ഐഎഎസുകാരന്റെ അവസ്ഥ ഇതോ? ഫ്ലൈറ്റ് ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ റീഫണ്ടായത് വെറും 20 രൂപ!
നമ്മളില്‍ പലരും ട്രെയിനിലും വിമാനത്തിലുമെല്ലാം യാത്ര ചെയ്യുന്നവരായിരിക്കും. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് നമ്മള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കേണ്ടി വരും. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്ന സമയത്തിന് അനുസരിച്ചായിരിക്കും നമുക്ക് റീഫണ്ട് ലഭിക്കുക. എന്നാല്‍ 13820 രൂപയ്ക്ക് ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തപ്പോള്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന് വെറും 20 രൂപ മാത്രം റീഫണ്ടായി ലഭിച്ച സംഭവമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥനായ രാഹുല്‍ കുമാര്‍ അടുത്തിടെയാണ് ഓണ്‍ലൈനായി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തത്. 13,820 രൂപയാണ് അദ്ദേഹം ടിക്കറ്റെടുക്കാനായി മുടക്കിയത്. എന്നാല്‍ പ്രത്യേക സാഹചര്യം നിമിത്തം യാത്ര സാധിക്കാതെ വന്നതോടെ ഓണ്‍ലൈനായി തന്നെ ടിക്കറ്റ് റദ്ദാക്കാന്‍ ശ്രമിച്ചു. 13,820 രൂപയുടെ ഫ്ലൈറ്റ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തപ്പോള്‍ ആകെ തിരികെ ലഭിച്ചത് വെറും 20 രൂപയാണ്.

സംഗതി കണ്ട് ഞെട്ടിയ രാഹുല്‍ കുമാര്‍ റീഫണ്ടായി ലഭിച്ച തുക സംബന്ധിച്ചുള്ള സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു. 'എനിക്ക് കിട്ടിയ റീഫണ്ടിന് പറ്റിയ നല്ല ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ നിര്‍ദേശിക്കാമോ?' എന്ന പരിഹാസം നിറഞ്ഞ കുറിപ്പിന് ഒപ്പമായിരുന്നു ചിത്രം പങ്കുവെച്ചത്. റീഫണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് കണ്ട് ട്വിറ്ററാറ്റികളില്‍ പലരും ഞെട്ടി. ടിക്കറ്റ് ക്യാന്‍സലേഷന്‍ ഫീസ് മാത്രമായി 11,800 രൂപയാണ് ഈടാക്കിയതായാണ് സ്‌ക്രീന്‍ഷോട്ടില്‍ കാണുന്നത്.
GI ക്യാന്‍സലേഷന്‍ ഫീസായ 1200 രൂപയും GI കണ്‍വീനിയന്‍സ് ഫീസായ 800 രൂപയും റീഫണ്ട് ചെയ്യില്ല. അങ്ങനെ മൊത്തം 13,800 കിഴിച്ച് 20 രൂപ തിരിച്ച് നല്‍കി. രാഹുല്‍ കുമാറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് കീഴില്‍ നിരവധി പേരാണ് വിഷയത്തില്‍ രൂക്ഷമായി പ്രതികരണവുമായി എത്തിയത്. ടിക്കറ്റ് റദ്ദാക്കാന്‍ എന്തിനാണ് ഇത്രയും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതെന്നാണ് പലരുടെയും സംശയം. വിമാനയാത്ര ചെയ്യുന്നവര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണിത്.
ലോകത്ത് എല്ലായിടത്തും ഈ പ്രശ്‌നം നേരിടുന്നുണ്ട്. വിമാന ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ക്യാന്‍സലേഷന്‍ ചാര്‍ജായി ഇത്രയും ഭീമമായ തുക ഈടാക്കുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം. ഒരു കാരണവശാലും ആളുകള്‍ വിമാനയാത്ര റദ്ദാക്കരുതെന്ന് കരുതിയാണ് വിമാനക്കമ്പനികള്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് സൂചന. നമ്മുടെ നാട്ടില്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് പ്രധാനമായും ട്രെയിനിനെയും ഫ്ലൈറ്റിനെയുമാണ് ആളുകള്‍ ആശ്രയിക്കുന്നത്. സ്ഥിരമായി ട്രെയിനില്‍ ദീര്‍ഘദൂര യാത്രകള്‍ പോകുന്നവര്‍ സാധ്യതയുള്ള ദിവസങ്ങളില്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് വെക്കും.
എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടതായി വരും. ട്രെയിനില്‍ നീക്കിവെച്ചിരിക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമെ റിസര്‍വേഷന്‍ എഗയിന്‍സ്റ്റ് ക്യാന്‍സലേഷന്‍ (RAC), വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളും റെയില്‍വേ നല്‍കുന്നുണ്ട്. ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് വന്‍ നഷ്ടമാണ് ഉണ്ടാകുന്നതിനാല്‍ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഒരു നിശ്ചിത നിരക്ക് കുറച്ച ശേഷമാണ് ബാക്കി തുക നല്‍കുന്നത്. എന്നാല്‍ തിരക്കുള്ള ട്രെയിനുകളില്‍ ആണെങ്കില്‍ ഒരാള്‍ റദ്ദാക്കിയാല്‍ RAC, വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ടിക്കറ്റ് അപഗ്രേഡ് ആയിക്കിട്ടും.
ട്രെയിനില്‍ ഒരാള്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ മറ്റൊരാള്‍ ബുക്ക് ചെയ്യാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ വിമാനങ്ങളുടെ കാര്യത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഫൈ്‌ലറ്റ് പുറപ്പെടുന്നതിന് രണ്ടോ മൂന്നോ ദിവസം മുമ്പ് ഒരാള്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ ആ സീറ്റ് മറ്റെരാള്‍ ബുക്ക് ചെയ്യാന്‍ സാധ്യത വിരളമാണ്. ഇത് വിമാനക്കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കും. ഇത് ഒഴിവാക്കാനാണ് ടിക്കറ്റ് റദ്ദാക്കുന്ന ആളുകളില്‍ നിന്ന് ക്യാന്‍സലേഷന്‍ ചാര്‍ജായി വന്‍ തുക ഈടാക്കുന്നത്.
ടിക്കറ്റ് റദ്ദാക്കുമ്പോള്‍ തുച്ഛമായ തുക മാത്രം തിരികെ ലഭിക്കുമെന്ന് അറിയുന്നവര്‍ ടിക്കറ്റ് റദ്ദാക്കാതെ ആ പണം പോയെന്ന് കരുതും. എന്നാല്‍ ഇത് ഒഴിവാക്കാന്‍ ചില വഴികളുണ്ട്. ഒന്ന് ടിക്കറ്റെടുക്കുമ്പോള്‍ 'ഫ്രീ' അല്ലെങ്കില്‍ 'ഫ്രീ' ക്യാന്‍സലേഷന്‍ ഓഫര്‍ തെരഞ്ഞെടുക്കുക. ഇന്‍ഷൂറന്‍സ് തെരഞ്ഞെടുക്കുകയെന്നതാണ് രണ്ടാമത്തേത്. മെയ്ക്ക് മൈ ട്രിപ്പ്, പേടിഎം, ഗോഐബിബോ എന്നീ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഈ ഓഫറുകള്‍ നല്‍കുന്നുണ്ട്.
എന്നാല്‍ ഒരോന്നിലും നിബന്ധനങ്ങള്‍ വ്യത്യസ്തമായിരിക്കുന്നതിനാല്‍ അവ ശ്രദ്ധാപൂര്‍വം വായിച്ചിട്ട് വേണം ടിക്കറ്റ് ബുക്ക് ചെയ്യാന്‍. ഫ്രീ ക്യാന്‍സലേഷന്‍ ഓപ്ഷന്‍ എടുത്താല്‍ കാര്യങ്ങള്‍ സൗജന്യമായിരിക്കും എന്ന് കരുതരുത്. ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതിലൂടെ ടിക്കറ്റ് നിരക്കിനൊപ്പം നിങ്ങള്‍ കുറച്ച് കൂടുതല്‍ പണം നല്‍കണം. ടിക്കറ്റ് നിരക്കിന് അനുസരിച്ച് 99 രൂപ മുതല്‍ 600 രൂപ വരെ ചിലര്‍ ഈടാക്കുന്നുണ്ട്.
ഈ ഓപ്ഷന്‍ തെരഞ്ഞെടുത്താന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ അധിക തുക തിരികെ ലഭിക്കും. എന്നാല്‍ തെരഞ്ഞെടുത്ത റൂട്ടുകളിലും ഫൈ്‌ലറ്റുകളിലും മാത്രമേ ഈ ഓപ്ഷന്‍ ലഭ്യമാകുകയുള്ള. ഒപ്പം തന്നെ നിശ്ചിത സമയത്തിനുള്ളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യണം എന്ന് തുടങ്ങി നിരവധി നിബന്ധനകളും ഉണ്ട്. രണ്ടാമത്തെ ഓപ്ഷനായ ഇന്‍ഷൂറന്‍സും നിങ്ങള്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ഒരു നിശ്ചിത അളവ് വരെ പരിരക്ഷ ലഭിക്കും.
എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ അടക്കം ചില പ്രത്യേക സാഹചര്യങ്ങളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ മാത്രമേ ഇതിന്റെ ഗുണം ലഭിക്കൂ. ഓണ്‍ലൈന്‍ ട്രാവല്‍ വെബ്‌സൈറ്റുകളുടെയും ഇ-വാലറ്റുകളുടെയും ഓഫറുകളായിരിക്കും താരതമ്യേന ഗുണകരം. ഇവക്കൊപ്പം ചില എയര്‍ലൈനുകള്‍ യാത്രാ തീയതി മാറ്റാനുള്ള ഓപ്ഷന്‍ നല്‍കാറുണ്ട്. അതനുസരിച്ച്, കുറച്ച് പണം നല്‍കി ഈ ടിക്കറ്റ് മറ്റൊരു തീയതിയിലേക്ക് മാറ്റാം.
എന്നാല്‍ എല്ലാ വിമാനങ്ങളിലും ഈ സൗകര്യം ലഭ്യമല്ല എന്നോര്‍ക്കണം. അതുകൊണ്ട് ഫൈ്‌ലറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധ വേണം. യാത്രയുടെ കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ മുകളില്‍ പറഞ്ഞപോലെ ക്യാന്‍സലേഷന്‍ ഓഫറുകള്‍ തെരഞ്ഞെടുക്കുക. യാത്ര ഉപേക്ഷിക്കേണ്ട സാഹചര്യത്തില്‍ വന്‍ തുക നഷ്ടപ്പെടുന്നതിലും നല്ലതാണല്ലോ കുറഞ്ഞ തുക മുടക്കി ഇത്തരം സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.


Click it and Unblock the Notifications








