ട്രക്കിടിച്ചിട്ടും കുലുങ്ങിയില്ല, യാത്രക്കാർ സേഫ്; ക്രാഷ് ടെസ്റ്റിന് മുമ്പേ കരുത്ത് തെളിയിച്ച് എക്‌സ്റ്റർ
സാന്‍ട്രോ എന്ന ഐതിഹാസിക മോഡലിലൂടെ ഇന്ത്യക്കാരുടെ മനസ്സില്‍ ചിരകാല പ്രതിഷ്ഠ നേടിയ ബ്രാന്‍ഡാണ് ഹ്യുണ്ടായി. ബജറ്റ് വിലയില്‍ കൊറിയന്‍ കമ്പനി ഒത്തിരി മോഡലുകള്‍ പുറത്തിറക്കുന്നുണ്ട്. ഒരു ഹാച്ച്ബാക്ക് കാറിന്റെ വിലയില്‍ ഹ്യുണ്ടായി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മോഡലാണ് എക്‌സ്റ്റര്‍ (Hyundai Exter).
ആകര്‍ഷകമായ രൂപകല്‍പ്പന, ഫീച്ചര്‍ റിച്ച് ക്യാബിന്‍, മികച്ച മൈലേജ് എന്നിവക്കൊപ്പം നൂതന സുരക്ഷ ഫീച്ചറുകളും ഈ കാറിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന ഘടകമായിരുന്നു. ഈ മൈക്രോ എസ്‌യുവി ഇതുവരെ ക്രാഷ് ടെസ്റ്റില്‍ പരീക്ഷിച്ചിട്ടില്ലെങ്കിലും ഇതിന്റെ ബില്‍ഡ് ക്വാളിറ്റി തെളിയിക്കുന്ന ഒരു വീഡിയോ ഞങ്ങളുടെ പക്കലുണ്ട്. നിഖില്‍ റാണയാണ് എക്‌സ്റ്റര്‍ കരുത്ത് തെളിയിക്കുന്ന വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്.

റോഡ് സേഫ്റ്റി സംബന്ധിച്ച വീഡിയോകളും അപകടങ്ങളില്‍ കാറുകള്‍ തങ്ങളുടെ ബില്‍ഡ് ക്വാളിറ്റി വെളിവാക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങളാണ് തന്റെ ചാനലിലൂടെ നിഖില്‍ റാണ പങ്കുവെക്കാറുള്ളത്. പിന്നില്‍ നിന്ന് ഒരു ട്രക്ക് ഇടിച്ചതിനെ തുടര്‍ന്ന് എക്‌സ്റ്റര്‍ ഡിവൈഡറില്‍ കയറി നില്‍ക്കുന്ന കാഴ്ചയാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്. ഇടിയെ തുടര്‍ന്ന് കാറിന്റെ മുന്‍വശം ഡിവൈഡറിലും പിന്‍ഭാഗം ട്രക്കിന്റെ ബമ്പറിലും കയറിനില്‍ക്കുകയായിരുന്നു.
കൃത്യമായ ബാലന്‍സില്‍ അത് തൂങ്ങി നില്‍ക്കുകയായിരുന്നു. ബമ്പറിനും ഡിവൈഡറിനും മുകളില്‍ ആരെങ്കിലും കാര്‍ കയറ്റി വെച്ചതാണോ എന്ന് പോലും സംശയിച്ച് പോയേക്കാം. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഈ കാറില്‍ സഞ്ചരിച്ച യാത്രക്കാര്‍ എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നാണ് വിവരം. ഭാഗ്യം കൊണ്ടും എക്‌സ്റ്റര്‍ എസ്‌യുവിയുടെ ബില്‍ഡ് ക്വാളിറ്റിയും കാരണമാണ് യാത്രക്കാര്‍ രക്ഷപ്പെട്ടതെന്ന് പറയാം. മാത്രമല്ല ഈ അപകടത്തില്‍ വാഹനത്തിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

ഓരേ വര്‍ഷവും ആയിരക്കണക്കിന് ജീവനുകളാണ് ഇന്ത്യന്‍ നിരത്തുകളില്‍ പൊലിയുന്നത്. വാഹനങ്ങള്‍ എത്ര സേഫ്റ്റിയുള്ളതാണെന്ന് പറഞ്ഞാലും ഡ്രൈവര്‍മാരും യാത്രക്കാരും പലിക്കേണ്ട ഒത്തിരി നിയമങ്ങളുണ്ട്. യാത്രക്കാര്‍ എല്ലാവരും സീറ്റ്‌ബെല്‍റ്റ് ധരിച്ചുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം വളയം പിടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതാണ് മിക്ക അപകടങ്ങളുടെയും മൂലകാരണം.
നിയമങ്ങളെ നിസ്സാരമായി കാണുന്ന പ്രവണത നമ്മള്‍ ഇന്ത്യക്കാര്‍ക്കുണ്ട്. അതിന് പുറമെ അമിതവേഗതയും അപകടങ്ങള്‍ക്കുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ്. 5 സ്റ്റാര്‍ സേഫ്റ്റിയുള്ള വാഹനമാണെങ്കില്‍ പോലും ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ ഓരോ പൗരന്‍മാരും ശ്രദ്ധിക്കണം. ഉത്തരവാദിത്തമുള്ള ഡ്രൈവര്‍മാരാകാനും ഡിഫെന്‍സീവ് ഡ്രൈവിംഗ് ശീലമാക്കാനും നമുക്ക് ശ്രദ്ധിക്കാം.

ഹ്യുണ്ടായി എക്‌സ്റ്ററിനെ കുറിച്ച് പറയുമ്പോള്‍ ഇതില്‍ 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ സാധിക്കും. EX, EX (O), S, S (O), SX, SX (O), SX (O) കണക്ട് എന്നിങ്ങനെ ഏഴ് വേരിയന്റുകളിലായാണ് എക്സ്റ്റര്‍ പുറത്തിറങ്ങുന്നത്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ എന്നിവയടക്കമുള്ള സേഫ്റ്റി ഫീച്ചറുകള്‍ കാറില്‍ ഒരുക്കിയിട്ടുണ്ട്.
1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എക്‌സ്റ്റിന് തുടിപ്പേകുന്നത്. പരമാവധി 81 bhp കരുത്തും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കുന്നു. ഇതേ എഞ്ചിന്‍ തന്നെയാണ് പഞ്ച് സിഎന്‍ജി പതിപ്പുകളിലും വാഗ്ദാനം ചെയ്യുന്നത്.
സിഎന്‍ജി മോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍, ഈ എഞ്ചിന്റെ പവര്‍ 68 bhp-യും ടോര്‍ക്ക് 96 Nm ആയും കുറയുന്നു. എക്സ്റ്റര്‍ സിഎന്‍ജി വേരിയന്റ് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. പവര്‍ ഔട്ട്പുട്ട് കുറവാണെങ്കിലും പഞ്ച് സിഎന്‍ജി മികച്ച മൈലേജ് നല്‍കും. ഹ്യുണ്ടായി എക്സ്റ്ററിന്റെ പെട്രോള്‍/മാനുവല്‍ മോഡലിന് ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജ് കിട്ടുമെന്നാണ് അവകാശവാദം.
പെട്രോള്‍/എഎംടി മോഡല്‍ ലിറ്ററിന് 19.2 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. അതേസമയം പഞ്ചിന്റെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 27.10 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയില്‍ 6.13 ലക്ഷം മുതല്‍ 10.28 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി എക്സ്റ്ററിന്റെ നിലവിലെ എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








