ഡീസല്‍ വീട്ടുപടിക്കലെത്തും, അതും സൗജന്യമായി! ഇവിടെയുള്ളവര്‍ ഇന്ധനം തീര്‍ന്ന് കുടുങ്ങില്ല
ഒരു വാഹനം ഓടാന്‍ അത്യന്താപേക്ഷിതമായ കാര്യമാണ് ഇന്ധനം. പെട്രോള്‍, ഡീസല്‍, വൈദ്യുതി, സിഎന്‍ജി എന്നിങ്ങനെ വിവിധ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നമ്മുടെ രാജ്യത്ത് സുലഭമാണ്. എന്നിരുന്നാലും ഭൂരിഭാഗവും ഇപ്പോഴും പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഒരു വാഹനം ഉപയോഗിക്കുമ്പോള്‍ ഓരോരുത്തരും അവരുടെ ശീലത്തിനും സാമ്പത്തിക സ്ഥിതിക്കും അനുസരിച്ചാണ് ഇന്ധനം നിറയ്ക്കുക. ചിലര്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ച്ച് പ്രത്യേക ലെവലില്‍ എത്തുമ്പോള്‍ റീഫില്‍ ചെയ്യാറാണ് പതിവ്. എന്നാല്‍ സ്ഥിരമായി ബൈക്കുകളിലും മറ്റും 100 രൂപയ്ക്ക് പെട്രോള്‍ നിറയ്്ച്ച് അത് തീരുന്നത് വരെ ഓടുന്ന വിരുതന്‍മാരുണ്ട്.
അവര്‍ ചില സാഹചര്യങ്ങളില്‍ ഇന്ധനം തീര്‍ന്ന് വഴിയില്‍ കിടക്കുകയും ചെയ്യും. അത്തരം സാഹചര്യത്തില്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ആദ്യം ഇതിനായി അടുത്തുള്ള പമ്പ് കണ്ടെത്തുന്നതിന് മുമ്പേ ഇന്ധനം വാങ്ങാനായി വൃത്തിയുള്ള കാലി കുപ്പി കണ്ടെത്തണം. കുപ്പി കിട്ടിയാലും ചില പമ്പുകളില്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നിര്‍ദേശപ്രകാരം ഇന്ധനം നല്‍കാറില്ല. ഏതെങ്കിലും പമ്പ് ജീവനക്കാരന്‍ കനിവ് തോന്നി തന്നാലും നമ്മുടെ പേരും മൊബൈല്‍ നമ്പറും മറ്റും അവിടെ രേഖപ്പെടുത്തണം.

എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ എന്നാല്‍ ഈ പ്രശ്നങ്ങളൊന്നുമില്ലാതെ, ഇന്ധനം നിങ്ങളുടെ വീട്ടിലേക്ക് എത്തിയാലോ?. സംഗതി സൂപ്പറാണെന്ന് തോന്നുന്നില്ലേ. ഇന്ധനം പോലെ അല്‍പ്പം അപകടം പിടിച്ച സാധനം ഡോര്‍ സ്‌റ്റെപ്പ് ഡെലിവറി ചെയ്യാന്‍ സ്വാഭാവികമായും അധിക ചാര്‍ജ്ജ് നല്‍കേണ്ടി വരുമെന്ന് നിങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചിരിക്കാം. എന്നാല്‍ അധിക ചാര്‍ജ്ജുകളില്ലാതെ സൗജന്യമായി ഇന്ധനം വീട്ടിലെത്തിക്കുന്ന പദ്ധതി ഹൈദരാബാദില്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുകയാണ്.
ഫുഡ്_ഹഡ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഇത് സംബന്ധിച്ച് ഒരു വൈറല്‍ വീഡിയോ പ്രത്യക്ഷപ്പെട്ടിക്കുള്ളത്. ഈ പോസ്റ്റില്‍ അധിക ചാര്‍ജ്ജുകളില്ലാതെ ഡീസല്‍ വീട്ടിലെത്തിക്കുമെന്ന് പറയുന്നു. ഇവിടെ ഡീസലിനെ കുറിച്ചാണ് പറയുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഉപഭോക്താക്കള്‍ ഡീസലിന്റെ വില മാത്രം നല്‍കിയാല്‍ മതിയെന്നും ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നു.

ഇതിനായി 'എനി ടൈം ഡീസല്‍' എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഹൈദരാബാദിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് ഡീസല്‍ ഓര്‍ഡര്‍ ചെയ്യാം. ഭക്ഷണവും പലവ്യഞ്ജനങ്ങളും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് വീട്ടിലെത്തിക്കുന്ന അതേ രീതിയിലാണ് 'എനി ടൈം ഡീസല്‍' ആപ്പും പ്രവര്‍ത്തിക്കുന്നത്. എക്‌സ്ട്രാ ചാര്‍ജ് ഇല്ലെങ്കിലും ഈ ആപ്പ് വഴി ഡീസല്‍ ഓര്‍ഡര്‍ ചെയ്യാന്‍ ചില നിബന്ധനകള്‍ ഉണ്ട്. കുറഞ്ഞത് 2 ലിറ്റര്‍ ഡീസല്‍ എങ്കിലും ഓര്‍ഡര്‍ ചെയ്യണം എന്നതാണ് അതില്‍ ഒന്ന്. പരമാവധി 6000 ലിറ്റര്‍ വരെ ഓര്‍ഡര്‍ ചെയ്യാം.
ഫുഡ് ഡെലിവറി ആപ്പുകളിലെന്ന പോലെ 'എനി ടൈം ഡീസല്‍' ആപ്പിലും ഡീസല്‍ എപ്പോള്‍ വീട്ടില്‍ ഡെലിവറി ചെയ്യുമെന്നത് നമുക്ക് ഓണ്‍ലൈനായി ട്രാക്ക് ചെയ്യാം. പേയ്‌മെന്റിനായി ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവ ഉപയോഗപ്പെടുത്താം. അധിക ചാര്‍ജ്ജുകളില്ലാതെ സൗജന്യമായി ഡീസല്‍ വീട്ടിലെത്തിക്കുന്നത് മികച്ച പരിപാടിയാണ്. ഡീസല്‍ മാത്രമല്ല, പെട്രോളും ഇതേ രീതിയില്‍ വിതരണം ചെയ്യണം. ഇത്തരം പദ്ധതികള്‍ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് ഏറെ ഉപകാരപ്രദമായിരിക്കും.

ഫ്യുവല്‍ സ്‌റ്റേഷനുകള്‍ കണ്ടെത്താനും അവിടെ കാത്തുനില്‍ക്കാനും എടുക്കുന്ന സമയം ഉപഭോക്താക്കള്‍ക്ക് ലാഭിക്കാന്‍ കഴിയുമെന്നതാണ് ഒരു മെച്ചം. ഇന്ധനം തീര്‍ന്ന് കുടുങ്ങുന്ന സാഹചര്യങ്ങളില്‍ പരസഹായമില്ലാതെ അതിനെ മറികടക്കാനുമാകും. എന്നാല്‍ ഡീസല്‍ ഇത്തരത്തില്‍ വിതരണം ചെയ്യുമ്പോള്‍ അത് പൂഴ്ത്തി വെക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാന്‍ ആവശ്യമായ മുന്‍കരുതലുകളും സ്വീകരിക്കണം. ഇത്തരത്തില്‍ നവീനമായ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ സുരക്ഷയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
കാരണം പെട്രോളും ഡീസലും എളുപ്പത്തില്‍ തീ പിടിക്കുന്ന ഇന്ധനങ്ങളാണ്. അതിനാല്‍ അവ കൈമാറ്റം ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത്. ഇക്കാര്യത്തില്‍ ഡെലിവറി പങ്കാളികളെയും ഉപഭോക്താക്കളെയും ബോധവാന്‍മാരാക്കണം. ഹൈദരാബാദിലുള്ള ഈ പരിപാടി വിജയകരമായാല്‍ മറ്റ് നഗരങ്ങളിലും ഭാവിയില്‍ വന്നേക്കാം. ഏതായാലും നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ പരിചയക്കാരോ ഹൈദരാബാദ് നഗരത്തില്‍ വസിക്കുന്നുണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








