ഹൈദരബാദ് തീപ്പിടിത്തവും അമിത വേഗതയും
ബങ്കളുരുവില്‍ നിന്ന് ഹൈദരബാദിലേക്ക് പോയ ബസ്സിന് തീപ്പിടിച്ച് 45 പേര്‍ മരിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. അമിതവേഗത എന്ന അതേ വിഷയം തന്നെയാണ് ചര്‍ച്ച. ഈ വിഷയം എക്കാലത്തും ചര്‍ച്ച മാത്രമായി ഒതുങ്ങുന്നു എന്നതും പ്രത്യേകം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഇത്തവണ അപകടത്തിൽ പെട്ട വോൾവോ ബസ്സ് അമിതവേഗതയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നാട്ടിലെ മണ്ണ്-മണൽ ടിപ്പറുകൾ കഴിഞ്ഞാൽ ആക്രാമകമായ വേഗതയുടെ കാര്യത്തിൽ വോൾവോ ബസ്സുകളാണ് ഏറ്റവും മുമ്പിൽ. നോർമൽ അവസ്ഥയിൽ 130 കിമിയിൽ കുറയാത്ത വേഗത്തിലാണ് ഈ ബസ്സുകൾ പായാറുള്ളത്.
ദീപാവലി സീസണാകയാല്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു ബസ്സില്‍. ഒരു കാറിനെ ഓവര്‍ടേക്ക് ചെയ്യാനുള്ള ഡ്രൈവറുടെ ശ്രമമാണ് അപകടത്തിന് കാരണമായത്. ഒരു ചെറിയ പാലത്തിന്റെ കൈവരിയില്‍ ബസ്സ് ഇടിക്കുകയായിരുന്നു. ബസ്സിന്റെ ഇന്ധനടാങ്ക് തകരുകയും കത്തിപ്പിടിക്കുകയും ചെയ്തു. ഉറങ്ങുകയായിരുന്ന യാത്രക്കാര്‍ക്ക് കാര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ല.
മുന്നറിയിപ്പ്: ചില ചിത്രങ്ങൾ പ്രയാസമുണ്ടാക്കിയേക്കാം

ബസ്സിന്റെ പിന്‍വശത്താണ് ഏറ്റവുമധികം ശവശരീരങ്ങള്‍ കണ്ടെത്തിയത്. പിന്നിലെ എമര്‍ജന്‍സി വാതില്‍ തുറക്കാനുള്ള ശ്രമവും നടന്നിരിക്കണം. ബസ്സുകളിലെല്ലാം ഇത്തരം എമര്‍ജന്‍സി വാതിലുകള്‍ കാണാമെങ്കിലും വേണ്ടത്ര സാവകാശം ലഭിച്ചാലല്ലാതെ ചിലത് തുറക്കുക പ്രയാസമായിരിക്കും. ചിലപ്പോള്‍ ക്ലീനറെപ്പോലുള്ളവരുടെ വിദഗ്ധ സഹായവും വേണ്ടി വന്നേക്കാം.

ഇതിന് പരിഹാരം എമര്‍ജന്‍സി വാതിലുകളോട് ഫയര്‍ സെന്‍സറുകള്‍ ഘടിപ്പിക്കുകയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇത് മറ്റുവിധത്തിലുള്ള കൂടുതല്‍ അപകടങ്ങളിലേക്ക് നയിച്ചേക്കാമെന്നും മറുത്തുള്ള അഭിപ്രായങ്ങളുമുണ്ട്.

വോള്‍വോ പോലുള്ള ബസ്സുകള്‍ നിരവധി സുരക്ഷാ സന്നാഹങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും പലതും ഇന്ത്യന്‍ നിരത്തുകളില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അപകടത്തില്‍ പെട്ട വോള്‍വോയുടെ സുരക്ഷാ സന്നാഹമായ ഓട്ടോമാറ്റിക് ലോക്കിംഗ് സിസ്റ്റം പ്രവര്‍ത്തിച്ചതു മൂലം വാതിലുകള്‍ തുറക്കുന്നതില്‍ പ്രയാസമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബസ്സുകള്‍ക്ക് വേഗപ്പൂട്ട് ഘടിപ്പിക്കുവാനുള്ള നീക്കങ്ങള്‍ ബസ്സുടമകള്‍ ഒന്നിച്ചെതിര്‍ത്ത് പരാജയപ്പെടുത്തുകയാണ് ചെയ്യാറുള്ളത്. ബസ്സുടമ-രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബി ജനങ്ങളെ അപകടങ്ങളിലേക്ക് കെട്ടിപ്പൂട്ടി പറഞ്ഞയയ്ക്കുന്നത് ഇനിയും തുടരുമായിരിക്കും. കടുത്ത മത്സരം നിലനില്‍ക്കുന്ന വിപണിയില്‍ ഇത്തരം സന്നാഹങ്ങള്‍ ഘചടിപ്പിച്ച് വാഹനത്തെ വിപണിയിലെത്തിക്കാന്‍ വോള്‍വോയ്ക്കും പരിമിതികളുണ്ട്. ഇവിടെ സര്‍ക്കാര്‍ തന്നെ ഇടപെടേണ്ടിയിരിക്കുന്നു.

പല ദീര്‍ഘദുര ബസ്സുകളുടെയും ടയരുകള്‍ റീത്രഡ് ചെയ്ത് ഓടിക്കുന്നത് കാണാറുണ്ട്. ഇവയ്ക്ക് റോഡില്‍ താരതമ്യേന ഗ്രിപ്പ് കുറവായിരിക്കും. അപകട നിരക്കുയര്‍ത്തുന്നതില്‍ ഇതും വലിയ പങ്കു വഹിക്കുന്നുണ്ട്. ധാരാളം ആളുകളെ കയറ്റിപ്പോകുന്ന വണ്ടികളുടെ ടയറുകള്‍ എത്രയും മെച്ചപ്പെട്ടതാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

സീസണുകളില്‍ താരതമ്യേന ചെറിയ കമ്പനികളുടെ രാവും പകലും ഓട്ടത്തിലായിരിക്കും. മെയിന്റനന്‍സിന് കാര്യമായ സമയം ലഭിക്കാതിരിക്കുന്ന പ്രശ്‌നമുണ്ട്. ഇത് പരിഹരിക്കാന്‍ അധികൃതരില്‍ നിന്നുള്ള ശക്തമായ ഇടപെടല്‍ ആവശ്യമാണ്.

രാത്രിയില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് രണ്ട് ഡ്രൈവര്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന ശക്തമായി നടപ്പാക്കേണ്ടതുണ്ട്. ഉറക്കമില്ലാതെ എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി വാഹമോടിക്കുന്നവര്‍ അപകടങ്ങളില്ലാതെ വാഹനം എത്തേണ്ടിടത്ത് എത്തിക്കുന്നുവെങ്കില്‍ അത് ഭാഗ്യത്തിന്റെ പിന്‍ബലം കൊണ്ടുകൂടിയാണ്.


Click it and Unblock the Notifications








