മക്കളുടെ ആഗ്രഹം സഫലമാക്കി; 70,000 രൂപയുടെ ആക്ടിവയ്ക്കായി 15.44 ലക്ഷം രൂപയുടെ ഫാന്‍സി നമ്പര്‍
സ്വന്തമായി ഒരു വാഹനം വാങ്ങുകയെന്നത് ഏതൊരാളുടെയും സ്വപ്‌നങ്ങളില്‍ ഒന്നാണ്. അതിപ്പോള്‍ എത്ര വലിയ വാഹനമാണെങ്കിലും, ചെറിയ വാഹനമാണെങ്കിലും. വാഹനം വാങ്ങി കഴിഞ്ഞാല്‍ അതിന്റെ ഓരോ കാര്യങ്ങളും മനോഹരമായി ചെയ്യാനാകും നമ്മള്‍ ശ്രമിക്കുക.

വാഹനം വാങ്ങി കഴിഞ്ഞാല്‍ പിന്നെ പലരുടെയും ശ്രദ്ധ ഫാന്‍സി നമ്പറുകളിലേക്കാണ്. വാഹനം വാങ്ങുന്നതിനൊപ്പം തന്നെ ചെലവേറിയ ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്യുന്നതും ഇക്കാലത്ത് സാധാരണ വാര്‍ത്തയാണെന്ന് വേണം പറയാന്‍.

സിനിമാക്കാരും വ്യവസായികളും ഒക്കെ ഇത്തരത്തില്‍ തങ്ങളുടെ ഇഷ്ട നമ്പരിനുവേണ്ടി വലിയ പണം ചെലവഴിക്കുന്നത് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്യാറുണ്ട്. കാരണം മിക്കവര്‍ക്കും ഇത്തരത്തില്‍ ലഭിക്കുന്ന നമ്പര്‍ പദവിയുടെയും പ്രൗഢിയുടെയും പ്രതീകമായിട്ടാണ് കൊണ്ട് നടക്കാറും.

എന്നാല്‍ ഇത്തരത്തിലൊരു സംഭവം ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ചണ്ഡീഗഢില്‍ കഴിഞ്ഞ ദിവസം 0001 എന്ന ഫാന്‍സി നമ്പറിനായി ലേലത്തില്‍ ലഭിച്ചത് 15.44 ലക്ഷം രൂപയാണ്. 70,000 രൂപ വിലയുള്ള സ്‌കൂട്ടറിനായി ചണ്ഡീഗഡ് നിവാസിയായ ബ്രിജ് മോഹന്‍ ചെലവാക്കിയത് 15.44 ലക്ഷം രൂപയാണ്.

ഇതോടെയാണ് സംഭവം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയും വൈറലാകുകയും ചെയത്. തന്റെ കുട്ടിയുടെ ആവശ്യപ്രകാരമാണ് ഇത്രയും പണം മുടക്കി ഈ നമ്പര്‍ വാങ്ങിച്ചതെന്ന് ബ്രിജ് മോഹന്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

CH-01 CJ 0001 എന്ന നമ്പരാണ് ബ്രിജ് മോഹന്‍ തന്റെ സ്‌കൂട്ടിയ്ക്കായി സ്വന്തമാക്കിയത്. 'ഞാന്‍ ആദ്യം നമ്പറിന് അപേക്ഷിച്ചപ്പോള്‍, ഒരു ഫാന്‍സി നമ്പര്‍ വേണമെന്ന് കരുതി. ഇതോടെയാണ് ചണ്ഡീഗഡ് ആര്‍ടിഒയ്ക്ക് കീഴിലുള്ള CJ സീരീസിലുള്ള 0001 എന്ന നമ്പരിനു വേണ്ടി ശ്രമിച്ചതെന്നും ബ്രിജ് മോഹന്‍ പറഞ്ഞു.

മക്കളുടെ ആവശ്യപ്രകാരമാണ് ഇത്രയും പണം മുടക്കി ഈ നമ്പര്‍ സ്വന്തമാക്കിയത്. ഇതിന് മുമ്പും കുട്ടികളുടെ ആവശ്യപ്രകാരം മൊബൈലിന്റെ ഫാന്‍സി നമ്പര്‍ എടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു. തല്‍ക്കാലം തങ്ങളുടെ ആക്ടിവ സ്‌കൂട്ടിയില്‍ ഈ ഫാന്‍സി നമ്പര്‍ ഉപയോഗിക്കുമെന്ന് ബ്രിജ് മോഹന്‍ പറഞ്ഞു. ഒരു കാര്‍ വാങ്ങാനും ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. കാര്‍ എടുക്കുമ്പോള്‍, ഈ നമ്പര്‍ അതിലേക്ക് മാറ്റുമെന്നും ബ്രിജ് മോഹന്‍ വ്യക്തമാക്കി.

തനിക്ക് 0001 നമ്പര്‍ കിട്ടുമെന്ന് നേരത്തെ കരുതിയിരുന്നു. ഈ നമ്പരിനായി 50,000 രൂപയാണ് അടിസ്ഥാന വിലയിട്ടിരുന്നത്. ഒടുവില്‍ 15.44 ലക്ഷത്തിനാണ് നമ്പര്‍ സ്വന്തമാക്കിയത്. പുതിയ സീരീസായ CH-01-CJ-യുടെ ഫാന്‍സി നമ്പറുകള്‍, അവശേഷിച്ച നമ്പരുകള്‍, 2022 ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16 വരെ ലേലം ചെയ്തു.

ഏകദേശം 378 രജിസ്ട്രേഷന്‍ നമ്പറുകള്‍ രജിസ്ട്രേഷനും ലൈസന്‍സിംഗ് അതോറിറ്റിയും ലേലം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതുവഴി മൊത്തം 1.5 കോടി രൂപയോളം സ്വന്തമാക്കുകയും ചെയ്തു. ഏറ്റവും വിലയേറിയ നമ്പര്‍ ബ്രിജ് മോഹന്‍ വാങ്ങിയപ്പോള്‍, മറ്റ് വിലയേറിയ ഫാന്‍സി നമ്പറുകളില്‍ CH-01- CJ-007, CH-01-CJ-003 എന്നിവ ഉള്‍പ്പെടുന്നു, ഇവ രണ്ടിനും യഥാക്രമം 4.4 ലക്ഷം രൂപയും, 4.2 ലക്ഷം രൂപയും ലഭിച്ചു.

എല്ലാ പ്രത്യേക നമ്പരുകളും ഒരു കരുതല്‍ വിലയ്ക്കെതിരെയാണ് ലേലം വിളിച്ചത്, ലേലത്തില്‍ നിന്ന് ഒരു മാസത്തിനകം ലേലം വിളിക്കുന്നവര്‍ ബാക്കി തുക അടയ്ക്കേണ്ടതുണ്ട് അല്ലെങ്കില്‍ യഥാര്‍ത്ഥ തുകയുടെ ഏകദേശം 10 ശതമാനം പിഴ ഈടാക്കും.

CH-01- CJ-0001-ന്റെ കരുതല്‍ വില 50,000 ആയിരുന്നപ്പോള്‍, മറ്റ് രണ്ട് നമ്പറുകള്‍ക്കും 30,000 ആയിരുന്നു. ഇതുവരെ, ചണ്ഡിഗഡില്‍ 0001 എന്ന നമ്പറിനായി ആരെങ്കിലും നടത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന ബിഡ് 2012-ലാണ്, CH-01-AP സീരീസ് നമ്പറിനായി ഒരാള്‍ 26.05 ലക്ഷം നല്‍കിയതാണ്. അത് അദ്ദേഹത്തിന്റെ പുതിയ മെര്‍സിഡീസ് ബെന്‍സ് S-ക്ലാസിന് വേണ്ടിയുള്ളതായിരുന്നു.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് '0001' പോലുള്ള നമ്പരുകള്‍ക്കായി ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത സമയത്താണ് ഈ ലേലം നടക്കുന്നത്. ചണ്ഡീഗഢില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഖട്ടര്‍ ഇക്കാര്യം അറിയിച്ചത്.

ഇത്തരം നമ്പറുകള്‍ ഇ-ലേലം വഴിയാണ് അനുവദിക്കുന്നത്. ഇന്നുവരെ, ഹരിയാനയില്‍ 0001 നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുന്ന 179 സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങളുണ്ട്, കൂടാതെ 5 ലക്ഷം രൂപ മുതല്‍ ലേലത്തോടെ, ലേലത്തില്‍ നിന്ന് അധിക വരുമാനം നേടുകയായിരുന്നു ലക്ഷ്യം. ഈ ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ ഇ-ലേലം വഴി 18 കോടി രൂപ വരുമാനം നേടാനാകുമെന്നാണ് കണക്ക്.

രാജ്യത്തെ സ്‌കൂട്ടര്‍ നിരയിലെ ജനപ്രീയ മോഡലാണ് ഹോണ്ട ആക്ടിവ. 2022 ഏപ്രില്‍ 1 മുതല്‍ ആക്ടിവ ശ്രേണിയുടെ വില ഹോണ്ട വര്‍ദ്ധിപ്പിച്ചിരുന്നു. ആക്ടിവ 6G, ആക്ടിവ 125 എന്നിവയ്ക്ക് യഥാക്രമം 500 രൂപയും 1,000 രൂപയും വര്‍ദ്ധിപ്പിച്ചതായി കമ്പനി അറിയിച്ചു.

വില വര്‍ധനവോടെ ഇപ്പോള്‍ ആക്ടിവ 6G ഇപ്പോള്‍ 71,432 രൂപ എക്‌സ്‌ഷോറൂം വിലയിലും, ആക്ടിവ 125, 74,898 രൂപ എക്‌സ്‌ഷോറൂം വിലയിലുമാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഈ വില വര്‍ധനയ്ക്ക് പുറമെ, മറ്റ് മാറ്റങ്ങളൊന്നും കമ്പനി അവതരിപ്പിച്ചിട്ടില്ല. സുസുക്കി ആക്സസ് 125, ടിവിഎസ് ജൂപ്പിറ്റര്‍ 125 എന്നിവയുമായാണ് ഹോണ്ട ആക്ടിവ 125 മത്സരിക്കുന്നത്.


Click it and Unblock the Notifications








