മഴക്കാലത്ത് ആവേശം കാണിക്കല്ലേ! എങ്ങനെ സുരക്ഷിതമായി ഡ്രൈവ് ചെയ്യാം
സാധാരണ കാലാവസ്ഥയിൽ വാഹനമോടിക്കുന്നത് പോലെയല്ല മഴക്കാലത്ത് വാഹനമോടിക്കുന്നത്. ഒരുപാട് റിസ്കുളള സമയമാണിത്. അത് കൊണ്ട് തന്നെ ഒരുപാട് ശ്രദ്ധ ആവശ്യമുള്ള സമയം കൂടിയാണിത്. തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും. മഴകാലത്തെ ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പങ്കുവയ്ക്കുകയാണ്. അത് എന്തൊക്കെയെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
മഴക്കാലത്ത് ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനി പറയുന്നവയാണ്. ചെറിയ അളവിൽ ആണെങ്കിലും റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കാനുള്ള പ്രവണത വേണ്ട. വെള്ളംതെറുപ്പിച്ച് ചീറിപ്പായാനൊക്കെ തോന്നുമെങ്കിലും സംഭവം റിസ്ക്കുള്ള ഏർപ്പാടാണെന്ന് ഓർമിക്കുക. അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് ഇത് കാരണമായേക്കാം.

മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കുക എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല. കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല. ആയതിനാൽ നിശ്ചിത അകലം പാലിച്ചു മതി ഡ്രൈവിംഗ്.
വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്. അതോടൊപ്പം ശക്തമായ മഴയത്ത് കാഴ്ച്ച വ്യക്തമാവുന്നില്ലെന്ന് മനസിലാക്കിയാൽ മുന്നോട്ടുള്ള യാത്രയ്ക്ക് ചെറിയൊരു ഇടവേളയാവാം. അതിനായി മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാമ്പ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്‌ത് കുറച്ച് നേരം അതായത് മഴയൊന്ന് ശമിക്കുന്നതു വരെ കാത്തിരിക്കുന്നതും നന്നായിരിക്കും.
മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് (Skidding) ഒഴിവാക്കുകയും അപകടങ്ങളിൽ നിന്നും രക്ഷിക്കുകയും ചെയ്യും. മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോഴും വേണം പ്രത്യേക ശ്രദ്ധ. മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയോ പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക.
മഴയുള്ള സാഹചര്യങ്ങളിൽ വേഗത കുറയ്ക്കുന്നത് ഹൈഡ്രോപ്ലെയിനിങ് ഒഴിവാക്കാൻ സഹായിക്കുന്നു. വേഗത കുറയ്ക്കുന്നത് ടയറുകളെ റോഡ് ഉപരിതലവുമായി മികച്ച സമ്പർക്കം നിലനിർത്താൻ അനുവദിക്കുന്നു, ഇത് തെന്നിമാറാനുളള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പെട്ടെന്നുള്ള ആക്സിലറേഷനോ അല്ലെങ്കിൽ ബ്രേക്കിംഗോ വാഹനത്തിൻ്റെ ട്രാക്ഷൻ നഷ്ടപ്പെടുന്നതിനും ഹൈഡ്രോപ്ലെയിനിങ് സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. നനവുളള റോഡുകളിൽ വാഹനത്തിൻ്റെ സ്റ്റെബിളിറ്റി നിലനിർത്താനായി ക്രമേണ ആക്സിലറേഷനും ബ്രേക്കുകളും പ്രയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ അതീവ ശ്രദ്ധാലുക്കള്‍ ആയിരിക്കുമല്ലോ. അപ്പോള്‍ വേഗത കുറവാണെങ്കിലും ആക്‌സിലറേറ്റര്‍ പെഡലില്‍ ചെറിയ രീതിയില്‍ കാല്‍ വെയ്ക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. റെവ്‌സ് കുറയുമ്പോള്‍ എക്സ്ഹോസ്റ്റില്‍ നിന്ന് വെള്ളം വലിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ റെവ്‌സ് കൂടുമ്പോള്‍ വെള്ളത്തെ വഴുതിമാറ്റി സുരക്ഷിതമായി സഞ്ചരിക്കാന്‍ സഹായിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








