ഗുണനിലവാരമുളള റൈഡിങ്ങ് ഗിയർ ഉപയോഗിച്ചാലുളള ഗുണം അറിയാമോ; വീഡിയോ കാണാം
ബൈക്ക് റൈഡിങ്ങ് എന്നത് നൂറ്റാണ്ടുകളായി നമ്മളുടെ രാജ്യത്ത് പ്രചാരമുളള ഒരു സംഗതിയാണ്. ഇരുചക്ര വാഹനങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ, നിരവധി പുതിയ ബ്രാൻഡുകൾ രാജ്യത്തേക്ക് കടന്നുവരുന്നതിന്റെ ഒരു കാരണം ബൈക്കുകളോടുളള അമിത കമ്പം തന്നെയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ബൈക്ക് ഓടിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷ സംവിധാനങ്ങൾ പലരും ഉപയോഗിക്കുന്നില്ല.
ബൈക്കിൽ സഞ്ചരിക്കുമ്പോൾ റൈഡിംഗ് ജാക്കറ്റ് പോലും ധരിക്കാത്തവരാണ് ഭൂരിഭാഗം യാത്രക്കാരും. മികച്ച നിലവാരമുള്ള റൈഡിംഗ് ഗിയർ യഥാർത്ഥത്തിൽ ഒരു ബൈക്ക് യാത്രികന്റെ ജീവൻ എങ്ങനെ രക്ഷിക്കുന്നുവെന്ന് കാണിക്കുന്ന ഒരു വീഡിയോ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. റോയൽഫീൽഡ് ഹോളിക് ആണ് അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്.

ഒരു റൈഡറുടെ ഹെൽമെറ്റിൽ ഘടിപ്പിച്ച ക്യാമറ പകർത്തി ദൃശ്യങ്ങളാണ് ഇത്. ഒരു ഹാർലി ഡേവിഡ്‌സൺ റൈഡറും ഒരു സുസുക്കി ഹയബുസയും വീഡിയോയിൽ നമുക്ക് കാണാം. ഹാർലി റൈഡർ സൈഡിലേക്ക് നീങ്ങുകയും പെട്ടെന്ന്, പിൻബ്രേക്ക് ഉപയോഗിച്ചതോടെ ബൈക്കിന്റെ പിൻ ചക്രം ലോക്ക് ആയി, ബൈക്ക് സ്കിഡ് ചെയ്യാൻ തുടങ്ങി, റൈഡർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും വീഴുകയും ചെയ്യുകയാണ്.
നിങ്ങൾ എപ്പോഴെങ്കിലും ഒരു മോട്ടോർ സൈക്കിളിൽ നിന്ന് വീഴുകയാണെങ്കിൽ, ബൈക്കിൽ ഒരിക്കലും മുറുകെ പിടിക്കരുത്, കാരണം അത് നിങ്ങളെ വലിച്ചിഴച്ച് കൂടുതൽ പരിക്കുകൾക്ക് കാരണമാകും. മികച്ച രീതിയിൽ, നിങ്ങൾ ബൈക്കിനെ അതിൻ്റെ വഴിക്ക് പോകാൻ അനുവദിക്കുകയും നിങ്ങൾ സുരക്ഷിതനാണെന്ന് ഉറപ്പാക്കുകയും വേണം.

വീഡിയോയിലേക്ക് നോക്കുകയാണെങ്കിൽ വീഴ്ച്ചയ്ക്ക് ശേഷം റൈഡർ റോഡിൻ്റെ സൈഡിലേക്ക് നീങ്ങി നിൽക്കുകയും സഹയാത്രികർ നിർത്തി മോട്ടോർ സൈക്കിൾ എടുക്കാൻ സഹായിക്കുന്നത് കാണാം. റൈഡിംഗ് ഗിയർ ധരിച്ചതുകൊണ്ടാണ് റൈഡർക്ക് ഗുരുതര പരിക്കുകൾ പറ്റാതെ രക്ഷപ്പെട്ടത്. റോഡിൽ തലയിടിച്ചെങ്കിലും അയാൾക്ക് പരിക്കില്ലായിരുന്നു, കാരണം നല്ല നിലവാരമുള്ള റൈഡിംഗ് ഹെൽമെറ്റ് ഉപയോഗിച്ചത് കൊണ്ടാണ്.
അതുപോലെ, നല്ല നിലവാരമുള്ള ജാക്കറ്റും റൈഡിംഗ് ബൂട്ടുകളും അത്തരം അപകടങ്ങളിൽ റൈഡറെ പരിക്കുകളിൽ നിന്ന് സംരക്ഷിക്കും. അതുകൊണ്ടാണ് മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ റൈഡിംഗ് ഗിയർ ധരിക്കേണ്ടത് വളരെ പ്രധാനമാണ് എന്ന് എല്ലാ ബ്രാൻഡുകളും ഉപദേശിക്കുന്നത്. പൊടുന്നനെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളുടെ വെല്ലുവിളികൾ, അപകടം എന്നിവയിൽ നിന്നും സുരക്ഷിതരാവാൻ അനുയോജ്യമായ റൈഡിംഗ് ഗിയർ ധരിക്കണം. ഹെൽമെറ്റിനൊപ്പം ഗിയറിൽ കുറഞ്ഞത് CE ലെവൽ 1 പരിരക്ഷയുള്ള ഒരു ജാക്കറ്റ് ഉൾപ്പെടുത്തണം എന്നതാണ് അടിസ്ഥാന കാര്യം തന്നെ.
സേഫ്റ്റി ഗിയറുകൾ അഥവാ റൈഡിംഗ് ഗിയർ എന്നു നാം വിളിക്കുന്ന ഈ കാര്യങ്ങൾ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ അല്ലെങ്കിൽ "PPE" എന്നും അറിയപ്പെടുന്നുണ്ട്. അപകടമുണ്ടാവുമ്പോൾ നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാവാൻ സാധ്യതയുള്ള ആഘാതങ്ങളെ തടയാൻ ഇവ ഒരു പരിധി വരെ സഹായിക്കും.
അപകടമുണ്ടാവുമ്പോൾ റൈഡറിനെ സംരക്ഷിക്കുന്നതിനും പരിക്ക് ഏൽക്കാതിരിക്കുന്നതിനുമാണ് സുരക്ഷാ ഉപകരണങ്ങൾ നിർമിച്ചിരിക്കുന്നത്. ഒരു അപകട സമയത്ത് ജീവന് അപകടമുണ്ടാക്കുന്ന ഏതെങ്കിലും സംഭവത്തിന്റെ ശാരീരിക പ്രത്യാഘാതങ്ങൾ അതായത് പരിക്കുകൾ കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ചുരുക്കി പറയാം.
ഗവൺമെന്റ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഹൈവേകളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്. ഓരോ മണിക്കൂറിലും നിരവധി ആളുകൾക്കാണ് ജീവൻ നഷ്ടപ്പെടുന്നത്. കൂടാതെ ജീർണിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും റോഡുകളിൽ തിങ്ങിനിറഞ്ഞ വാഹനങ്ങളും എല്ലാം ഇതിന്റെ പ്രധാന കാരണങ്ങളാണ്.
സ്കൂട്ടറുകൾ, മോട്ടോർ ബൈക്കുകൾ എന്നിവ ഉൾപ്പെടുന്ന ഇരുചക്ര വാഹനങ്ങൾ ഇന്ത്യയിലെ ഏറ്റവും സാധാരണമായ വാഹന വിഭാഗമായി തുടരുന്നു. എല്ലാ അപകടങ്ങളിലും വലിയ തോതിലുള്ള മരണങ്ങൾക്കും പരിക്കുകൾക്കും ഉത്തരവാദികൾ ഇരുചക്ര വാഹനങ്ങളാണെന്നതിൽ അതിശയിക്കാനില്ല. ശരിക്കും പറഞ്ഞാൽ വികസനമില്ലാത്ത നമ്മുടെ റോഡ് സംസ്ക്കാരം തന്നെയാണ് പല അപകടങ്ങൾക്കും കാരണമാവുന്നത്. റൈഡിംഗ് ബൂട്ടുകൾ, ഗ്ലൗസുകൾ എന്നിവയും നല്ല നിലവാരമുള്ള, സാക്ഷ്യപ്പെടുത്തിയ ഹെൽമെറ്റ് തീർച്ചയായും ധരിക്കണം.


Click it and Unblock the Notifications








