ബില്‍ഡ് ക്വാളിറ്റി തെളിയിച്ച് എലിവേറ്റ്! ഇനി ആളുകള്‍ എസ്‌യുവി ചോദിച്ച് ഹോണ്ട ഷോറൂമിലെത്തും
ഇന്ത്യയില്‍ ഹോണ്ട വില്‍ക്കുന്ന ഏക എസ്‌യുവിയാണ് ഹോണ്ട എലിവേറ്റ്. പുറത്തിറങ്ങി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ വാഹനപ്രേമികളുടെ ഇഷ്ടം സമ്പാദിക്കാന്‍ ഈ കാറിന് സാധിച്ചു. അഴകും ഫീച്ചറുകളും മറ്റ് പ്രത്യേകതകളും മാത്രമല്ല എലിവേറ്റിന് നല്ല ബില്‍ഡ് ക്വാളിറ്റിയുമുണ്ടെന്ന് തെളിയിക്കുന്ന ഒരു വാര്‍ത്തയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കര്‍ണാടക തലസ്ഥാനമായ ബാംഗ്ലൂരില്‍ ഒരു തവണ പോയവര്‍ക്ക് ആ നഗരത്തിലെ മരങ്ങള്‍ കണ്ടിട്ടുണ്ടാകും. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന ബാംഗ്ലൂരില്‍ നഗരവത്കരണത്തിന്റെ കൂടെ തന്നെ മരങ്ങള്‍ നട്ടുപിടിപ്പിക്കാനും അവയുടെ സംരക്ഷണത്തിനും ഭരണകൂടം വലിയ പ്രാധാന്യം നല്‍കുന്നു. എന്നാല്‍ ഇത്തരം മരങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണിയായി വന്ന് ഭവിക്കാറുമുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ഒരു ഹോണ്ട എലിവേറ്റ് എസ്‌യുവിക്ക് മുകളിലേക്കായി ഒരു വന്‍മരം കടപുഴകി വീണു.

ഇതുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ ട്രാഫിക് പോലീസ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അതില്‍ നിന്ന് കാറിന് മുകളിലേക്ക് വീണ മരം എത്ര വലുതാണെന്ന് കാണാം. എന്നാല്‍ ഇത്രയും വലിയ മരത്തെ താങ്ങിനിര്‍ത്തുന്ന ഹോണ്ട എലിവേറ്റ് കാറിന്റെ ബില്‍ഡ് ക്വാളിറ്റി കണ്ടാണ് വഴിപോക്കരും നെറ്റിസണ്‍സും ഒരുപോലെ അത്ഭുതപ്പെടുന്നത്. മെയ് രണ്ടാം തീയതി വ്യാഴാഴ്ച രാവിലെ 9.15-ന് ദക്ഷിണ് ഹോണ്ടയുടെ ഡീലര്‍ഷിപ്പ് ഷോറൂമിന് പുറത്തായിരുന്നു സംഭവം.
സില്‍വര്‍ കളറിലുള്ള ഹോണ്ട എലിവേറ്റ് കാറാണ് അപകടത്തില്‍ പെട്ടതെന്ന് ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. ഭാഗ്യവശാല്‍ ഈ കാറിന് മുകളിലേക്ക് വീണത് ഒരു ഉണങ്ങിയ മരമായിരുന്നു. ഉണങ്ങിയ മരമായതിനാല്‍ തന്നെ ഭാരം കുറവായിരിക്കും. ഇതുമൂലം കാറിന്റെ റൂഫിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. സംഭവം നടന്നയുടന്‍ കബണ്‍ പാര്‍ക്ക് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഈ മരം വര്‍ഷങ്ങളായി ഉണങ്ങിയ നിലയിലായിരുന്നുവെന്നും ചൂട് വര്‍ധിച്ച സാഹചര്യത്തിലാണ് മരം വീണതെന്നുമാണ് പൊലീസ് പറയുന്നത്.
സിറ്റി, അമേസ് സെഡാനുകളുടെ മാത്രം ബലത്തില്‍ ഇന്ത്യയില്‍ പിടിച്ചുനിന്നിരുന്ന ഹോണ്ട കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മിഡ്‌സൈസ് എസ്‌യുവിയാണ് എലിവേറ്റ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്നീ വമ്പന്‍മാര്‍ വാഴുന്ന സെഗ്‌മെന്റില്‍ ഇതിനോടകം തന്‍േറതായ ഇടംകണ്ടെത്താന്‍ എലിവേറ്റിന് സാധിച്ചിട്ടുണ്ട്. ഹോണ്ട എലിവേറ്റ് ഇതുവരെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമായിട്ടില്ല.
എസ്‌യുവി ഇന്റേണൽ ടെസ്റ്റുകളില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ചതായും ആഗാള സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് പാലിക്കുന്നതായും ഹോണ്ട പറയുന്നു. ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ് ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ഹൈ-ബീം അസിസ്റ്റ്, സീറ്റ് ബെല്‍റ്റ് വാണിംഗ്, ചൈല്‍ഡ് സീറ്റിനുള്ള ആങ്കര്‍ പോയിന്റുകള്‍, ഓവര്‍സ്പീഡ് വാണിംഗ്, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, ആന്റി തെഫ്റ്റ് എഞ്ചിന്‍ ഇമ്മൊബിലൈസര്‍, ത്രീ-പോയിന്റ് സീറ്റ്‌ബെല്‍റ്റ്, ലെയ്ന്‍ സെന്‍ട്രല്‍ ലോക്കിംഗ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളാണ് എലിവേറ്റിന്റെ ഉയര്‍ന്ന വേരിയന്റില്‍ വരുന്നത്.

ഇപ്പോള്‍ വാഹനം ക്രാഷ് ടെസ്റ്റിന് മുമ്പേ തന്നെ കഴിവ് തെളിയിച്ചിരിക്കുകയാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. മരങ്ങള്‍ വീണിട്ടും കാറിന്റെ റൂഫ് ശക്തമായി നിലകൊള്ളുന്നത് ഹോണ്ട എലിവേറ്റ് കാറിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു. എന്നിരുന്നാലും വീണത് ഉണങ്ങിയ ഭാരം കുറഞ്ഞ മരമാണെന്ന കാര്യം കൂടി നാം മനസ്സിലാക്കണം. ഏതായാലും മരം കടപുഴകി വീണ സംഭവം ഡീലര്‍ഷിപ്പിന് നഷ്ടമാണെങ്കിലും കാര്‍ കരുത്ത് തെളിയിച്ചതിനാല്‍ അത് മൊത്തത്തില്‍ പോസിറ്റീവായി വരുമെന്ന് പ്രതീക്ഷിക്കാം.
SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഹോണ്ട എലിവേറ്റ് ഓഫര്‍ ചെയ്യുന്നത്. ഒബ്‌സിഡിയന്‍ ബ്ലൂ പേള്‍, ഫീനിക്‌സ് ഓറഞ്ച് പേള്‍, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക് തുടങ്ങി ആകര്‍ഷകമായ നിറങ്ങളിലും ഹോണ്ട എലിവേറ്റ് തെരഞ്ഞെുടക്കാം. അഞ്ചംഗ കുടുംബത്തിന് ഈ കാറില്‍ സുഖമായി യാത്ര ചെയ്യാം.

ഹോണ്ട എലിവേറ്റ് എസ്‌യുവി 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ലഭ്യമാകുന്നത്. വേരിയന്റിനെ ആശ്രയിച്ച് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാകും. ഇത് ലിറ്ററിന് 15.31 മുതല്‍ 16.92 കിലോമീറ്റര്‍ വരെ മെലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
യുവാക്കളെ ആകര്‍ഷിക്കാന്‍ പോന്ന ഡസന്‍ കണക്കിന് ഫീച്ചറുകള്‍ ഈ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് സെമി ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, സണ്‍റൂഫ് എന്നിവയാണ് പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍. 11.91 ലക്ഷം മുതല്‍ 16.20 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില.


Click it and Unblock the Notifications








