അപകടമല്ല, വണ്ടി പാര്‍ക്ക് ചെയ്തതാ..! വൈറലായി 'പയ്യന്നൂര്‍ ഡ്രിഫ്റ്റ്' വീഡിയോ
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഫ്രഞ്ചൈസിയിലെ പ്രശസ്തമായ സിനിമകളില്‍ ഒന്നാണ് 'ടോക്യോ ഡ്രിഫ്റ്റ്'. ജാപ്പനീസ് തലസ്ഥാന നഗരിയിലെ ഡ്രിഫ്റ്റിംഗ് കമ്മ്യൂണിറ്റിയെ കുറിച്ച് പറയുന്ന ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായിരുന്നു. എന്നാല്‍ ടോക്യോ ഡ്രിഫ്റ്റിനെ (The Fast and the Furious: Tokyo Drift) കുറിച്ചല്ല നമ്മള്‍ പറഞ്ഞ് വരുന്നത്. ഫാസ്റ്റ ആന്‍ഡ് ഫ്യൂരിയസ് സിനിമകളെ അനുസ്മരിപ്പിക്കും വിധം കണ്ണൂരിലെ പയ്യന്നൂരില്‍ നടന്ന ഒരു ഡ്രിഫ്റ്റിംഗ് സീനിനെ കുറിച്ചാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇതിനകം വൈറലായ വീഡിയോയെ കുറിച്ച് വിശദമായി പറയാം.
പയ്യന്നൂര്‍ ഗാലറി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വൈറല്‍ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ വാഴക്കര എന്ന സ്ഥലത്താണ് അപകടം നടന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്. റോഡരികിലുള്ള കടയുടെ സിസിടിവി ക്യാമറയാണ് വൈറല്‍ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ വിജനമായ റോഡാണ് നമുക്ക് കാണാന്‍ കഴിയുക. തൊട്ടുപിന്നാലെ ഒരു വെള്ള നിറത്തിലുള്ള ഹ്യൂണ്ടായി വെന്യു എസ്‌യുവി റോഡിലൂടെ തെന്നി വന്ന് കടയുടെ വരാന്തയില്‍ പെര്‍ഫെക്ടായി പാര്‍ക്ക് ചെയ്ത നിലയില്‍ വന്ന് നില്‍ക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന യുവാക്കള്‍ എന്താണ് സംഭവിച്ചതെന്നറിയാതെ ആശ്ചര്യത്തില്‍ പുറത്തേക്ക് ഇറങ്ങി വന്ന് കാറിന് വല്ലതും പറ്റിയോ എന്ന് േനാക്കുന്നത് കാണാം. വന്ന വരവില്‍ സമീപത്തെ ഹാര്‍ഡ്‌വെയര്‍ ഷോപ്പിലെ ഒരു കെട്ട് പൈപ്പ് കാര്‍ ഇടിച്ച് തെറുപ്പിച്ചിട്ടുണ്ട്. കാര്‍ തെന്നിയ സമയത്ത് റോഡിലൂടെ മറ്റ് വാഹനങ്ങള്‍ ഒന്നും വരാതിരുന്നത് വലിയ അനുഗ്രഹമായി. മാത്രമല്ല സമീപത്തെ ഇലക്ട്രിക് പോസ്റ്റിലേക്കും കാര്‍ ചെന്നിടിക്കാത്തതും ഭാഗ്യമായെന്ന് വേണം പറയാന്‍.
സംഭവം നടന്നത് അപകടമാണെങ്കിലും ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ കമന്റ് ബോക്‌സ് രസകരമായ കമന്റുകള്‍ കൊണ്ട് നിറയുകയാണ്. അപകടമല്ല ഇതാണ് സേഫ് പാര്‍ക്കിംഗ് എന്നായിരുന്നു കമന്റ്. 'ചേട്ടാ ഒരു റോള്‍ പൈപ്പിന്‍ എന്ത് വില വരും' കാര്‍ പെപ്പ് ഇടിച്ച് തെറിപ്പിച്ചതിനെ സൂചിപ്പിച്ച് ഒരു വിരുതന്‍ കമന്റ് ചെയ്തത് ഇങ്ങനെയാണ്. ടോക്യോ ഡ്രിഫ്റ്റല്ല ഇത് പയ്യന്നുര്‍ ഡ്രിഫ്റ്റ് എന്നായിരുന്നു ഒരു കമന്റ്.

മഴ പെയ്ത് നനഞ്ഞ് കിടക്കുന്ന റോഡിലാണ് അപകടം നടന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. മഴക്കാലത്ത് കാര്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സ്‌നേഹപൂര്‍വ്വം ഉപദേശിക്കുന്നവരുമുണ്ട് കമന്റ് ബോക്‌സില്‍. ഇന്നലെ പങ്കുവെച്ച വീഡിയോക്ക് ഇതുവരെ ലക്ഷത്തിനടുത്ത് കാഴ്ചക്കാരെ ലഭിച്ചു. 5000-ത്തിലധികം പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഇപ്പോള്‍ മഴ തിമിര്‍ത്ത് പെയ്യുകയാണ് മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.
പയ്യന്നൂരില്‍ സംഭവിച്ച അപകടം പോലെ കാര്‍ തെന്നിമറിയുന്നത് മാത്രമല്ല വെള്ളക്കെട്ടുകളില്‍ പെടുന്നത് അടക്കമുള്ള ഒത്തിരി അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു സമയമാണ് മണ്‍സൂണ്‍. കേരിച്ചൊരിയുന്ന മഴ പെയ്യുമ്പോള്‍ കാഴ്ചയുടെ പ്രശ്നം ചിലര്‍ക്കെങ്കിലും നേരിടേണ്ടി വന്നേക്കാം. ആ സമയങ്ങളില്‍ സഡന്‍ ബ്രേക്കിംഗ് ഇടേണ്ടി വന്നേക്കാം. എന്നാല്‍ സഡന്‍ ബ്രേക്കിംഗ് ചെയ്യുമ്പോള്‍ നിങ്ങളുടെ കാറിനെ പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കാനുള്ള സാധ്യത കൂട്ടുന്നു.

അതുപോലെ തന്നെ റെവ്സ് കുറയുന്നത് കാരണം എക്‌സ്‌ഹോസ്റ്റ് പൈപ്പിലൂടെ എഞ്ചിനുള്ളില്‍ വെള്ളം കയറാനുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കുന്നു. മണ്‍സൂണില്‍ വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നത് കഴിവതും ഒഴിവാക്കണം. കാരണം അവിടങ്ങളില്‍ വെള്ളക്കെട്ടിന്റെ വ്യാപ്തി എത്രയാണെന്ന് നമുക്ക് നിര്‍ണയിക്കാന്‍ സാധിക്കില്ല. ഏതെങ്കിലും സാഹചര്യത്തില്‍ വാഹനം വെള്ളക്കെട്ടിലൂടെ ഓടിക്കേണ്ടി വന്നുവെന്ന് കരുതുക. വണ്ടി നിന്ന് പോയാല്‍ പിന്നീട് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കാതിരിക്കുക. അങ്ങനെ ചെയ്താല്‍ അത് എഞ്ചിനില്‍ വെള്ളം കയറാന്‍ കാരണമാകും.
അത് വലിയ കേടുപാടുകളിലേക്കാണ് നയിക്കുക. വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോള്‍ വേഗത കുറവാണെങ്കിലും ആക്സിലറേറ്റര്‍ പെഡലില്‍ ചെറിയ രീതിയില്‍ കാല്‍ വെയ്ക്കുന്നത് നല്ലതാണ്. റെവ്സ് കുറയുമ്പോള്‍ എക്‌സ്‌ഹോസ്റ്റില്‍ നിന്ന് വെള്ളം വലിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ റെവ്സ് കൂടുമ്പോള്‍ വെള്ളത്തെ വഴുതിമാറ്റി സുരക്ഷിതമായി സഞ്ചരിക്കാന്‍ പറ്റും. ഏതായാലും മഴക്ക് ശമനമില്ലാത്ത സാഹചര്യത്തില്‍ എല്ലാവരും വേഗത കുറച്ച് ജാഗരൂകരായി വാഹനമോടിക്കാന്‍ ശ്രദ്ധിക്കുമല്ലോ.


Click it and Unblock the Notifications








