സ്വപ്‌നം അത് യാഥാര്‍ത്ഥ്യമാക്കാനുള്ളതാണ്..! സെയില്‍സ്മാനായിരുന്ന ഷോറൂമില്‍ നിന്ന് സൂപ്പര്‍ബൈക്കെടുത്ത് യുവാവ്
സ്വപ്നങ്ങളെ പിന്തുടരണമെന്നാണ് എല്ലാവരെയും നമ്മള്‍ ഉപദേശിക്കാറുള്ളത്. ചിലര്‍ സ്വപ്‌നം വിദൂരമായി തോന്നുമ്പോള്‍ പിന്‍മാറുന്നു. എന്നാല്‍ കഠിനാധ്വാനവും അര്‍പ്പണബോധവുമുണ്ടെങ്കില്‍ ഏത് സ്വപ്‌നവും യാഥാര്‍ത്ഥ്യമാകുമെന്ന് തെളിയിക്കുന്ന ഒരു കഥയാണ് ഇപ്പോള്‍ ഒരു യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഹോണ്ട (Honda) ഷോറൂമിലെ ജീവനക്കാരനായിരുന്ന അവന്‍ തന്റെ സ്വപ്ന ബൈക്കായ ഹോണ്ട CBR 650R (Honda CBR 650R) സ്വന്തമാക്കാന്‍ അതേ സ്ഥലത്ത് ഒരു ഉപഭോക്താവായി മടങ്ങിയെത്തിയ സന്തോഷവും അഭിമാനവും നല്‍കുന്ന വാര്‍ത്തയാണ് അവര്‍ പങ്കുവെച്ചത്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
2021-ല്‍ ഹോണ്ട ബിഗ് വിങ് ഷോറൂമില്‍ സെയില്‍സ് വിഭാഗത്തില്‍ റിലേഷന്‍ഷിപ്പ് മാനേജരായിരുന്നു അദ്ദേഹം നാല് വര്‍ഷം മറ്റുള്ളവരെ ബൈക്കുകള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുമ്പോള്‍ സ്വന്തമായി ഒരെണ്ണം സ്വന്തമാക്കുകയെന്ന സ്വപ്‌നം മനസ്സില്‍ താലോലിച്ച് കൊണ്ടുനടന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഈ വര്‍ഷം ഫലമുണ്ടായി. ഇന്ന് താന്‍ ജോലി ചെയ്ത അതേ ഷോറൂമില്‍ നിന്ന പുതിയ ഹോണ്ട CBR 650R ബൈക്കിനായി പണമടച്ചിരിക്കുകയാണ് ആ മിടുക്കന്‍.

തന്റെ സ്വപ്‌ന സാക്ഷാത്കാരത്തെ കുറിച്ച് യുവാവ് റെഡ്ഡിറ്റിലാണ് പോസ്്റ്റിട്ടത്. '2021-ല്‍ ഞാന്‍ ഒരു ഹോണ്ട ബിഗ് വിങ് ഷോറൂമില്‍ ജോലി ചെയ്തിരുന്നു. ഇന്ന് അതേ ഷോറൂമില്‍ നിന്ന് ഒരു പുതിയ ഹോണ്ട CBR 650R-ന് ഞാന്‍ അവസാന ഗഡു അടച്ചു' -നാല് വര്‍ഷത്തെ ഇടവേളയില്‍ എടുത്ത രണ്ട് ചിത്രങ്ങളും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചു. ആദ്യ ചിത്രത്തില്‍ ഹോണ്ട ഷോറൂം ജീവനക്കാരനായി CBR 650R മോട്ടോര്‍സൈക്കിളില്‍ ഇരിക്കുന്നതാണ് കാണാന്‍ സാധിക്കുക.
നാല് വര്‍ഷത്തിന് ശേഷം അതേ ബൈക്കിന്റെ പുത്തന്‍ വേരിയന്റിന്റെ ഉടമയായി അദ്ദേഹം വീണ്ടും പോസ് ചെയ്തു. 'അതെ, അത് എന്റെ ബൈക്കാണ്. അടുത്ത ബുധനാഴ്ച ഇത് ഡെലിവറി എടുക്കും. നാല് വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ അതേ ഷോറൂമില്‍ നിന്ന് എടുത്ത ചിത്രമാണിത്'-യുവാവ് പോസ്റ്റില്‍ കുറിച്ചു. സെപ്റ്റംബര്‍ 24-നാണ് പുത്തന്‍ ബൈക്കിന്റെ ഡെലിവറി നിശ്ചയിച്ചിരിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് റെഡ്ഡിറ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി പേര്‍ അദ്ദേഹത്തിനെ അഭിനന്ദിച്ചു.

രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ സൂപ്പര്‍ബൈക്കുകളില്‍ ഒന്നാണ് ഹോണ്ട CBR 650R. ഈ വര്‍ഷം മെയ് മാസത്തിലാണ് ഹോണ്ട 2025 CBR 650R ഇ-ക്ലച്ച് വേരിയന്റ് പുറത്തിറക്കിയത്. 10.40 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഈ ബൈക്ക് വിപണിയില്‍ എത്തിയത്. ഗ്രാന്‍ഡ് പ്രിക്‌സ് റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നീ രണ്ട് നിറങ്ങളില്‍ ഇത് ലഭ്യമാണ്.
2025 ഹോണ്ട CBR 650 R-ന്റെ ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഇതിന് ഇരട്ട എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത സൈഡ് പാനലുകള്‍, ചരിഞ്ഞ മുകളിലേക്ക് ഉയര്‍ന്ന ടെയില്‍ സെക്ഷനുമുണ്ട്. സിറ്റിയില്‍ സവാരി എളുപ്പമാക്കുന്നതിനാണ് ബൈക്കില്‍ ഹോണ്ട ഇ-ക്ലച്ച് സിസ്റ്റം വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഹോണ്ട കേസിംഗ് പുനര്‍രൂപകല്‍പ്പന ചെയ്ത് സെര്‍വോ മോട്ടോറുകള്‍ ഉപയോഗിക്കുന്ന ഇ-ക്ലച്ച് സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. ഈ സിസ്റ്റം ഗിയര്‍ ഷിഫ്റ്റിംഗിനെ അസിസ്റ്റ് ചെയ്യുന്നു. മോട്ടോര്‍സൈക്കിള്‍ നിശ്ചലമാകുമ്പോള്‍ ഇത് ക്ലച്ചിനെ ഓട്ടോമാറ്റിക്കായി എന്‍ഗേജ് ആക്കുന്നു. സ്‌റ്റോപ്പ് ആന്‍ഡ് ഗോ ട്രാഫിക്കില്‍ റൈഡറുടെ ക്ഷീണം കുറയ്ക്കുന്നുവെന്നതാണ് ഇ-ക്ലച്ചിന്റെ പ്രധാന നേട്ടം.
94 bhp പവറും 63 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 649 സിസി, ഇന്‍ലൈന്‍-ഫോര്‍-സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട CBR 650R മോട്ടോര്‍സൈക്കിളിന്റെ ഹൃദയം. മുന്‍വശത്ത് ഷോവ SFF-BP അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. മുന്നില്‍ ഇരട്ട 310mm ഡിസ്‌കുകളും പിന്നില്‍ ഒരു സിംഗിള്‍ ഡിസ്‌കും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു.


Click it and Unblock the Notifications








