വെളളത്തിൽ ഒഴുകി നടന്ന വണ്ടിക്കും ഇൻഷുറൻസ് കിട്ടും; കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ
ചെന്നൈയിൽ ഇപ്പോൾ കൊടുങ്കാറ്റും പേമാരിയും താണ്ഡവമാടുകയാണ്. ഒരുപാട് നാശനഷ്ടടങ്ങൾ ഇപ്പോൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന ദൃശ്യങ്ങളിലെല്ലാം കാറുകൾ ഒഴുകി നടക്കുന്നത് കാണാം. ചില പ്രദേശങ്ങളിൽ വാഹനങ്ങൾ പൂർണ്ണമായും മുങ്ങിപ്പോകുന്ന അവസ്ഥയിലേക്ക് വെള്ളം കയറിയിരിക്കുകയാണ്.
ഈ അവസ്ഥയിൽ വാഹനങ്ങൾക്ക് ഇൻഷുറൻസ് കവറേജ് ഉറപ്പാക്കേണ്ടത് ഉടമയുടെ കടമയാണ്. കാരണം ഇൻഷുറൻസ് പുതുക്കേണ്ട സമയം ആകുമ്പോൾ ലാഭം നോക്കി തേർഡ് പാർട്ടി ഇൻഷുറൻസ് ആയിരിക്കാം എടുത്തിരിക്കുന്നത്. എന്നാൽ പ്രകൃതിക്ഷോഭങ്ങൾ എന്ന് പറയുന്നത് മനുഷ്യൻ്റെ കണക്കുകൂട്ടലുകളിൽ നിൽക്കുന്ന ഒന്നല്ലല്ലോ. അത് കൊണ്ട് തന്നെ പെട്ടെന്ന് ഒരു മഴ പെയ്ത് വെള്ളം പൊങ്ങിയാൽ നിങ്ങളുടെ വാഹനത്തിന് നാശനഷ്ടമുണ്ടായേക്കാം.

വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളിൽ നിന്ന് നിങ്ങളുടെ വാഹനത്തെ സംരക്ഷിക്കുന്നതിന് സമഗ്രമായ ഒരു ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. കോംപ്രഹൻസീവ് ഇൻഷുറൻസ് പോളിസി വെള്ളപ്പൊക്കം, ഭൂകമ്പം, ചുഴലിക്കാറ്റുകൾ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ മൂലം നിങ്ങളുടെ കാറിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്നവയാണ്. അതോടൊപ്പം തന്നെ അപകടങ്ങൾ, തീപിടിത്തം, മനുഷ്യനിർമിത ദുരന്തങ്ങൾ, മോഷണം എന്നിവ മൂലമുള്ള നാശനഷ്ടങ്ങളും ഇത് പരിരക്ഷിക്കുന്നു.
വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട കേടുപാടുകൾ എഞ്ചിൻ, ഗിയർബോക്സ്, ഇലക്ട്രിക്, ഇലക്ട്രോണിക്, അപ്ഹോൾസ്റ്ററി കേടുപാടുകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ്. വെള്ളം കയറി കേടായ എഞ്ചിൻ നന്നാക്കുന്നതിനോ മാറ്റിസ്ഥാപിക്കുന്നതിനോ മാത്രം 75,000 മുതൽ 15 ലക്ഷം രൂപ വരെ ചിലവാകാനുളള സാധ്യത തളളിക്കളയാനാവില്ല. ഒരു ഇൻഷുറൻസ് എടുക്കുമ്പോൾ ആവശ്യമായ ആഡ് ഓൺ സംരക്ഷണങ്ങൾ ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

നിങ്ങളുടെ വാഹനം വെള്ളത്തിൽ അകപ്പെട്ട് കേടുപാടുകൾ സംഭവിച്ചാൽ, പോളിസി ഉടമകൾ അവരുടെ ഇൻഷുറൻസ് കമ്പനിയെ ഉടൻ തന്നെ ക്ലെയിം റിപ്പോർട്ട് ചെയ്യണം. അംഗീകൃത സർവീസ് സെന്ററിൽ വിളിച്ച് ഒരു വിദഗ്ദ്ധനെക്കൊണ്ട് കാർ വലിച്ചുകൊണ്ടുപോകുന്നതാണ് ഉചിതം. ഇതാണ് ശരിയായ ആദ്യ തീരുമാനങ്ങളിൽ ഒന്ന്. പക്ഷേ, വാഹനങ്ങൾ സ്വയം പരിപാലിക്കാൻ ഇഷ്ടപ്പെടുന്ന ചിലരുണ്ട്. ഇത്തരക്കാർ ശ്രദ്ധിക്കേണ്ട ആദ്യ കാര്യം വാഹനത്തിനുള്ളിൽ വെള്ളം കയറി എന്ന് തോന്നിയാൽ ഒരു കാരണവശാലും വാഹനം സ്റ്റാർട്ട് ചെയ്യാതിരിക്കുക.
സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചാൽ എഞ്ചിനുള്ളിൽ വെള്ളം കയറി പണിയാവാൻ സാധ്യതയുണ്ട്. എഞ്ചിൻ സ്റ്റാർട്ടിംഗ് മാത്രമല്ല, വാഹനത്തിലെ ഏതെങ്കിലും ഇലക്ട്രിക്കൽ സിസ്റ്റം പോലും ഓണാക്കാൻ ശ്രമിക്കരുത്. കൂടാതെ കാർ പൂർണമായും ഉണങ്ങാൻ അനുവദിക്കുകയും പ്രോസസ് വേഗത്തിലാക്കാൻ ആവശ്യമെങ്കിൽ ഒരു പോർട്ടബിൾ ഫാൻ ഉപയോഗിക്കുകയും ചെയ്യുക.

ബാറ്ററി ടെർമിനലുകൾ വിച്ഛേദിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. മിക്കവാറും എല്ലാ കാറുകൾക്കും കാറിനുള്ളിൽ ബോണറ്റ് റിലീസ് സംവിധാനം ഉണ്ടാവും. കാറിന്റെ ബോണറ്റ് തുറന്ന് ബാറ്ററി ടെർമിനലുകൾ വിച്ഛേദിക്കാം. വെള്ളം ഷോർട്ട് സർക്യൂട്ടുകൾ ഉണ്ടാക്കാതിരിക്കാൻ ഇത് ഒരു അധിക സുരക്ഷാ നടപടിയാണ്. ഇല്ലെങ്കിൽ ഇത് പിന്നീട് ഇരട്ടിപണിയാവാനും സാധ്യതയുണ്ട്. നടപടി അറിയില്ലെങ്കിൽ ഒരു മെക്കാനിക്കിനെ വിളിച്ച് ചെയ്യുപ്പിക്കുന്നതാവും ഉചിതം.
വയറിംഗിന് കേടുപാടുകളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം, അടുത്ത ഘട്ടം ഫ്ലൂയിഡുകൾ മാറ്റുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. എഞ്ചിൻ ഓയിൽ, ഗിയർബോക്സ് ഓയിൽ, ഡിഫറൻഷ്യൽ ഓയിൽ, പവർ സ്റ്റിയറിംഗ് ഫ്ലൂയിഡ്, ക്ലച്ച് ഫ്ലൂയിഡ് എന്നിവയാണ് മാറ്റേണ്ടത്. കൂളൻ്റും മാറ്റാൻ മറക്കേണ്ട. ഇതുചെയ്‌തില്ലെങ്കിൽ അഴുക്ക് വെള്ളം ആകസ്മികമായി സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നതിനും അത് കൂടുതൽ തകരാറിലേക്കും നയിച്ചേക്കാം. കൂടാതെ, എയർ ഫിൽട്ടർ മാറ്റുകയും വേണം.
എല്ലാ ഫ്ലൂയിഡുകളും മാറ്റിക്കഴിഞ്ഞാൽ അടുത്ത ഘട്ടം ഫ്യുവൽ ടാങ്കിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ അത് കളയുകയാണ് വേണ്ടത്. ഇന്ധനത്തോടുകൂടിയ ഏത് വെള്ളവും സിലിണ്ടറുകൾ, ഫ്യൂവൽ ഇൻജക്ടറുകൾ/കാർബുറേറ്ററുകൾ, മറ്റ് ഘടകങ്ങൾ എന്നിവയ്ക്ക് പ്രശ്‌നമുണ്ടാക്കും. ആയതിനാൽ ഇത് പൂർണമായും ഊറ്റി വീണ്ടും നിറയ്ക്കുകയാണ് വേണ്ടത്. ഇത്രയും ചെയ്‌തു കഴിഞ്ഞാൽ ടെർമിനലുകൾ ബന്ധിപ്പിച്ച് കാർ സ്റ്റാർട്ട് അപ്പ് ചെയ്യാം.
വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ അതീവ ശ്രദ്ധാലുക്കള്‍ ആയിരിക്കുമല്ലോ. അപ്പോള്‍ വേഗത കുറവാണെങ്കിലും ആക്‌സിലറേറ്റര്‍ പെഡലില്‍ ചെറിയ രീതിയില്‍ കാല്‍ വെയ്ക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. റെവ്‌സ് കുറയുമ്പോള്‍ എക്സ്ഹോസ്റ്റില്‍ നിന്ന് വെള്ളം വലിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ റെവ്‌സ് കൂടുമ്പോള്‍ വെള്ളത്തെ വഴുതിമാറ്റി സുരക്ഷിതമായി സഞ്ചരിക്കാന്‍ സഹായിക്കും.


Click it and Unblock the Notifications








