വെറും 60 സെക്കന്‍ഡില്‍ 20 ലക്ഷം പോണ പോക്ക് കണ്ടോ... ഞെട്ടിക്കുന്ന സംഭവം സിസിടിവി ക്യാമറയില്‍
വാഹനങ്ങള്‍ പ്രാചാരത്തിലായ കാലം മുതല്‍ക്ക് തന്നെ മോഷണങ്ങളുമുണ്ട്. മോഡേണ്‍ കാറുകള്‍ അതീവ സെക്യൂരിറ്റിയുമായി വരുമ്പോഴും ആ 'പൂട്ട്' പൊളിക്കാനുള്ള വിദ്യയും തസ്‌കരന്‍മാര്‍ സ്വായത്തമാക്കുന്നു. ഇപ്പോള്‍ ഒരു ഹ്യുണ്ടായി ക്രെറ്റ കാര്‍ വെറും 60 സെക്കന്‍ഡിനുള്ളില്‍ മോഷ്ടാക്കള്‍ കവരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുകയാണ്. ന്യൂഡല്‍ഹിയില്‍ ജൂണ്‍ അവസാന വാരമാണ് സംഭവം അരങ്ങേറിയത്. വളരെ വേഗത്തിലും ആസൂത്രിതമായും പദ്ധതി നടപ്പാക്കിയതിനാല്‍ മോഷ്ടാക്കള്‍ക്ക് കാറിന്റെ സുരക്ഷാ സംവിധാനം തകര്‍ക്കാന്‍ വളരെ എളുപ്പമായി. ഈ സംഭവം വാഹനയുടമകളില്‍ ആശങ്ക സൃഷ്ടിച്ചതിനൊപ്പം ഹ്യുണ്ടായി ക്രെറ്റയുടെ സുരക്ഷാ സംവിധാനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയും ചെയ്തു.
കാറിലെത്തിയ മോഷണ സംഘം ക്രെറ്റയുടെ സുരക്ഷ സംവിധാനം ഹാക്ക് ചെയ്താണ് കാറുമായി കടന്ന്കളഞ്ഞത്. ക്രെറ്റ കാറിന്റെ ഉടമയെന്ന് അവകാശപ്പെടുന്ന റിഷഭ് ചൗഹാനാണ് മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 2025 ജൂണ്‍ 21-ന് രാവിലെയാണ് ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജംഗ് എന്‍ക്ലേവിലുള്ള റിഷഭ് ചൗഹാന്റെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ക്രെറ്റ മോഷ്ടിക്കപ്പെട്ടത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കളുടെ പദ്ധതി വ്യക്തമായി കാണാമായിരുന്നു. എതിര്‍ദിശയില്‍ നിന്ന് ഒരു കാര്‍ വന്ന് റിഷഭിന്റെ കാറിന് സമീപത്ത് പാര്‍ക്ക് ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാനാകുക. മുഖംമൂടി ധരിച്ച ഒരാള്‍ കാറില്‍ നിന്ന് ഇറങ്ങി സ്‌ക്രൂഡ്രൈവര്‍ പോലുള്ള വസ്തു ഉപയോഗിച്ച് ഡ്രൈവര്‍ സൈഡിലെ ഗ്ലാസ് തകര്‍ത്ത് തിരികെ പോകുന്നു.
കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം അതേ കാര്‍ തിരിച്ചെത്തി ക്രെറ്റയ്ക്ക് സമീപം പാര്‍ക്ക് ചെയ്യുന്നു. ഈ സമയം മുഖംമൂടി ധരിച്ച മറ്റൊരാള്‍ പുറത്തിറങ്ങി ഒരു ഇലക്ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെ വാഹനത്തിന്റെ സുരക്ഷാ സംവിധാനം ഹാക്ക് ചെയ്ത് കാര്‍ അണ്‍ലോക്കാക്കുന്നു. ശേഷം ഗ്ലാസ് തകര്‍ത്തയാള്‍ തന്നെ വന്ന് കാര്‍ വേഗത്തില്‍ ഓടിച്ചു പോകുന്നു.
ഹ്യുണ്ടായി ഇന്ത്യയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു സംഭവം വിശദീകരിച്ച് കൊണ്ടുള്ള റിഷഭിന്റെ ഇന്‍സ്റ്റ പോസ്റ്റ്. ഹ്യുണ്ടായി ടീം അവരുടെ സെക്യൂരിറ്റി സോഫ്റ്റ്വെയര്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ക്രെറ്റ വാങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ജാഗ്രത പാലിക്കണമെന്നും അത് ഏത് ഏത് നിമിഷം വേണമെങ്കിലും മോഷണം പോയേക്കാമെന്നാണ് റിഷഭ് കുറിച്ത്. ഡല്‍ഹി പോലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി സ്ഥിരീകരിച്ചുകൊണ്ട്, എഫ്ഐആറിന്റെ സ്‌ക്രീന്‍ഷോട്ടും ചൗഹാന്‍ പങ്കിട്ടു. കാറിന് ആറ് മാസം മാത്രമേ പഴക്കമുള്ളൂ.കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് ക്രെറ്റ. ഡല്‍ഹിയില്‍ നടന്ന മോഷണം ക്രെറ്റയുടെ സുരക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. ഇന്ന് കാറുകളുടെ സുരക്ഷ കൂട്ടുന്നതിന് അനുസരിച്ച് മോഷ്ടാക്കളും അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കനായി സിസ്റ്റം പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണ്.
ഹ്യുണ്ടായി ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഈ ഒരു വിഷയം തിരക്കേറിയ ഡല്‍ഹി നഗരത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണെന്ന് ആരും കരുതരുത്. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും സമാനമായ മോഷണങ്ങള്‍ നടക്കുന്നുണ്ട്. റോഡരികിലും മറ്റും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളാണ് ഇത്തരത്തില്‍ മോഷണം പോകുന്നതില്‍ അധികവും. അതുകൊണ്ട് തങ്ങളുടെ കാറുകള്‍ സുരക്ഷിതമായ സ്ഥലത്ത് പാര്‍ക്ക് ചെയ്യാന്‍ കാര്‍ ഉടമകള്‍ ശ്രദ്ധിക്കണം.
സ്റ്റിയറിംഗ് ലോക്കുകള്‍ അല്ലെങ്കില്‍ ജിപിഎസ് ട്രാക്കിംഗ് സിസ്റ്റങ്ങള്‍ പോലുള്ള അധിക സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. സംശയാസ്പദമായ എന്തെങ്കിലും നീക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കണം. നിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് സിസിടിവി ക്യാമറകളും അലാം സംവിധാനങ്ങളും സ്ഥാപിക്കുന്നത് ഗുണം ചെയ്യും.
ഡല്‍ഹി പോലുള്ള ഒരു നഗരത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ മറ്റ് സ്ഥലങ്ങളിലെ സ്ഥിതി എന്തായിരിക്കുമെന്ന് ക്രെറ്റ ഉടമ ചോദിച്ച ചോദ്യത്തില്‍ ന്യായമുണ്ട്. ഇവിടെ വാഹന ഉടമകള്‍ ജാഗ്രത പാലിക്കുന്നതിനൊപ്പം തന്നെ വാഹന നിര്‍മാതാക്കള്‍ അവരുടെ സെക്യൂരിറ്റി സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന് ഉറപ്പ് വരുത്തുകയും വേണം. സാങ്കേതികവിദ്യ പുരോഗമിച്ചതിനാല്‍ അതിന്റെ ദുരുപയോഗം തടയാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ഒരു സംഭവം.


Click it and Unblock the Notifications








