ഹിമാചല്‍ മുഖ്യമന്ത്രി ബജറ്റിനെത്തിയത് 20 വര്‍ഷം പഴക്കമുള്ള ആള്‍ട്ടോയില്‍; ലാളിത്യത്തിന് കൈയ്യടി
നമ്മുടെ രാജ്യത്ത് പ്രമുഖ രാഷ്ട്രീയ നേതാക്കളും ഭരണത്തലവന്‍മാരും വില കൂടിയ കാറുകളിലോ എസ്‌യുവികളിലോ എംപിവികളിലേ ആണ് സഞ്ചരിക്കാറുള്ളത്. രാഷ്ട്രപതി, പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്ക് അവരുടെ ഉത്തരവാദിത്തവും സുരക്ഷാ കാരണങ്ങളും പരിഗണിച്ച് അതീവ സുരക്ഷയുള്ള കാറുകളും കരിമ്പൂച്ചകളുടെ അകമ്പടിയോടെയുമാകും സഞ്ചരിക്കുക.
ഇന്ന് നമ്മുടെ കേരളത്തിലെ തന്നെ കാര്യമെടുത്താല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ഇതേ സമയം തന്നെ ലാളിത്യം കൊണ്ട് ശ്രദ്ധേയനാകുകയാണ് നമ്മുടെ രാജ്യത്തെ തന്നെ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖുവിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഈ നിയമസഭയിലെ ആദ്യ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തന്റെ പഴയ മാരുതി ആള്‍ട്ടോ കാറില്‍ മുഖ്യന്‍ എത്തുന്ന വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രാജ്യത്തെ പ്രമുഖ വാര്‍ത്ത ചാനലായ ന്യൂസ് 18 തങ്ങളുടെ യൂട്യൂബ് ചാനലില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ വൈറല്‍ വീഡിയോ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. തന്റെ പഴയ മാരുതി ആള്‍ട്ടോ ഹാച്ച്ബാക്കിലാണ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു ഹിമാചല്‍ പ്രദേശ് വിധാന്‍ സഭയില്‍ എത്തുന്നത്.
നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹിമാചല്‍ മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വസതിയായ ഓക്കോവറില്‍ നിന്നാണ് മാരുതി ആള്‍ട്ടോയില്‍ യാത്ര തിരിച്ചത്. കാര്‍ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഓടിച്ചപ്പോള്‍ അദ്ദേഹം പാസഞ്ചര്‍ സീറ്റില്‍ ഇരുന്നു. ലഹൗള്‍-സ്പിറ്റി എംഎല്‍എയും വിദ്യാഭ്യാസ മന്ത്രി രോഹിത് താക്കൂറും അദ്ദേഹത്തോടൊപ്പം കാറില്‍ ഉണ്ടായിരുന്നു. ഉപമുഖ്യമന്ത്രി മുകേഷ് അഗ്‌നിഹോത്രിയും പാര്‍ലമെന്ററി കാര്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ചൗഹാനും ചേര്‍ന്ന് മുഖ്യമന്ത്രിയെ വിധാന്‍സഭയില്‍ സ്വീകരിച്ചു.

കാറിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത് തന്റെ പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്നു എന്നായിരുന്നു ഹിമാചല്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞത്. വളരെക്കാലമായി അദ്ദേഹം ഈ കാര്‍ ഉപയോഗിക്കുന്നു. മുമ്പ് ആദ്യമായി എംഎല്‍എ ആയ സമയത്തും അദ്ദേഹം ഈ കാര്‍ ആണ് ഉപയോഗിച്ചിരുന്നത്. അന്നുമുതല്‍ അദ്ദേഹം വിധാന്‍സഭയിലേക്കുള്ള യാത്രയ്ക്കായി ഈ കാറാണ് ഉപയോഗിക്കുന്നത്. കാര്‍ മാറ്റാന്‍ അദ്ദേഹം ശ്രമിച്ചില്ല.
ആദ്യം വിധാന്‍സഭയ്ക്ക് പുറത്ത് ആള്‍ട്ടോ കാര്‍ കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ വണ്ടി തടഞ്ഞതായി വീഡിയോയില്‍ കാണാം. എന്നാല്‍ കാറിനകത്ത് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അമ്പരന്ന സെക്യൂരിറ്റിമാര്‍ വാഹനം അകത്തേക്ക് കയറ്റി വിടുകയായിരുന്നു. മുഖ്യമന്ത്രിയെന്ന വലിയ പദവിയില്‍ നില്‍ക്കുമ്പോഴും സുഖ്വീന്ദര്‍ സിംഗ് സുഖു തന്റെ ലാളിത്യം പ്രകടമാക്കിയ സന്ദര്‍ഭങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. പ്രഭാത നടത്തത്തിനിടെ അദ്ദേഹത്തെ സ്ഥിരമായി പ്രശസ്തമായ മാള്‍ റോഡില്‍ കാണാം.
ഒരു വിവിഐപി പ്രോട്ടോക്കോളും ഇല്ലാതെ അദ്ദേഹം ജനങ്ങളുമായി കുശലാന്വേഷണം നടത്തുകയും സംസാരിക്കുകയും ചെയ്യുന്നു. രാഷ്ട്രീയക്കാര്‍ തങ്ങളുടെ ശക്തിയും അധികാരവും സ്വാധീനവും പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗം കുടിയായിട്ടാണ് വില കൂടിയ കാറുകളെ കാണുന്നത്. അതിനായി വളരെ അപൂര്‍വ്വം യൂണിറ്റുകള്‍ മാത്രം ഇറങ്ങിയ ആഢംബര കാറുകള്‍ വാങ്ങിയ രാഷ്ട്രീയക്കാര്‍ നിരവധിയാണ്. മാരുതി ആള്‍ട്ടോ പോലെ ഒരു സാധാരണക്കാരന്റെ കാര്‍ ഉപയോഗിച്ച് കര്‍ത്തവ്യനിര്‍വഹണം നടത്തുന്ന രാഷ്ട്രീയക്കാരെ വളരെ വിരളമായി മാത്രമേ കാണാന്‍ സാധിക്കൂ.
ഹിമാചല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം ഒരു മഹീന്ദ്ര സ്‌കോര്‍പിയോ ആണ് ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ ആള്‍ട്ടോ പിന്നീട് ഈ സ്‌കോര്‍പിയോ എസ്‌യുവികള്‍ക്ക് സമീപത്തായി പാര്‍ക്ക് ചെയ്തതായി ശ്രദ്ധയില്‍ പെട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സുഖ്‌വീന്ദര്‍ സിംഗ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റത്.

ഇത് നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനമാണ്. മാരുതി ആള്‍ട്ടോ അദ്ദേഹത്തിന്റെ ഔദ്യോഗിക കാര്‍ അല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും ഇലക്ട്രിക് ആക്കാനുള്ള കര്‍മപദ്ധതിക്ക് കഴിഞ്ഞ വര്‍ഷം തന്നെ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, റേഞ്ച് റോവര്‍ തുടങ്ങിയ വിലകൂടിയ എസ്‌യുവികള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയക്കാര്‍ നമ്മുടെ രാജ്യത്തുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ ആ പട്ടികയില്‍ പെടും. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ കാറിനെ കുറിച്ചും അദ്ദേഹത്തിന്റെ ലാളിത്യത്തെയും കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്താണ്. സിംപിളായ കാറുകള്‍ ഉപയോഗിക്കുന്ന വേറെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉണ്ടെങ്കില്‍ അവര്‍ ആരൊക്കെയാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications








