ഇവിടെ ഏത് സൈസ് ക്വട്ടേഷനും എടുക്കും; മോഡിഫിക്കേഷനിൽ ഹ്യുണ്ടായി എക്സ്റ്റർ പുലി തന്നെ
ഹ്യുണ്ടായി അടുത്തിടെയാണ് തങ്ങളുടെ എൻട്രി ലെവൽ എസ്‌യുവിയായ എക്‌സ്‌റ്റർ വിപണിയിൽ അവതരിപ്പിച്ചത്. സെഗ്‌മെന്റിൽ ടാറ്റ പഞ്ചുമായി നേരിട്ട് മത്സരിക്കുന്ന ഒരു മൈക്രോ എസ്‌യുവിയായത് കൊണ്ട് തന്നെ നിരവധി ആളുകൾ ഏറെ പ്രതീക്ഷിച്ചിരുന്ന ഒരു മോഡലും കൂടിയായിരുന്നു ഇത്. എക്‌സ്‌റ്റർ ഇതിനകം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങുകയും ഡെലിവറിയും ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഏത് വാഹനം എത്തിയാലും അതിൽ ഒരു മോഡിഫിക്കേഷന നടത്താതെ ഒരു സമാധാനം കിട്ടാത്തവരുമുണ്ടല്ലോ.
എക്സ്റ്റിന് വേണ്ടിയുളള ആഫ്റ്റർ മാർക്കറ്റ് ആക്സസറികൾ എത്തി തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ ഒരു മോഡിഫൈ ചെയ്ത് എക്സ്റ്ററിൻ്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പുത്തൻ അലോയ് വീലുകളാണ് ഹ്യുണ്ടായി എക്സ്റ്ററിൽ ഉടമ പരീക്ഷിച്ചിരിക്കുന്നത്. അലോയ് വീലുകൾ ഒഴികെയുള്ള മിക്കവാറും എല്ലാ ഫീച്ചറുകളുമായും വരുന്ന SX മോഡലാണ് വീഡിയോയിൽ കാണുന്ന മോഡൽ.

ഈ എസ്‌യുവിയിലെ സ്റ്റോക്ക് വീലുകൾ 14 ഇഞ്ച് യൂണിറ്റുകളാണ്. 16 ഇഞ്ച് യൂണിറ്റുകളാണ് ഉടമ ആദ്യം മാറ്റാൻ തീരുമാനിച്ചിരുന്നത്. തുടക്കത്തിൽ 16 ഇഞ്ച് ടയർ ഇട്ട് പരീക്ഷിച്ചപ്പോൾ വാഹനം വളരെ ഭംഗിയുളളതായി കണ്ടുവെങ്കിൽ ടയറുകൾ വശങ്ങളിലേക്ക് തിരിക്കുമ്പോൾ ക്ലാഡിങ്ങിൽ ഉരയുന്നുണ്ടായിരുന്നു. അത് കൊണ്ട് ഉടമ 15 ഇഞ്ച് ടയർ ഇടുകയും ചെയ്തു.
പുതിയ സെറ്റ് അലോയ് വീലുകൾ വളരെ മികച്ചതും അതോടൊപ്പം തന്നെ എക്‌സ്റ്ററിന് ഒരു അഗ്രസ്സീവ് ലുക്ക് നൽകുകയും ചെയുന്നുണ്ട്. ഇതുകൂടാതെ, യഥാർത്ഥ ടയർ പ്രഷർ മോണിറ്ററിങ്ങ് സെൻസറും പുതിയ വീലുകൾക്കൊപ്പം നൽകുന്നുണ്ട്. ഏത് വാഹനവും മോഡിഫൈ ചെയ്യുന്നതിൽ തെറ്റില്ല, പക്ഷേ നമ്മുടെ നാട്ടിലെ നിയമങ്ങൾക്ക് വിധേയമായി മാത്രമേ ചെയ്യാവു എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

എക്സ്റ്ററിലേക്ക് വരുകയാണെങ്കിൽ പഞ്ചിനൊരു പഞ്ചായി ഹ്യുണ്ടായി അവതരിപ്പിച്ച മോഡൽ ഇപ്പോൾ വമ്പൻ ബുക്കിങ്ങുകളും വിൽപ്പനയുമായി കത്തി കയറിക്കൊണ്ടിരിക്കുകയാണ്. വെറും ഒരു മാസത്തിനുള്ളില്‍ 7000 യൂണിറ്റ് വില്‍പ്പനയുമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളുടെ പട്ടികയില്‍ പത്താം സ്ഥാനത്തെത്താന്‍ എക്‌സ്റ്ററിനായിരുന്നു. ഇത് കാറിന്റെ വിജയം കൂടുതല്‍ ശ്രദ്ധേയമാകുന്നു.
മെയ് മാസം കാര്‍ അവതരിപ്പിച്ചത് മുതല്‍ തന്നെ വിപണിയില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മെയ് മുതല്‍ കാറിന് 16,000-ത്തിലേറെ ബുക്കിംഗുകള്‍ ലഭിച്ചത് കമ്പനിയെ അതിശയിപ്പിച്ചു. 1,800 എന്ന പ്രതിദിന ബുക്കിംഗ് നിരക്ക് ഉള്ളതിനാല്‍ എക്സ്റ്ററിന്റെ ഔദ്യോഗിക ലോഞ്ചിനു മുമ്പ് തന്നെ കാറ് കൈയ്യില്‍ കിട്ടാന്‍ കുറച്ച് ദിവസം കാത്തിരിക്കണമെന്ന് ഉറപ്പായിരുന്നു. 5.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തുന്ന മോഡല്‍ പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളിലുടനീളം ഏഴ് വകഭേദങ്ങളില്‍ ലഭിക്കും.

EX, EX (0) S, S (0), SX, SX (0), SX (0) കണക്റ്റ് എന്നിങ്ങനെ 7 വേരിയന്റുകളില്‍ ലഭ്യമായ എക്സ്റ്ററിനെ കാത്തിരിപ്പ് കാലയളവ് എതിരാളികളെ വരെ ഞെട്ടിച്ചു. എക്സ്റ്ററിന്റെ EX, EX(O) വേരിയന്റുകള്‍ കൈയ്യില്‍ കിട്ടാന്‍ 1 വര്‍ഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. മറ്റ് വേരിയന്റുകള്‍ക്ക് 5 മുതല്‍ 6 മാസം വരെയാണ് കാത്തിരിപ്പ് കാലയളവ്.
മികച്ച മൈലേജാണ് എക്‌സ്റ്ററിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്ന്. കിലോഗ്രാമിന് 27.1 കി.മീ മൈലേജ് നല്‍കുന്ന എക്സ്റ്റര്‍ സിഎന്‍ജിക്ക് 9.32 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. കാറിന്റെ പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് ഏകദേശം 20 കി.മീ മൈലേജ് നല്‍കുമെന്നാണ് പറയുന്നത്. ഹ്യുണ്ടായി ഗ്രാന്‍ഡ് i10, ഓറ സെഡാന്‍ എന്നിവയില്‍ സേവനം ചെയ്യുന്ന 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായി എക്‌സ്റ്ററിന് തുടിപ്പേകുന്നത്.
ഈ മോട്ടോര്‍ പരമാവധി 81.86 bhp കരുത്തും 113.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി മോഡില്‍ ഈ കണക്കുകള്‍ 68 bhp പവറും 95.2 Nm ടോര്‍ക്കും ആയി കുറയുന്നു. പെട്രോള്‍ വേരിയന്റുകള്‍ക്ക് 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് AMT ഗിയര്‍ബോക്സുകളാണ് ലഭിക്കുക. നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ക്കൊപ്പം സേഫ്റ്റിയുടെ കാര്യത്തിലും കേമനാണ് എക്‌സ്റ്റര്‍.
എക്സ്റ്ററിന്റെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാണ്. ഒപ്പം ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), പാര്‍ക്കിംഗ് സെന്‍സറുകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഹൈ-സ്പീഡ് അലേര്‍ട്ട്, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ എന്നിവയടക്കം മറ്റ് നിരവധി സവിശേഷതകളുമുണ്ട്.


Click it and Unblock the Notifications








