ഇത് കലികാലം തന്നെ! യുഎസിൽ ഡ്രൈവിംഗ് ലസൻസ് നേടി റോബോ ടാക്സി, ഇനി ടെർമിനേറ്ററിന്റെ വരവ് എന്നാണാവോ?
തനിയെ ഓടുന്ന കാർ അല്ലെങ്കിൽ ഓട്ടോണമസ് കാർ എന്നത് ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്, എന്നാൽ പൂർണ്ണമായും സ്വന്തമായി പ്രവർത്തിക്കുന്ന റോബോ ടാക്സികൾ ഇന്നും പല പരീക്ഷണ ഘട്ടങ്ങളിലാണ്. എന്നാൽ മനുഷ്യർക്കായി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് ക്ലിയർ ചെയ്ത് ഒരു ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുക എന്നത് റോബോ കാറുകളെ സംബന്ധിച്ചിടത്തോളം വലിയ ഒരു ചുവടു വെയ്പ്പാണ്.
പുതിയ ഹ്യുണ്ടായി അയോണിക് 5 റോബോടാക്‌സി ഒരു യഥാർത്ഥ യുഎസ് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് സമാനമായ പ്രക്രിയ പൂർത്തിയാക്കുന്ന വീഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഓൾ-ഇലക്‌ട്രിക് അയോണിക് 5 ക്രോസ്ഓവറിനെ അടിസ്ഥാനമാക്കിയുള്ള ഈ പുതിയ റോബോടാക്‌സി, വിട്ടുവീഴ്‌ചയില്ലാത്ത സുരക്ഷ/ സേഫ്റ്റി പ്രകടമാക്കുന്നതിന് നിരവധി ഡ്രൈവിംഗ് സാഹചര്യങ്ങളിൽ സ്ഥിരമായ ഡ്രൈവിംഗ് പെർഫോമെൻസ് നേടുന്നതിന് അതിൻ്റെ സെൽഫ്-ഡ്രൈവിംഗ് കഴിവുകൾ പ്രകടിപ്പിച്ചു.

ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയിൽ അഭിമാനം കൊള്ളുന്ന, അയോണിക് 5 റോബോടാക്‌സി, ലാസ് വെഗാസിലെ പബ്ലിക് ലെവൽ ഡ്രൈവിംഗ് ടെസ്റ്റ്, റോഡ് ഡ്രൈവിംഗ് തുടങ്ങി നിരവധി പരീക്ഷണങ്ങളിലൂടെ കടത്തി വിടുകയുണ്ടായി, ഇരു ടെസ്റ്റുകളിലും റോബോടാക്സി അതിൻ്റെ സുരക്ഷ വ്യക്തമായി തന്നെ തെളിയിച്ചു എന്നതാണ് ശ്രദ്ധേയം.
റെറ്റിനൈറ്റിസ് പിഗ്മെൻ്റോസ എന്ന വൈകല്യത്തെക്കുറിച്ച് സംസാരിക്കുന്ന പേൾ ഔട്ട്‌ലോ എന്ന കാഴ്ച വൈകല്യമുള്ള അമേരിക്കൻ സ്ത്രീയുടെയും അവളുടെ അമ്മ റൂത്തിൻ്റെയും സങ്കടകരമായ കഥയോടെയാണ് ഈ വീഡിയോ ആരംഭിക്കുന്നത്. തന്റെ ഈ ഡീജനറേറ്റീവ് ഡിസോർഡർ പേളിൻ്റെ മൊബിലിറ്റി സ്വാതന്ത്ര്യത്തെ വല്ലാത്ത തരത്തിൽ പരിമിതപ്പെടുത്തി.

എന്നിരുന്നാലും, ഈ പുതിയതും സർട്ടിഫൈഡുമായ റോബോടാക്‌സി ഡ്രൈവിംഗ് ടെസ്റ്റ് പാസായത് ഈ ദിശയിലുള്ള ഒരു മികച്ച ചുവടുവെപ്പാണ്. തങ്ങളുടെ യാത്രകൾക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരാതെ ഇത്തരം ആളുകൾക്ക് ഇത് ഒരു ഗെയിം ചേഞ്ചർ ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇത് ഇത്തരക്കാരുടെ കോൺഫിഡൻസും വർധിപ്പിക്കും.
മുമ്പ് ഒട്ടനവധി ടെസ്റ്റുകൾ നടത്തുകയും അതിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളെ പരാജയപ്പെടുത്തുകയും ചെയ്ത, 25 വർഷത്തെ അനുഭവപരിചയമുള്ള DMV- സർട്ടിഫൈഡ് ഡ്രൈവിംഗ് എക്‌സാമിനറായ കാൻഡിസ് ജോൺസ് എങ്ങനെയാണ് അയോണിക് 5 റോബോടാക്‌സി പരീക്ഷണത്തിന് വിധേയമാക്കിയത് എന്നും ഇതോടൊപ്പമുള്ള വീഡിയോ വ്യക്തമായി കാണിക്കുന്നു. കഴിഞ്ഞ 25 വർഷമായി താൻ മേൽനോട്ടം വഹിച്ച 31,500 ആളുകളിൽ 16 ശതമാനം പേർ മാത്രമാണ് ടെസ്റ്റ് വിജയിച്ചത് എന്ന് അവർ പറയുന്നു.

ഫ്രണ്ട് പാസഞ്ചർ സീറ്റിൽ ഇരുന്നുകൊണ്ട് ജോൺസ് റോബോടാക്‌സിയെ ഒരു മനുഷ്യൻ എന്നപോലെ തന്നെ പരീക്ഷിച്ചു. ലാസ് വെഗാസ് സ്ട്രിപ്പിലും നഗര പ്രാന്തപ്രദേശങ്ങളിലും ഓട്ടോണമസ് റോബോടാക്‌സിയുടെ കംപ്ലീറ്റ് സ്റ്റോപ്പും ദ്രുത പ്രതികരണ (ക്വിക്ക് റിയാക്ഷൻ) സമയവും കൂടാതെ വേഗത, ലെയിൻ മാറ്റം, ലെഫ്റ്റ് ടേർണുകൾ, ലെയിൻ മെയിന്റനൻസ് എന്നിവയ്ക്കായി ഇത് നിരീക്ഷിച്ചു. ഈ പരീക്ഷകളിൽ ഓരോന്നിനും വളരെ മികച്ച വിജയം വാഹനം കൈവരിച്ചു.
ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിൻ്റെ സമർപ്പിത ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (BEV) പ്ലാറ്റ്‌ഫോമായ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം (E-GMP) അടിസ്ഥാനമാക്കിയാണ് ഹ്യുണ്ടായിയുടെ അയോണിക് 5 റോബോടാക്‌സി ഒരുക്കിയിരിക്കുന്നത്. ഹ്യുണ്ടായി മോട്ടോർസും ഓട്ടോണമസ് ഡ്രൈവിംഗ് ടെക്‌നോളജി ഡെവലപ്പറായ മോഷണലും തമ്മിലുള്ള കൂട്ടുകെട്ടിലാണ് ഇത് ഉയർന്നുവരുന്നത്.

30 -ലധികം സെൻസറുകൾ, ക്യാമറകൾ, റഡാറുകൾ, ലിഡാറുകൾ എന്നിവ ഉപയോഗിച്ച് 360 -ഡിഗ്രി പെർസെപ്ഷൻ വാഹനം വാഗ്ദാനം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം, കൂടാതെ ഉയർന്ന റെസല്യൂഷൻ ഇമേജുകളും ഒബ്ജക്റ്റുകളുടെ ലോംഗ് റേഞ്ച് ഡിറ്റക്ഷനും സ്ഥിരവും സുരക്ഷിതവുമായ ഡ്രൈവിംഗ് പെർഫോമെൻസ് പ്രകടമാക്കുന്നു. വാഹനത്തിൻ്റെ പുറംഭാഗത്തിലുടനീളം ഡിസ്പ്ലേ ചെയ്തിരിക്കുന്ന ഒരു സേഫ്റ്റി സ്യൂട്ട്, മനുഷ്യർ ഓടിക്കുന്ന വാഹനങ്ങളിൽ നിന്ന് ഇതിനെ വേറിട്ടു നിർത്തുന്നു.


Click it and Unblock the Notifications








