അംബാസഡര്‍ കാലത്ത് നിന്ന് ഇവി യുഗത്തിലേക്ക്; വാഹന വ്യവസായത്തിന്റെ വളര്‍ച്ചയിലേക്ക് തിരിഞ്ഞുനോട്ടം
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് മുക്തമായി ഇന്ത്യയെന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രം പിറവികൊണ്ടിട്ട് 77 വര്‍ഷമായി. 1947 ഓഗസ്റ്റ് 15-ന് ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു കൊളോണിയല്‍ ആധിപത്യത്തില്‍ നിന്ന് മുക്തമായ ഒരു പുതിയ രാഷ്ട്രത്തിന്റെ ഉദയം അടയാളപ്പെടുത്തി.
1947-ന് ശേഷം ഇന്ത്യയില്‍ നിരവധി സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മാറ്റങ്ങള്‍ സംഭവിച്ചു. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഒരു മൊട്ടുസൂചിപോലും ഉത്പാദിപ്പിക്കാന്‍ ശേഷിയില്ലാതിരുന്ന ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ ഒന്നാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ വാഹന വിപണിയും വലിയ പരിണാമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഹെതിഹാസികമായ അംബാസഡര്‍ മുതല്‍ ഇന്നത്തെ ഇലക്ട്രിക് കാറുകളില്‍ വരെ എത്തി നില്‍ക്കുന്ന ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായത്തിന്റെ ചരിത്രം അവിശ്വസനീയവും സമാനതകളില്ലാത്തതുമാണ്.

പണ്ട് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കാറുകള്‍ ആയിരുന്നു ഇന്ത്യന്‍ നിരത്തുകള്‍ ഭരിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ അഭിമാനമായിരുന്ന പല കാര്‍ ബ്രാന്‍ഡുകളുടെയും ഉടമകള്‍ ഇന്ത്യക്കാരാണെന്നത് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന വസ്തുതയണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം എങ്ങനെ സ്വാശ്രയമായി എന്നും അതിന്റെ വളര്‍ച്ചയിലേക്കും നമുക്ക് ചെറുതായി എത്തിനോക്കാം.
ഇന്ത്യ സ്വാശ്രയമായി മാറിയ കാലഘട്ടത്തിനെ അടയാളപ്പെടുത്തുന്ന ഒരു കാറാണ് ഹിന്ദുസ്ഥാന്‍ അംബാസഡര്‍. 'ഇന്ത്യന്‍ റോഡുകളുടെ രാജാവ്' എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. വ്യതിരിക്തമായ രൂപവും ബില്‍ഡ് ക്വാളിറ്റിയും കൊണ്ട് ഇന്ത്യന്‍ നിരത്തുകളിലെ സ്ഥിരം സാന്നിധ്യമായി അംബാസഡര്‍ മാറി. സ്വയം പര്യാപ്തമായ ഒരു ഓട്ടോമോട്ടീവ് വ്യവസായത്തിനായുള്ള രാജ്യത്തിന്റെ ആദ്യകാല ശ്രമങ്ങളുടെ ഉത്തമ ഉദാഹരണമാണ് അംബാസഡര്‍. അതിനാല്‍ തന്നെ ഈ രാജ്യത്തിന്റെ പൈതൃകത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന ഒരു മോഡല്‍ കൂടിയാണിത്.

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്തെ മറ്റൊരു നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിഎന്‍ജി വാഹനങ്ങളുടെ കടന്ന് വരവായിരുന്നു. ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടുവെപ്പിനെ പ്രതിനിധീകരിക്കുക മാത്രമല്ല സുസ്ഥിരവും സ്വയംപര്യാപ്തവുമായ ഭാവി എന്ന രാജ്യത്തിന്റെ ലക്ഷ്യവുമായി ഇത് പൊരുത്തപ്പെടുകയും ചെയ്തു. പാരിസ്ഥിതിക പ്രശ്നങ്ങളും വായു മലിനീകരണം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുക്കുമ്പോള്‍ ഈ ബദല്‍ ഇന്ധനത്തിന്റെ ആവശ്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നായിരുന്നു.
അതോടെ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍, ഓട്ടോറിക്ഷകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നിവ രാജ്യത്ത് സജീവമായി. ദിവസങ്ങള്‍ ചെന്നപ്പോള്‍ നമ്മുടെ വിപണി പല സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും സാക്ഷിയായി. ആധുനിക സാങ്കേതിക വിദ്യയുടെ സ്വീകരണം വാഹന വ്യവസായത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണ്. സമീപ വര്‍ഷങ്ങളിലായി ഇലക്ട്രിക് വാഹനങ്ങളുടെയും ഹൈബ്രിഡ് വാഹനങ്ങളുടെയും ഡിമാന്‍ഡ് വര്‍ധിച്ചതായി കാണാന്‍ സാധിക്കും.

ഇവ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാറുകളും മുന്നിട്ടിറങ്ങിയിരിക്കുന്നു. കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കുന്നതിനും സുസ്ഥിര ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ എല്ലാം വൈദ്യുതീകരണ പാതയിലാണ്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യവുമായി പൊരുത്തപ്പെടുന്ന തരത്തിലേക്കാണ്് ഇവികളിലേക്കുള്ള പരിവര്‍ത്തനം അവര്‍ സജ്ജീകരിച്ചിരിക്കുന്നത്. അതിന് ഊര്‍ജ്ജം നല്‍കിക്കൊണ്ട് ടെസ്‌ലയടക്കം നിരവധി ആഗോള വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ നിര്‍മാണ സൗകര്യം ഒരുക്കാന്‍ അനുമതി തേടി സര്‍ക്കാറിനെ സമീപിക്കുകയാണ്.
ഇവ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന് വലിയ കുതിപ്പേകും. ഇത് രാജ്യത്തെ ആഗോള ഇവി വിപണിയുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റും. അതുകൂടാതെ വമ്പന്‍മാര്‍ ഇന്ത്യയിലേക്കെത്തുന്നത് ആഡംബര ഇലക്ട്രിക് വാഹനങ്ങളോടുള്ള രാജ്യത്തിന്റെ സമീപനത്തിലെ മാറ്റം അടയാളപ്പെടുത്തുകയും ചെയ്യുന്നു.
വാഹനത്തിന്റെ സൗന്ദര്യത്തിനൊപ്പം തന്നെ ഇന്ന് ടെക്‌നോളജിക്കും സേഫ്റ്റിക്കും വലിയ പ്രാധാന്യം കൈവന്നിരിക്കുന്നു. ആധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങള്‍, ജിപിഎസ്, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, മറ്റ് നൂതന ഫീച്ചറുകള്‍ എന്നിവ സജ്ജീകരിച്ചാണ് ഇന്ന് കാറുകള്‍ പുറത്തിറങ്ങുന്നത്.
ആധുനിക ടെക്‌നോളജിയുടെയും ആക്‌സ്‌സറീസിന്റെയും സാന്നിധ്യം ഡ്രൈവിംഗ് എക്‌സ്പീരിയന്‍ മെച്ചപ്പെടുകയും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമാകുകയും ചെയ്തു. കൂടാതെ സേഫ്റ്റിക്കും ഇന്ന് മുന്തിയ പരിഗണന ലഭിക്കുന്നുവെന്നതും കാലങ്ങള്‍ കൊണ്ട് പരിണമിച്ച് വന്ന മാറ്റങ്ങളില്‍ ഒന്നാണ്. മുഴുവന്‍ യാത്രക്കാര്‍ക്കും മെച്ചപ്പെട്ട സുരക്ഷ ഒരുക്കാന്‍ സീറ്റ്‌ബെല്‍റ്റുകളും 6 എയര്‍ബാഗും ഇന്ത്യയില്‍ സ്റ്റാന്‍ഡേര്‍ഡ് ആകാന്‍ പോകുകയാണ്. അടുത്തിടെ പ്രമുഖ കാര്‍ നിര്‍മാതാവ് നടത്തിയ സര്‍വേയില്‍ ഇപ്പോള്‍ മൈലേജിനേക്കാള്‍ ഉപരി സേഫ്റ്റിക്കാണ് ഇന്ത്യക്കാര്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
രാജ്യത്തെ വാഹന വിപണിയുടെ വളര്‍ച്ചക്കൊപ്പം യാത്രകളും കൂടുതല്‍ ആസ്വാദ്യകരമായിട്ടുണ്ടെങ്കില്‍ അതിന് നമ്മുടെ റോഡ് ശൃംഖലയുടെ കൂടി വളര്‍ച്ചയാണ്. ഇന്ത്യയുടെ റോഡ് ശൃംഖലയില്‍ വലിയ പുരോഗതി കൈവരിച്ചതിനാല്‍ ലോംഗ് ഡ്രൈവുകളും റോഡ് ട്രിപ്പുകളും ഇപ്പോള്‍ കൂടുതല്‍ അടിപൊളിയായി. മാറ്റങ്ങളോടും പുതിയ കണ്ടുപിടുത്തങ്ങളോടും കൂട്ടുകൂടാന്‍ ഇന്ത്യക്കാര്‍ തയാറായതും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി മാറാന്‍ രാജ്യത്തെ സഹായിച്ചുവെന്ന് വേണം കരുതാന്‍.


Click it and Unblock the Notifications








