. ഇവന്റെ പിതാവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണം എന്നാണ് വലിയൊരു ശതമാനം ആളുകളും പറയുന്നത്. ഉത്തരവാദിത്വപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇത്തരം പ്രവണതകൾ പ്രോത്സാഹനം ചെയ്യരുത്.


Click it and Unblock the Notifications








