മഹീന്ദ്ര, ഹീറോ, ടിവിഎസ്, ഹോണ്ട എന്നിവര്‍ 2023 ഓട്ടോ എക്സ്പോയില്‍ പങ്കെടുത്തേക്കില്ല; വാഹനപ്രേമികള്‍ക്ക് നിരാശ
ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് നിരാശ സമ്മാനിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന 2023 ഓട്ടോ എക്സ്പോയില്‍ നിരവധി മുന്‍നിര ഓട്ടോമോട്ടീവ് ബ്രാന്‍ഡുകള്‍ പങ്കെടുത്തേക്കില്ല.

ഇന്ത്യയിലെ പ്രീമിയര്‍ മോട്ടോറിംഗ് ഷോയില്‍ സാധാരണയായി മിക്ക മുഖ്യധാരാ ബ്രാന്‍ഡുകളുടെയും പങ്കാളിത്തം കാണാറുണ്ട്. ഭാവിയിലെ ഉല്‍പ്പന്നങ്ങളിലോ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വാഹനങ്ങളിലോ ഉള്ള ഉപഭോക്തൃ താല്‍പ്പര്യം അളക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രധാന കാരണം.

കൂടാതെ വിവിധ സെഗ്മെന്റുകളിലും വില പരിധിയിലും വരാനിരിക്കുന്ന ടുവീലര്‍, ത്രീവീലര്‍, ഫോര്‍വീലര്‍ വാഹനങ്ങളുടെ പ്രിവ്യൂ കൂടി ആയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഉല്‍പ്പാദനത്തിനോടടുത്ത കണ്‍സപ്റ്റുകളുടെയും ഫ്യൂച്ചറിസ്റ്റിക് ഷോകേസുകളും ഭാവിയില്‍ ഒരു പ്രത്യേക ബ്രാന്‍ഡിന്റെ പ്രതീക്ഷകളെ കൂടുതല്‍ വര്‍ധിപ്പിക്കും.

എന്നിരുന്നാലും കോവിഡ് മഹാമാരി 2022 ഓട്ടോ എക്സ്പോക്ക് വെല്ലുവിളിയായി. രാജ്യത്തുടനീളമുള്ള വാഹനപ്രേമികളുടെ ഒരു വലിയ സംഗമമാണ് ഓട്ടോ എക്‌സ്‌പോ. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ കുറച്ച് വാഹന നിര്‍മ്മാതാക്കള്‍ മാത്രം പങ്കാളികളാകാന്‍ തയ്യാറെടുക്കുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍ കമ്പനി എന്നിവ 2023 ഓട്ടോ എക്സ്പോയുടെ ഭാഗമാകില്ലെന്ന് തീരുമാനിച്ചു.

ഇന്ത്യയിലെ തന്നെ മറ്റൊരു പ്രബല ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡും പങ്കെടുക്കില്ല. ഹാര്‍ലി-ഡേവിഡ്സണിന്റെ കാര്യത്തിലും ഇതുതന്നെയാണ് തീരുമാനമെന്നാണ് അറിയുന്നത്. ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ ഓല ഇലക്ട്രികും ഓട്ടോ എക്‌സ്‌പോ 2023-ല്‍ പങ്കെടുക്കാന്‍ സാധ്യതയില്ല.

പാസഞ്ചര്‍ കാര്‍ മേഖലയില്‍ നിന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സ്‌കോഡ ഓട്ടോ, ഫോക്സ്വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, റെനോ തുടങ്ങിയ കമ്പനികളും തങ്ങളുടെ സാന്നിധ്യം അറിയിക്കില്ല. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ മഹീന്ദ്ര ഒരു സ്ഥിരം പങ്കാളിയായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

പങ്കാളിത്തത്തിന് വേണ്ട ഉയര്‍ന്ന ചിലവുകള്‍ കൂടാതെ, ബ്രാന്‍ഡുകള്‍ വ്യക്തിഗത ലോഞ്ചുകള്‍ക്കായി അവരുടെ സോഷ്യല്‍ മീഡിയ സാന്നിധ്യം പ്രയോജനപ്പെടുത്തുന്നു. കാരണം വലിയ തുക ചെലവഴിക്കാതെ ഈ പ്രവണതയിലേക്ക് ബ്രാന്‍ഡുകള്‍ മാറുന്നത് വ്യക്തമായി കാണാന്‍ കഴിയും.

മാരുതി സുസുക്കി, ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ, ടാറ്റ മോട്ടോര്‍സ്, ടൊയോട്ട എന്നിവ ഓട്ടോ എക്‌സ്‌പോയില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്. എംജി മോട്ടോര്‍, ബിവൈഡി ഇന്ത്യ എന്നിവയും പങ്കെടുക്കും.

ആഡംബര കാര്‍ സെഗ്മെന്റില്‍ ജര്‍മനിയില്‍ നിന്നുള്ള മെര്‍സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു എന്നിവ മോട്ടോറിംഗ് ഷോയില്‍ പങ്കെടുക്കുന്നില്ല. അതേസമയം ടൊയോട്ടയുടെ ആഡംബര വിഭാഗമായ ലെക്സസ് നേയിഡയില്‍ തങ്ങളുടെ സ്റ്റാളുകള്‍ ഒരുക്കും.

ആകര്‍ഷകമായ പാക്കേജുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് 2023 ഓട്ടോ എക്സ്പോയില്‍ നിന്ന് പിന്‍വാങ്ങുന്ന ബ്രാന്‍ഡുകളുമായി എസ്‌ഐഎഎം നിലവില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അടുത്ത വര്‍ഷം ജനുവരി 13 മുതല്‍ 18 വരെ ഗ്രേറ്റര്‍ നേയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടിലാണ് ഓട്ടോ എക്‌സ്‌പോ 2023 നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ നടക്കേണ്ടിയിരുന്ന ഷോ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ലോകത്ത് കോവിഡ് പകര്‍ന്ന് പിടിക്കുന്നതിനിടെ 2020 ഫെബ്രുവരിയിലായിരുന്നു അവസാനമായി ഓട്ടോ എക്‌സ്‌പോ അരങ്ങേറിയത്.


Click it and Unblock the Notifications








