'റോഡ് മോശമാണെങ്കില്‍ ടോള്‍ വാങ്ങരുത്'; ഹൈവേ ഏജന്‍സികളെ നിര്‍ത്തിപ്പൊരിച്ച് ഗഡ്കരി
ഇന്ത്യയിലെ റോഡുകളെ കുറിച്ച് ഇപ്പോള്‍ പൊതുവേ നല്ല അഭിപ്രായമാണ്. രാജ്യത്തിന്റെ വിവിധ ദിക്കുകളെ ബന്ധിപ്പിച്ച് എക്‌സ്പ്രസ് ഹൈവേകള്‍ വന്നു. കേരളത്തിലും ഇപ്പോള്‍ എക്‌സ്പ്രസ് ഹൈവേകളുടെ പണികള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ കാലവര്‍ഷക്കാലമായതിനാല്‍ മഴ തിമിര്‍ത്ത് പെയ്യുകയാണ്. അതുകൊണ്ട് തന്നെ റോഡുകള്‍ പലതും തകര്‍ന്നിരിക്കുകയായിരിക്കും. ടോള്‍ ഈടാക്കുന്ന ഹൈവേകളുടെ ചില ഭാഗങ്ങള്‍ വരെ കുണ്ടും കുഴിയും നിറഞ്ഞതായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ മനസ്സില്ലാ മനസ്സോടെയാകും വാഹനയുടമകള്‍ ടോള്‍ കൊടുക്കുന്നത്. ഇതിനോടകം തന്നെ ജനോപകാരപ്രദമായ ഒത്തിരി തീരുമാനങ്ങള്‍ കൈക്കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് നിതിന്‍ ഗഡ്കരി (Nitin Gadkari).
ഇന്ത്യയുടെ ഹൈവേ മാന്‍ എന്നാണ് ഗഡ്കരിയെ വിശേഷിപ്പിക്കാറുള്ളത്. റോഡുകള്‍ നല്ലതല്ലെങ്കില്‍ ടോള്‍ ഈടാക്കരുതെന്ന് ഹൈവേ ഏജന്‍സികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രിയായ ഗഡ്കരി. ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സാറ്റലൈന്ന് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനത്തെ കുറിച്ചുള്ള ആഗോള ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.

'നിങ്ങള്‍ നല്ല നിലവാരമുള്ള സേവനം നല്‍കുന്നില്ലെങ്കില്‍, ടോള്‍ ഈടാക്കരുത്... ഉപയോക്തൃ ഫീസ് ശേഖരിക്കുന്നതിനും ഞങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുമായി ഞങ്ങള്‍ ടോളിംഗ് ആരംഭിക്കാനുള്ള തിരക്കിലാണ്' റോഡ് ഗതാഗത, ഹൈവേ മന്ത്രി പറഞ്ഞു. മികച്ച നിലവാരമുള്ള റോഡ് നല്‍കുന്നിടത്ത് ഉപയോക്തൃ ഫീസ് വാങ്ങണമെന്നും കുഴികളും ചെളിയും നിറഞ്ഞ റോഡുകളില്‍ ടോള്‍ പിരിക്കുന്നെങ്കില്‍ ജനങ്ങളില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ഹൈവേ ഏജന്‍സികളിലെ ഫീല്‍ഡ് ഓഫീസര്‍മാര്‍ ടോള്‍ പ്ലാസകളിലെ കാലതാമസം മൂലമുണ്ടാകുന്ന പൊതുജനങ്ങളുടെ വേദനയെക്കുറിച്ച് സംവേദനക്ഷമതയുള്ളവരായിരിക്കണമെന്നും പരാതികള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള സംവിധാനത്തിനായി വാദിക്കണമെന്നും ഗഡ്കരി ഊന്നിപ്പറഞ്ഞു. ദേശീയപാതകളുടെയും ടോള്‍ പിരിവു നടപടികളുടെയും അവസ്ഥ സംബന്ധിച്ച് യാത്രക്കാര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന നിരാശ മന്ത്രി അധികൃതരുടെ ചെവികളില്‍ എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ടോള്‍ അടയ്ക്കുന്നതിനുള്ള നിര്‍ബന്ധിത സംവിധാനമായ ഫാസ്ടാഗ് 2021 മുതലാണ് നടപ്പിലാക്കിയത്. വാഹനങ്ങളില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് ടാഗുകള്‍ വഴി 98 ശതമാനം ഇടപാടുകളും സുഗമമാക്കിയെന്നാണ് അവകാശവാദം. എങ്കിലും ടോള്‍ പ്ലാസകളിലെ നീണ്ട വരി അവസാനിക്കാത്ത സാഹചര്യത്തില്‍ ഫാസ്ടാഗിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നു. രാജ്യത്തുടനീളം ടോള്‍ പ്ലാസകളില്‍ നീണ്ട ക്യൂ ഒഴിവാകാത്ത സാഹചര്യത്തിലാണ് ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജിഎന്‍എസ്എസ്) അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സംവിധാനത്തിലേക്ക് മാറാന്‍ ഹൈവേ അതോറിറ്റി ചിന്തിച്ചത്.
ഈ പുത്തന്‍ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ദേശീയപാതകളില്‍ നിന്ന് ടോള്‍ ബൂത്തുകള്‍ അപ്രത്യക്ഷമാകും. സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് ഹൈവേ അതോറിറ്റി പദ്ധതിയിടുന്നത്. വാണിജ്യ വാഹനങ്ങളിലായിരിക്കും തുടക്കമിടുക. ഈ വാഹനങ്ങള്‍ നിര്‍ത്താതെ കടന്നുപോകുന്നതിനായി ടോള്‍ പ്ലാസകളുടെ ഓരോ വശത്തും ഒരു ലെയിന്‍ നീക്കിവയ്ക്കുന്നു. വാണിജ്യ വാഹനങ്ങള്‍ക്ക് ജിഎന്‍എസ്എസ് അടിസ്ഥാനമാക്കിയുള്ള ടോളിങ്ങിന് അത്യാവശ്യമായ ഒരു ഓണ്‍ബോര്‍ഡ് യൂണിറ്റുള്ള വെഹിക്കിള്‍ ട്രാക്കര്‍ സിസ്റ്റം (വിടിഎസ്) ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്.

അടുത്ത ഘട്ടത്തില്‍ ജിഎന്‍എസ്എസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സംവിധാനം സ്വകാര്യ വാഹനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. സിസ്റ്റം നടപ്പിലാക്കുന്നത് സുഗമമാക്കുന്നതിന് കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങളിലും എന്‍എച്ച് ഫീസ് നിയമങ്ങളിലും നടപ്പാക്കേണ്ട ഭേദഗതിക്ക് ഗതാഗത മന്ത്രാലയം അന്തിമരൂപം നല്‍കി. പുതിയ മാറ്റങ്ങള്‍ക്ക് പുതിയ നിയമനിര്‍മ്മാണം ആവശ്യമില്ല.
പുതിയ സംവിധാനത്തിന് കീഴില്‍ വാഹന ഉടമകള്‍ക്ക് അവരുടെ വാഹനങ്ങളില്‍ ഓണ്‍ബോര്‍ഡ് യൂണിറ്റുകള്‍ (ഒബിയു) ഉണ്ടെങ്കില്‍ വാഹനാ നിര്‍ത്താതെ ടോള്‍ അടയ്ക്കുമ്പോള്‍ ടോള്‍ ചാര്‍ജില്‍ ഇളവുകള്‍ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. നേരെമറിച്ച് ഈ സംവിധാനം തിരഞ്ഞെടുക്കാത്തവര്‍ക്ക് അത് നേരെ തിരിച്ചായിരിക്കും ബാധിക്കുക. ജിഎന്‍എസ്എസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ലോജിസ്റ്റിക് ചെലവുകള്‍ കുറയ്ക്കുകയും ചെയ്യും.
സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ നല്‍കിയാല്‍ മതി എനനതിനാല്‍ തന്നെ സാധാരണക്കാരായ റോഡ് ഉപയോക്താക്കള്‍ക്ക് ഇത് ഏറെ ആശ്വാസമായിരിക്കും. ഓടുന്ന ദൂരത്തിന് മാത്രം പണം മതി എന്നതിനാല്‍ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കി കുറുക്കു വഴിക്ക് പോകുന്ന പരിപാടിയും കുറയുമെന്ന് പ്രതീക്ഷിക്കാം. കൂടുതല്‍ കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമായ ടോള്‍ സംവിധാനം കൊണ്ടുവരാനും ഇന്ത്യയിലെ ഹൈവേ യാത്രയുമായി ബന്ധപ്പെട്ട ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണ് ഗഡ്കരിയും ടീമും ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








