വണ്ടി ആക്‌സിഡന്റായോ? ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാനുള്ള ഘട്ടം ഘട്ടമായ വഴികള്‍ ഇതാ...
വാഹന ഇന്‍ഷൂറന്‍സ് പലപ്പോഴും ഒരു ബാധ്യതയായി കാണുന്ന ആളുകള്‍ ഇന്നും നമ്മുടെ ചുറ്റുമുണ്ട്. എന്നാല്‍ അവിചാരിതമായി വരുന്ന അപകടങ്ങളില്‍ അവ നല്‍കുന്ന സാമ്പത്തിക സുരക്ഷ വലുതാണ്.

എന്നാല്‍ അപകടത്തില്‍ പെട്ടാല്‍ ഇന്‍ഷുറന്‍സ് എങ്ങനെ ക്ലെയിം ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്. വാഹന ഇന്‍ഷൂറന്‍സ് എങ്ങനെ ക്ലൊയിം ചെയ്യാമെന്നാണ് നമ്മള്‍ ഇവിടെ പറയാന്‍ പോകുന്നത്.

അപകടത്തിന് ശേഷം ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് മടുപ്പിക്കുന്ന ഒരു പ്രക്രിയയായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ വാസ്തവത്തില്‍ ഒരു അപകടത്തില്‍ പെട്ട ശേഷം ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് കുറച്ച് ഘട്ടങ്ങള്‍ മാത്രമേ ഉള്ളൂ. അതിനാല്‍ നിങ്ങളുടെ കാര്‍/ബൈക്ക് ഇന്‍ഷുറന്‍സ് എങ്ങനെ ക്ലെയിം ചെയ്യാം എന്നതിന്റെ ഘട്ടങ്ങള്‍ ചുവടെ വിശദീകരിക്കുന്നു.

ചിത്രങ്ങള്‍ എടുക്കുക
അപകടത്തിന്റെ ചിത്രങ്ങള്‍ എടുക്കുന്നത് വളരെ പ്രധാനപ്പെട്ടതും നിര്‍ണായകവുമായ ഒരു ഘട്ടമാണ്. കാരണം അത് അപകടത്തെ സാധൂകരിക്കാന്‍ സഹായിക്കും. ക്ലെയിം സെറ്റില്‍മെന്റിന്റെ ശേഷിക്കുന്ന പ്രക്രിയ സുഗമമാക്കാന്‍ ഈ നടപടി സഹായിക്കും.

മാത്രമല്ല, അപകടത്തിന്റെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ വാഹനത്തിന്റെ ഫോട്ടോകള്‍ക്കൊപ്പം അപകടം നടന്ന സ്ഥലത്തിന്റെയും ചിത്രങ്ങള്‍ പകര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. അതിനുപുറമെ, അപകടത്തെ കൂടുതല്‍ സാധൂകരിക്കുന്നതിന് നിങ്ങള്‍ക്ക് സാക്ഷികളുടെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും രേഖപ്പെടുത്തി വെക്കാം.

ഇന്‍ഷൂററെ വിവരം അറിയിക്കുക
ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നിരസിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഒരു പ്രത്യേക സമയപരിധിക്കുള്ളില്‍ ഇന്‍ഷുററെ അറിയിക്കുന്നതില്‍ പലരും പരാജയപ്പെടുന്നു എന്നതാണ്. അതിനാല്‍, അപകടത്തെക്കുറിച്ച് എത്രയും വേഗം നിങ്ങളുടെ ഇന്‍ഷുററെ അറിയിക്കുന്നതാണ് ബുദ്ധി.

കൂടാതെ അപകടം വിവരം അറിയിക്കുമ്പോള്‍ ഒരു വിവരവും മറച്ചുവെക്കാതിരിക്കാന്‍ ശ്രമുക്കേണ്ടത് വളരെ പ്രധാനമാണ്. ഇന്‍ഷുറന്‍സ് ക്ലെയിം പ്രക്രിയയില്‍ ഇന്‍ഷുററെ അറിയിക്കുന്നതിന് ഒരു പ്രധാന പങ്കുള്ളതിനാല്‍, നിങ്ങളുടെ ഇന്‍ഷുററെ സമീപിക്കാനും ഇന്‍ഷുറന്‍സ് ക്ലെയിമിനുള്ള സമയപരിധി മനസ്സിലാക്കാനും ശുപാര്‍ശ ചെയ്യുന്നു.

എഫ്ഐആര്‍ ഫയല്‍ ചെയ്യുക
ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിനുള്ള അടുത്ത ഘട്ടം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ (പ്രഥമ വിവര റിപ്പോര്‍ട്ട്) ഫയല്‍ ചെയ്യുക എന്നതാണ്. എഫ്ഐആര്‍ ഫയല്‍ ചെയ്ത ശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അപകടസ്ഥലം സന്ദര്‍ശിച്ച് അപകടത്തിന്റെ കാരണം പരിശോധിക്കാന്‍ ശ്രമിക്കും. കൂടാതെ അപകടത്തില്‍പ്പെട്ട ഡ്രൈവര്‍, സാക്ഷികള്‍, മറ്റ് ആളുകള്‍ എന്നിവരില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വിവരം ശേഖരിക്കും എടുക്കും.

എന്നിരുന്നാലും എല്ലാ തരം അപകടങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിന് എഫ്‌ഐആര്‍ റിപ്പോര്‍ട്ട് ആവശ്യമില്ല എന്നത് എടുത്തുപറയേണ്ടതാണ്. ചില പോറലുകളും പൊട്ടലുകളും ഉള്‍പ്പെടുന്ന ചെറിയ അപകടങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.

ആവശ്യമായ രേഖകള്‍ ഹാജരാക്കുക
മേല്‍പ്പറഞ്ഞ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്‍ഷുറന്‍സ് പോളിസിയുടെ പകര്‍പ്പ്, പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ (എഫ്‌ഐആര്‍) പകര്‍പ്പ്, ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ (ആര്‍സി) പകര്‍പ്പ് തുടങ്ങിയ പ്രസക്തമായ രേഖകള്‍ നിങ്ങള്‍ നല്‍കണം.

മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ കഴിയില്ല എന്നത് മനസ്സിലാക്കണം.

പരിശോധന പ്രക്രിയ
മുകളില്‍ ലിസ്റ്റ് ചെയ്ത രേഖകള്‍ ഇന്‍ഷുറര്‍ക്ക് സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പരിശോധനാ പ്രക്രിയ ആരംഭിക്കുന്നതിന് ഒരു സര്‍വേയറെ അയയ്ക്കാന്‍ നിങ്ങളുടെ ഇന്‍ഷുററോട് നിങ്ങള്‍ അഭ്യര്‍ത്ഥിക്കണം. ഈ സര്‍വേയര്‍ കാറിന്റെ/ബൈക്കിന്റെ മൊത്തം കേടുപാടുകള്‍ വിലയിരുത്തുകയും 'ക്യാഷ്ലെസ് ക്ലെയിമിന്റെ' കാര്യത്തില്‍ അനുയോജ്യമായ ഒരു വര്‍ക്ക്ഷോപ്പ് തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.

കാര്‍ / ബൈക്കിന്റെ അറ്റകുറ്റപ്പണി
മേല്‍പ്പറഞ്ഞ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാല്‍, അപകടത്തില്‍പ്പെട്ട കാര്‍/ബൈക്ക് അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പിലേക്ക് അയയ്ക്കാം. എന്നിരുന്നാലും, രണ്ട് തരത്തിലുള്ള ക്ലെയിമുകള്‍ ഉണ്ട് - ക്യാഷ്‌ലെസ് ക്ലെയിം, റീഇംബേഴ്‌സ്‌മെന്റ് ക്ലെയിം.

ക്യാഷ്ലെസ് ക്ലെയിം: ക്യാഷ്ലെസ് ക്ലെയിം പ്രകാരം കേടായ കാര്‍/ബൈക്ക് ഇന്‍ഷുറര്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വര്‍ക്ക്ഷോപ്പുകളില്‍ മാത്രമേ നന്നാക്കാന്‍ കഴിയൂ. എന്നിരുന്നാലും, കിഴിവുകള്‍ കൂടാതെ അറ്റകുറ്റപ്പണികള്‍ക്കുള്ള ബാക്കി തുക ഇന്‍ഷുറര്‍ നല്‍കും.

റീഇംബേഴ്സ്മെന്റ് ക്ലെയിം: ഈ ക്ലെയിം പ്രകാരം ഏത് വര്‍ക്ക്ഷോപ്പിലും കാര്‍/ബൈക്ക് അറ്റകുറ്റപ്പണി നടത്താം. എന്നാല്‍ അറ്റകുറ്റപ്പണിക്കുള്ള മുഴുവന്‍ തുകയും തുടക്കത്തില്‍ പോളിസി ഉടമ വഹിക്കണം. അറ്റകുറ്റപ്പണിക്ക് ശേഷം പോളിസി ഉടമ എല്ലാ ബില്ലുകളും രസീതുകളും ഫോട്ടോഗ്രാഫുകളും മറ്റും ഇന്‍ഷുറന്‍സ് കമ്പനിക്ക് സമര്‍പ്പിക്കണം. ഇതിനുശേഷം എല്ലാ കിഴിവുകളും കുറച്ചതിന് ശേഷം ഇന്‍ഷുറര്‍ റിപ്പയര്‍ തുകകള്‍ തിരികെ നല്‍കും.

കാര്‍/ബൈക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാനുള്ള പ്രക്രിയ താരതമ്യേന ലളിതമാണ്. എന്നിരുന്നാലും അറിവില്ലായ്മയും തത്ഫലമായുണ്ടാകുന്ന അനാവശ്യ ആശയക്കുഴപ്പവുമാണ് ഇന്‍ഷുറന്‍സ് ക്ലെയിം പ്രക്രിയയില്‍ സങ്കീര്‍ണ്ണതയിലേക്ക് നയിക്കുന്നത്. ഇനി അപകടങ്ങള്‍ വല്ലതും ഉണ്ടായാല്‍ വല്ലാതെ തലപുകക്കാതെ ഈസിയായി ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാം.


Click it and Unblock the Notifications








