ഒറ്റയിരിപ്പില്‍ ബൈക്കില്‍ എത്രദൂരം പോകാം? ലോംഗ് ഡ്രൈവ് പോകുന്നവര്‍ അറിഞ്ഞ് വെച്ചോളൂ...
നമ്മുടെ കൊച്ചു കേരളത്തില്‍ നിന്ന് ടൂവീലറുകളില്‍ ഹിമാലയത്തില്‍ പോകുന്നവവരെ നമ്മള്‍ കണ്ടിട്ടുണ്ട്. പല ബൈക്ക് ഉടമകളുടെയും സ്വപ്‌നമായിരിക്കും ബൈക്കില്‍ ഒരു ലോംഗ് ട്രിപ്പ്. ഇത്തരം യാത്രകള്‍ പോകുമ്പോള്‍ മികച്ച മുന്നൊരുക്കങ്ങള്‍ നമ്മള്‍ നടത്തണം. ദീര്‍ഘദൂര യാത്രകളില്‍ ഒറ്റയിരുപ്പില്‍ എത്ര ദൂരം ബൈക്ക് ഓടിക്കാമെന്ന് നിങ്ങള്‍ക്കറിയാമോ?.
ദീര്‍ഘദൂര യാത്രകളില്‍ പല എഞ്ചിന്‍ ശേഷിയുള്ള ബൈക്കുകള്‍ നമുക്ക് ഉപയോഗപ്പെടുത്താം. കമ്മ്യൂട്ടര്‍ ബൈക്ക് മുതല്‍ മിഡില്‍വെയിറ്റ് ബൈക്കുകളില്‍ വരെ ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നത് ഇന്ന് സാധാരണമാണ്. അതിനാല്‍ ബൈക്കിന്റെയും റൈഡറുടെയും ആരോഗ്യത്തിന് ഗുണകരമായ രീതിയില്‍ ഒരു ദിവസം പരമാവധി യാത്ര ചെയ്യാവുന്ന ദൂരം എത്രയെന്നാണ് ഈ ലേഖനത്തില്‍ നമ്മള്‍ പറയാന്‍ പോകുന്നത്.

ഹ്രസ്വദൂര യാത്രകള്‍ക്കും ട്രാഫിക്കില്‍ എളുപ്പത്തില്‍ ഓടിച്ച് പോകാമെന്നതിനാലുമാണ് ഇന്ത്യയില്‍ കൂടുതല്‍ ആളുകളും ബൈക്കുകള്‍ ഇഷ്ടപ്പെടാന്‍ കാരണം. അതുകൊണ്ട് തന്നെയാണ് ട്രാഫിക് കുരുക്കിന് പേരുകേട്ട നമ്മുടെ രാജ്യത്ത് കാറുകളേക്കാള്‍ കൂടുതല്‍ ബൈക്കുകള്‍ വില്‍ക്കപ്പെടുന്നതും. ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ക്രൂയിസര്‍ ബൈക്കുകള്‍ ഇന്ന് ഇന്ത്യയില്‍ നന്നായി വില്‍ക്കപ്പെടുന്നുണ്ട്. കാറുകളെ പോലെ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ഡിസൈന്‍, മെക്കാനിക്കല്‍ വശങ്ങള്‍ പരുവപ്പെടുത്തിയെടുത്തിരിക്കുന്നത്.
എന്നാല്‍ ഹ്രസ്വദൂരം താണ്ടാനായി നമ്മള്‍ പൊതുവേ ഉപയോഗിക്കുന്ന കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ ലോംഗ് ട്രിപ്പ് പോകുമ്പോള്‍ ഒരു ദിവസം എത്ര ദൂരം താണ്ടാമെന്നത് സംബന്ധിച്ച് ഏല്ലാവര്‍ക്കും സംശയമുണ്ടാകും. അതിനുള്ള ഉത്തരമാണ് ഇനി പറയാന്‍ പോകുന്നത്. റൈഡര്‍ക്കും ബൈക്കിന്റെ ശേഷിക്കും അനുസരിച്ച് ഈ കണക്കുകള്‍ വ്യത്യാസപ്പെടാം. ഇന്ന് 100 മുതല്‍ 150 CC വരെയുള്ള ബൈക്കുകളാണ് ഹ്രസ്വദൂര യാത്രകള്‍ക്ക് നമ്മള്‍ കൂടുതലായി ഉപയോഗപെടുത്തുന്നത്.

ചെറിയ എഞ്ചിന്‍ ശേഷിയിലുള്ള മോട്ടോര്‍സൈക്കിളില്‍ ദീര്‍ഘദൂര യാത്ര ചെയ്യുമ്പോള്‍ ഒരുമണിക്കൂര്‍ അല്ലെങ്കില്‍ 50 കിലോമീറ്റര്‍ തുടര്‍ച്ചയായി ഓടിക്കാം. 50 കിലോമീറ്ററോ ഒരു മണിക്കൂറോ ആണ് ആദ്യം വരുന്നതെങ്കില്‍ വാഹനം ഓഫാക്കി ഒന്ന് 'തണുപ്പിക്കാം'. 5 മിനിറ്റിന് ശേഷം യാത്ര തുടരാം. ഇന്ന് നമ്മുടെ നാട്ടിലെ ഫ്രീക്കന്‍മാരുടെ കൈയ്യില്‍ 150 മുതല്‍ 200 CC വരെ എഞ്ചിന്‍ കപ്പാസിറ്റിയുള്ള ബൈക്കുകള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്.
ഈ ശേഷിയിലുള്ള ബൈക്കുകളില്‍ ഒറ്റയിരുപ്പില്‍ തുടര്‍ച്ചയായി 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് കണക്ക്. 100 കിലോമീറ്റര്‍ താണ്ടിയ ശേഷം ബൈക്കിന് ഒരു 10 മിനിറ്റ് വിശ്രമം കൊടുക്കാം. ഇടവേള എടുത്ത ശേഷം ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് വീണ്ടും യാത്ര തുടരാം. ഇത്തരത്തില്‍ അനിവാര്യമായ ഇടവേളകള്‍ എടുത്ത് ഒരു ദിവസം 400 മുതല്‍ 500 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം.
ഇനി 250 CC-ക്ക് മുകളിലുള്ള ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുള്ള വാഹനങ്ങളില്‍ നിങ്ങള്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാം. എന്നാല്‍ നിങ്ങളുടെ ശരീരത്തിന് വിശ്രമവും ഇടവേളകളും അത്യാവശ്യമാണെന്ന് മറക്കരുത്. അതിനാല്‍ ദീര്‍ഘദൂര യാത്രകളില്‍ ഇത്തരം ബൈക്കുകളിലും 100 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ചെറിയ ഇടവേളകള്‍ എടുക്കുന്നതാണ് സ്വന്തം ശരീരത്തിന് നല്ലത്. കാരണമെന്തെന്നാല്‍ ദീര്‍ഘനേരം ഒരേ സ്ഥാനത്ത് ബൈക്ക് ഓടിക്കുമ്പോള്‍ നടുവിനും ഇടുപ്പിനും കാലിലും വേദനയെടുക്കാന്‍ സാധ്യതുണ്ട്.
ഇക്കാര്യങ്ങള്‍ അനുഭവപ്പെട്ടാല്‍ നിങ്ങള്‍ക്ക് കംഫര്‍ട്ടായി യാത്ര ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് ലോംഗ് ട്രിപ്പുകള്‍ക്കിടെ വിശ്രമിച്ച് യാത്ര തുടരുന്നതാണ് എന്തുകൊണ്ടും നല്ലത്. റൈഡറുടെ ശരീരത്തിന് മാത്രമല്ല വാഹനത്തിന്റെ ഹൃദയത്തിനും തുടര്‍ച്ചയായുള്ള ഓട്ടം ക്ഷീണം വരുത്തും. തുടര്‍ച്ചയായി ദീര്‍ഘദൂരം ഓടുന്നത് എഞ്ചിന്‍ ചൂടാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഓരോ 100 കിലോമീറ്റര്‍ പിന്നിടുമ്പോഴും ചെറിയ ഇടവേളയെടുത്ത് വിശ്രമിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.

ഇന്ന് ലോംഗ് ബൈക്ക് ട്രിപ്പുകള്‍ ഒരു ട്രെന്‍ഡാണ്. വാഹനത്തിന് വല്ല തകരാര്‍ സംഭവിക്കുകയോ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്യുന്നത് യാത്ര മൊത്തം കുളമാക്കും. ഇടക്കിടെ ഇടവേളകള്‍ എടുത്തുള്ള യാത്രകള്‍ ആസ്വാദ്യകരമായ അനുഭവമാണ് സമ്മാനിക്കുക. അതിനാല്‍ സ്വപ്‌ന യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് എവിടെ ബ്രേക്ക് എടുക്കണം. എവിടെ രാത്രി തങ്ങണം എന്നതെല്ലാം തീരുമാനിക്കുക. ഇങ്ങനെ ചെയതാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ യാതൊരു മടുപ്പും കൂടാതെ ഊര്‍ജ്ജസ്വലമായി ചുറ്റിക്കറങ്ങാം.


Click it and Unblock the Notifications








