ലിറ്ററിന് 3 കിലോമീറ്റർ മൈലേജ് പോലും ഇല്ല! ഹ്യുണ്ടായി കാർ ഉടമ പറഞ്ഞ കാരണം കേട്ടാൽ ഞെട്ടും
ഇന്ത്യയില്‍ കാറുകളുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ഒരു കാര്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ പരിഗണിക്കുന്ന കാര്യങ്ങളില്‍ കാര്യമായ മാറ്റങ്ങളില്ല. അതില്‍ സുപ്രധാനമായ ഒന്ന് മൈലേജ് തന്നെയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്നത്തെ കാറുകള്‍ക്ക് അത്യാവശ്യം തരക്കേടില്ലാത്ത മൈലേജ് കിട്ടുന്നുണ്ട്. എന്നാല്‍ എത്ര മികച്ച ഇന്ധനക്ഷമതയുള്ള കാര്‍ ആണെന്ന് പറഞ്ഞാലും കനത്ത ട്രാഫിക്കില്‍ പതുക്കെ നീങ്ങുമ്പോള്‍ ഇതിന്റെ യാതൊരു ഗുണവും ഉടമക്ക് ലഭിക്കില്ല.
മുകളില്‍ സൂചിപ്പിച്ച പോലെ നിരത്തില്‍ വാഹനങ്ങളുടെ എണ്ണം കൂടുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകും. ഇന്ത്യന്‍ നഗരങ്ങളിലെ ഗതാഗതക്കുരുക്കിന്റെ രൂക്ഷത സൂചിപ്പിക്കുന്ന ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യയുടെ ഐടി ഹബായ ബെംഗളൂരുവില്‍ നിന്ന് ഒരു ഹ്യുണ്ടായി വെന്യു ഉടമയാണ് തന്റെ അനുഭവം പങ്കുവെച്ചത്. ട്രാഫിക്കിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച മെട്രോ നഗമാണ് ബെംഗളൂരു.

ഇന്ത്യയുടെ സിലിക്കണ്‍ വാലിയിലെ ഗതാഗതക്കുരുക്കിന്റെ രൂക്ഷത തെളിയിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ വൈറലാകാറുണ്ട്. 2022-ല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമായി ബെംഗളൂരു മാറിയിരുന്നു. ശരാശരി തിരക്കുള്ള സമയത്ത് ഇവിടത്തെ വേഗത മണിക്കൂറില്‍ വെറും 18 കി.മീ ആണെന്നറിയുമ്പോള്‍ ഇവിടുത്തെ സ്ഥിതി മനസ്സിലാക്കാമല്ലോ. ഇവിടെ ഹ്യുണ്ടായി വെന്യു ഓള്‍ ഇന്ത്യ ഓണേഴ്‌സ് ക്ലബിലാണ് ഈ പോസ്റ്റ് പങ്കുവെക്കപ്പെട്ടത്.
ബെംഗളൂരു നഗരത്തിലെ ചില സ്ഥലങ്ങളിലെ സാധാരണ കാഴ്ചയാണ് അതിരൂക്ഷമായ ട്രാഫിക് ജാമുകള്‍. അത്തരത്തില്‍ ഒന്നിലായിരിക്കാം നമ്മുടെ വെന്യൂ ഉടമ പെട്ടത്. ഇപ്പോള്‍ നഗരത്തിന്റെ പല ഭാഗങ്ങളിലായി മെട്രോ നിര്‍മാണ പ്രവര്‍ത്തികള്‍ അരങ്ങേറുന്നതിനാല്‍ ഇവയുടെ തീവ്രത കൂടുന്നു. ചില ജംഗ്ഷനുകളില്‍ ഓഫീസ് സമയത്തും മറ്റും ഒരു കിലോമീറ്ററോ അതിലധികമോ നീളമുള്ള ക്യൂ ആണ് ദൃശ്യമാകുക.

ഇവിടെ വെറുമൊരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളിന്റെ ചിത്രം വഴിയാണ് വെന്യു ഉടമ ബെംഗളൂരു ട്രാഫിക്കിന്റെ അവസ്ഥ കാണിച്ചത്. 2.9 കിലോമീറ്റര്‍ യാത്ര ചെയ്യാനായി 52 മിനിറ്റ് എടുത്തതായാണ് ചിത്രത്തില്‍ കാണുന്നത്. ട്രിപ്പ് ഇന്ധനക്ഷമത ലിറ്ററിന് 2.8 കിലോമീറ്റര്‍ ആണ്. മുഴുവന്‍ സമയവും താന്‍ ഇക്കോ മോഡിലിട്ടാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് വെന്യു ഉടമ പറയുന്നത്.
ഇക്കോ കൂടാതെ നോര്‍മല്‍, സ്പോര്‍ട് എന്നിങ്ങനെ രണ്ട് റൈഡ് മോഡുകളും വെന്യുവിലുണ്ട്. ഇവയില്‍ ഏതെങ്കിലുമൊന്നിലായിരുന്നു ഓടുന്നതെങ്കില്‍ മൈലേജ് വീണ്ടും കുറയുമായിരുന്നു. ഇക്കോ മോഡ് കൂടാതെ ഇന്ധനം ലാഭിക്കാന്‍ മറ്റ് ചില സംവിധാനങ്ങളും ഈ സബ് 4 മീറ്റര്‍ എസ്‌യുവിയില്‍ ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്. കോംപാക്ട് എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് SX, SX(O) വേരിയന്റുകളില്‍ പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു.

മൈലേജിന്റെ കാര്യത്തിലും പുലിയാണ് ഈ ഹ്യുണ്ടായി എസ്‌യുവി. വെന്യുവിന്റെ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 18 കിലോമീറ്ററാണ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഡീസല്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 23 കി.മീ മൈലേജ് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മുട്ടന്‍ ട്രാഫിക്കില്‍ പെട്ടാല്‍ ഈ കണക്കുകള്‍ എല്ലാം പിഴക്കുമെന്ന് മാത്രമല്ല ഈ നൂതന ഫീച്ചറുകള്‍ പോലും സഹായകമായേക്കില്ല.
സ്ഥല പരിമിതി കാരണം പല മെട്രോ നഗരങ്ങളും ഗതാഗതക്കുരുക്ക് കൊണ്ട് ശ്വാസംമുട്ടുന്ന അവസ്ഥയാണ്. ഗതാഗതക്കുരുക്ക് കാരണം ഇന്ധന, സമയ നഷ്ടങ്ങള്‍ക്ക് പുറമെ അന്തരീക്ഷ മലിനീകരണം കൂടി ഏറുന്നു. ബെംഗളൂരുവിന്റെ കാര്യമെടുത്താല്‍ ഇവിടെ മെട്രോ, ലോക്കല്‍ ട്രെയിന്‍ ശൃംഖലയുണ്ടെങ്കിലും അവ ഇതിനോടകം പൂര്‍ണ്ണ ശേഷിയുടെ അടുത്താണ് പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ ഇവിടെ ബിഎംടിസിയുടെ
സിറ്റി ബസുകളും സജീവമാണ്.
ആളുകള്‍ കാറുകളുമായി ഇറങ്ങുന്നതിന് പകരം ഇത്തരം പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങുന്നത് ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറക്കാന്‍ സഹായകമായിരിക്കും. വേറെ ഒരു ഓപ്ഷന്‍ ഇവികളിലേക്കുള്ള ചുവടുമാറ്റമാണ്. ട്രാഫിക്കില്‍ കുടുങ്ങുമ്പോള്‍ ഇവികളും പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളും എടുക്കുന്ന സമയം സമമായിരക്കും. എന്നാല്‍ വളരെ കുറഞ്ഞ അളവിലുള്ള ഊര്‍ജ്ജം മാത്രമേ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നുള്ളൂവെന്നതാണ് വ്യത്യാസം.
ഐഡിലിംഗ് സമയത്ത് ഇവികള്‍ കുറഞ്ഞ ഊര്‍ജ്ജം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇതുകൂടാതെ റീജനറേറ്റീവ് ബ്രേക്കിംഗിന്റെ പ്രയോജനവും ഇവികളുടെ മറ്റൊരു പ്ലസ് ആണ്. ബമ്പര്‍ ടു ബമ്പര്‍ ട്രാഫിക്കില്‍ വണ്ടി ചെറുതായി നീങ്ങിയ ഉടനെ ബ്രേക്ക് അമര്‍ത്തേണ്ടി വരുന്ന സാഹചര്യത്തില്‍ ഇത് ഉപയോഗപ്രദമാകും. ഇന്ത്യ ഇപ്പോള്‍ ഇവിയിലേക്കുള്ള പരിവര്‍ത്തന പാതയിലാണ്. രാജ്യത്തെ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും തങ്ങളുടെ ഇവി പ്ലാനുകള്‍ വിപുലീകരിക്കുകയാണ്.
ആളുകള്‍ ഇവികളിലേക്ക് അടുക്കുന്ന സാഹചര്യം മുതലെടുക്കാനായി പുത്തന്‍ മോഡലുകള്‍ സമീപ ദിവസങ്ങളിലായി വിപണിയില്‍ എത്തുന്നുണ്ട്. ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ക്കൊപ്പം വിദേശ ബ്രാന്‍ഡുകള്‍ കൂടി ഇതിനായി ചട്ടം കെട്ടിയതോടെ സമീപഭാവിയില്‍ ഇവികള്‍ ഇന്ത്യന്‍ നിരത്തുകള്‍ ഭരിക്കുന്നത് നമുക്ക് കാണാനാകും. പൊതുവേ റണ്ണിംഗ് കോസ്റ്റ് കുറവായതിനാല്‍ ഇവികള്‍ വരുന്നതോടെ മൈലേജിനെ കുറിച്ചുള്ള പരാതിയും പരിഭവങ്ങളും കുറയുമെന്നും പ്രതീക്ഷിക്കാം.


Click it and Unblock the Notifications








