തത്കാലിലും ട്രെയിന്‍ ടിക്കറ്റില്ലേ? നിരാശപ്പെടേണ്ട, ഈ രീതിയില്‍ ഒന്ന് ശ്രമിച്ച് നോക്കൂ...
ദീര്‍ഘദൂര യാത്രകള്‍ക്ക് ബെസ്റ്റ് ട്രെയിന്‍ യാത്രയാണെന്ന് പലരും പറയാറുണ്ട്. ബസും വിമാനവുമെല്ലാം ഉണ്ടെങ്കിലും സമാധാനത്തില്‍ കുറഞ്ഞ ചെലവില്‍ സുഖകരമായ യാത്രയാണ് ട്രെയിന്‍ വാഗ്ദാനം ചെയ്യുന്നത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത യാത്രയാണെങ്കില്‍ നമ്മള്‍ ടിക്കറ്റ് നേരത്തെ എടുത്ത് വെക്കാറാണ് പതിവ്.
എന്നാല്‍ പെട്ടെന്ന് നിശ്ചയിക്കുന്ന യാത്രയാണെങ്കില്‍ അവസാന നിമിഷം ടിക്കറ്റ് കിട്ടാന്‍ തത്കാല്‍ സംവിധാനത്തെ ആശ്രയിക്കേണ്ടി വരും. തത്കാലിലും ടിക്കറ്റ് കിട്ടാതെ നിരാശരായിരിക്കുന്ന വേളയില്‍ ടിക്കറ്റ് ലഭിക്കാനുള്ള ഒരു വഴിയെ കുറിച്ചാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്. ഒരു ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഈ 5G കാലത്തും പലര്‍ക്കും വലിയ ബുദ്ധിമുട്ടേറിയ കാര്യമായി അനുഭവപ്പെടാറുണ്ട്. ഇന്ത്യയില്‍ ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഏക പ്ലാറ്റ്‌ഫോമാണ് ഐആര്‍സിടിസി (IRCTC).

ഇന്ത്യയില്‍ ഏതു ട്രെയിനില്‍ യാത്ര ചെയ്യണമെന്നുണ്ടെങ്കിലും ഇതിലൂടെ വേണം ടിക്കറ്റ് ബുക്ക് ചെയ്യാന്‍. എന്നാല്‍ ഐആര്‍സിടിസി സൈറ്റ് ജാം ആയാല്‍ പലപ്പോഴും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കാതെ നിരാശരാകുന്ന കാഴ്ച കാണാറുണ്ട്. ട്രെയിന്‍ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക് മുമ്പേ തുറക്കുകയും മിക്ക ടിക്കറ്റുകളും വിറ്റുതീരുകയും ചെയ്യുന്നു. അവസാന നിമിഷ യാത്രക്കാര്‍ക്കായാണ് ഐആര്‍സിടിസി തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. ട്രെയിന്‍ പുറപ്പെടുന്നതിന്റെ തലേദിവസമാണ് തത്കാല്‍ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക.
എസി കോച്ചുകളില്‍ രാവിലെ 10 മണിക്കും സ്ലീപ്പര്‍ പോലെയുള്ള നോണ്‍ എസി കോച്ചുകളില്‍ രാവിലെ 11 മണിക്കും തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ട്രെയിന്‍ യാത്രയ്ക്ക് ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് തത്കാല്‍ വഴി തലേദിവസം ടിക്കറ്റ് ബുക്ക് ചെയ്യാനാവുമെന്ന കാര്യം നമ്മില്‍ പലര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ തത്കാലിലും ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ഒരു ഓപ്ഷന്‍ കൂടിയുണ്ട്. എന്നാല്‍ ഇക്കാര്യം പലര്‍ക്കും അറിയില്ല.

തത്കാല്‍ ടിക്കറ്റില്‍ തന്നെ പ്രീമിയം തത്കാല്‍ എന്നൊരു സംഗതിയുണ്ട്. തത്കാല്‍ ടിക്കറ്റിനേക്കാള്‍ നിരക്ക് കുറച്ച് കൂടുതലായിരിക്കും. ഈ രീതിയില്‍, ടിക്കറ്റിന് പ്രത്യേകം നിരക്ക് നിശ്ചയിച്ചിട്ടില്ല. ഐആര്‍സിടിസി ഡിമാന്‍ഡും സീറ്റ് ലഭ്യതയും അനുസരിച്ച് നിരക്കില്‍ മാറ്റം വരുത്താറുണ്ട്. എന്നിരുന്നാലും പലര്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഈ രീതിയെക്കുറിച്ച് വലിയ അറിവില്ലെന്നതാണ് വാസ്തവം. ഐആര്‍സിടിസിയുടെ പ്ലാറ്റ്‌ഫോമിലൂടെ തന്നെയാണ് പ്രീമിയം തത്കാല്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.
തത്കാല്‍ ടിക്കറ്റ് നിശ്ചിത സമയത്ത് റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറില്‍ ചെന്നാല്‍ നമുക്ക് എടുക്കാന്‍ സാധിക്കും. എന്നാല്‍ പ്രീമിയം തത്കാല്‍ ടിക്കറ്റ് ഓണ്‍ലൈനിലൂടെ മാത്രമേ ലഭ്യമാകൂ എന്ന മാറ്റമുണ്ട്. ഇതും തത്കാല്‍ മോഡലില്‍ തന്നെയുള്ള ടിക്കറ്റ് ബുക്കിംഗ് രീതി തന്നെയാണ്. ഇങ്ങനെ ബുക്ക് ചെയ്യുന്ന ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കില്ല എന്ന ചെറിയൊരു പ്രശ്‌നമുണ്ട്. ഇനി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് എങ്ങനെ എന്ന് നോക്കാം.

പ്രീമിയം തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആദ്യം നിങ്ങള്‍ ഐആര്‍സിടിസി സൈറ്റ് സന്ദര്‍ശിക്കുകയോ ആപ്പ് ഓപണ്‍ ചെയ്യുകയോ ചെയ്യുക. ശേഷം നമ്മുടെ അക്കൗണ്ട് വിവരങ്ങളും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് ബുക്ക് ടിക്കറ്റ് സെക്ഷനില്‍ പോയി യാത്ര പുറപ്പെടുന്ന റെയില്‍വേ സ്റ്റേഷനും എതാണോ ലക്ഷ്യസ്ഥാനം യാത്രാ തീയതി എന്നിവ നിശ്ചിത സ്ഥലങ്ങളില്‍ രേഖപ്പെടുത്തുക. ഏത് തരം ക്വാട്ട എന്ന സ്ഥലത്ത് 'പ്രീമിയം തത്കാല്‍' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
ഈ പ്രീമിയം തത്കാല്‍ സൗകര്യം എല്ലാ ട്രെയിനുകള്‍ക്കും ലഭ്യമല്ല. ചില തീവണ്ടികള്‍ക്ക് മാത്രമാണ് ഈ ഓപ്ഷന്‍ ലഭിക്കുക. അതിനാല്‍ പ്രീമിയം തത്കാല്‍ ക്വാട്ട തിരഞ്ഞെടുത്ത ശേഷം ആ ഓപ്ഷനുള്ള ട്രെയിനുകള്‍ മാത്രമേ നിങ്ങള്‍ക്ക് മുന്നില്‍ ലിസ്റ്റ് ചെയ്ത് കാണിക്കുകയുള്ളൂ. അതില്‍ കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള ട്രെയിന്‍ ബുക്ക് ചെയ്യാനായി തെരഞ്ഞെടുക്കാം. ശേഷം യാത്രക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇതിനായി സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഒന്ന് അത്യാവശ്യമാണ്.
ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ അതിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കുകയോ ഇ-മെയിലില്‍ വന്ന ഇ-ടിക്കറ്റോ യാത്ര സമയത്ത് ഉപയോഗിക്കാം. പ്രീമിയം തത്കാല്‍ വഴി ടിക്കറ്റ് എടുക്കുമ്പോള്‍ കുട്ടികള്‍ക്ക് മുഴുവന്‍ നിരക്കും നല്‍കണമെന്ന കാര്യം കൂടി ഓര്‍മിക്കുക. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അവരുടെ ഈ വിവരം വളരെ ഉപകാരമാകും.
പലരും തത്കാലില്‍ പോലും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാതെ നിരാശരായി ബസിലും മറ്റും യാത്ര ചെയ്യാന്‍ ഒരുങ്ങുന്നു. എന്നാല്‍ പ്രീമിയം തത്കാല്‍ എന്ന സൗകര്യം നിലവിലുണ്ടെന്ന് പലര്‍ക്കും അറിയാത്തത് കൊണ്ടാണിത്. ഓണം, വിഷു, പെരുന്നാള്‍, ക്രിസ്മസ് എന്നീ ആഘോഷവേളകളില്‍ ദൂരദിക്കുകളില്‍ നിന്ന് കേരളത്തിലേക്ക് വണ്ടി കയറാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് തത്കാലില്‍ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ ഈ രീതി പരീക്ഷിക്കാവുന്നതാണ്.


Click it and Unblock the Notifications








