അമ്പിളിയെ തൊട്ട് ചന്ദ്രയാന്‍ 3; ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ
140 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായി ഇന്ത്യയുടെ ചാന്ദ്രയാന്‍ 3 പേടകം ചന്ദ്രോപരിതലം തൊട്ടു. ഇതുവരെ ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് വിക്രാം ലാന്‍ഡര്‍ സേഫ്റ്റ് ലാന്‍ഡ് നടത്തിയത്. വൈകീട്ട് 6.03 നായിരുന്നു ലാന്‍ഡിംഗ്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. നാലു വര്‍ഷം മുമ്പ് അവസാനനിമിഷം കൈവിട്ട സ്വപ്നം അഭിമാനപുരസ്സരം കീഴടക്കി ഐഎസ്ആര്‍ഒ ഭാരതത്തിന് അഭിമാനമായി. വൈകിട്ട് 5.45 നു ചന്ദ്രോപരിതലത്തില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങിയത്.

ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ചു സാവധാനം ഇറങ്ങാന്‍ സഹായിച്ചു. മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയിലെത്തിച്ചിട്ടായിരുന്നു ലാന്‍ഡിംഗ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് C, സിംപിലിയസ് N ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ 3 ഇറങ്ങിയത്. നാല് കിലോമീറ്റര്‍ വീതിയും 2.4 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് ലാന്‍ഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വച്ചാണ് ലാന്‍ഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്. ഇന്ത്യയ്‌ക്കൊപ്പം ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമിട്ട് പോയ റഷ്യയുടെ ലൂണ 23 പാതിവഴിയില്‍ തകര്‍ന്ന് വീണിടത്താണ് ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി രാഷ്ട്രം ലോകത്തിന് മുന്നില്‍ ഗമയോടെ നില്‍ക്കുന്നത്. 'വിക്രം' എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ വൈകിട്ട് 5.45-ന് ആരംഭിച്ചിരുന്നു.

19 മിനിറ്റുകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെയാണ് ഐഎസ്ആര്‍ഒ ലാന്‍ഡിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയത്. ബെംഗളൂരുവിലെ പീനിയയിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ആന്‍ഡ് ട്രാക്കിംഗ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് വഴിയാണ് പേടകവുമായി ആശയവിനിമയം നടത്തുകയും ലാന്‍ഡിംഗ് നിരീക്ഷിക്കുകയും ചെയ്തത്. ഐഎസ്ആര്‍ഒക്ക് പിന്തുണയുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും നാസയുമുണ്ടായിരുന്നു. ചന്ദ്രോപരിതലത്തില്‍ ഇറങ്ങിക്കഴിഞ്ഞ ശേഷം ലാന്‍ഡറിന്റെ ഒരുവശത്തെ പാനല്‍ തുറന്ന് പ്രഗ്യാന്‍ റോവറിന് പുറത്തേക്കിറങ്ങാനുള്ള റാമ്പ് വിടരും.
ആറുചക്രമുള്ള പ്രഗ്യാന്‍ റോവര്‍ ചന്ദ്രയാന്‍ ദൗത്യത്തിലെ നിര്‍ണായക വാഹനമാണ്. വിക്രം ലാന്‍ഡര്‍ ഇറങ്ങി നാലു മണിക്കൂറിനു ശേഷമായിരിക്കും പ്രഗ്യാന്‍ റോവര്‍ ചന്ദ്രനെ തൊടുക. പ്രഗ്യാന്‍ റോവറാണ് ചന്ദ്രനില്‍ സഞ്ചരിച്ചുകൊണ്ട് വിവരങ്ങള്‍ നമുക്ക് കൈമാറുക. റോവറിന്റെ മുന്നിലായുള്ള രണ്ട് 1 മെഗാപിക്സല്‍ മോണോക്രോമാറ്റിക് ക്യാമറകള്‍ വഴിയാണ് ഇത് ഭൂമിയിലേക്ക് സന്ദേശങ്ങള്‍ അയക്കുക.
ചന്ദ്രന്റെ ഉപരിതലത്തിലെ രാസഘടനയും ധാതു ഘടനയും അറിയുന്നതിനു വേണ്ട ഉപകരണം റോവറിലുണ്ട്. ഇത് മുന്നോട്ടു നീങ്ങുന്നതിനിടെ ദേശീയ പതാകയും ഐഎസ്ആര്‍ഒ ലോഗോയും ചന്ദ്രനില്‍ പതിയും. മൂന്ന് അടി നീളവും 2.5 അടി വീതിയും 2.8 അടി ഉയരവുമുള്ള പ്രഗ്യാന്‍ റോവറിന് ഒരു ചാന്ദ്ര ദിവസം മാത്രമാണ് ആയുസ് കണക്കാക്കുന്നത്. ഭൂമിയിലെ 14 ദിവസങ്ങള്‍ക്കു തുല്യമാണ് ഒരു ചാന്ദ്ര ദിവസം.
പേടകത്തിന്റെ ആന്തരികഘടകങ്ങള്‍ ഉള്‍പ്പെടെ മിഷന്‍ ഓപറേഷന്‍സ് കോംപ്ലക്‌സിലെ ഗവേഷകര്‍ പരിശോധിച്ചു വിലയിരുത്തിയ ശേഷമായിരുന്നു ലാന്‍ഡിംഗ്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഓഗസ്റ്റ് 27-ലേക്ക് ലാന്‍ഡിങ് മാറ്റാനായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ അതു വേണ്ടി വന്നില്ല.
ജയ-പരാജയ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് പ്രതിവിധി തയ്യാറാക്കിയാണ് ദൗത്യം ആരംഭിച്ചതിനാല്‍ ഐഎസ്ആര്‍ഒ വലിയ ആത്മവിശ്വാസത്തിലാണ്.
2023 ജൂലായ് 14-ന് ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാന്‍ 3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്‌സ് സെന്ററില്‍ നിന്ന് മാര്‍ക്ക്-3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നത്. ഓഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് വേര്‍പെട്ടു. ഓഗസ്റ്റ് അഞ്ചാം തീയതി പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ഓഗസ്റ്റ് 17-ാം തീയതിയാണ് ലാന്‍ഡര്‍ മൊഡ്യൂള്‍ മാതൃപേടകമായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ സ്വതന്ത്രമായത്.
ഓഗസ്റ്റ് 20-ന് പുലര്‍ച്ചെ ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള (25 കിലോമീറ്റര്‍) ഭ്രമണപഥത്തിലെത്തുകയായിരുന്നു.
ഇന്ത്യന്‍ സമയം വൈകുന്നേരം 5.27 മുതല്‍ ഐഎസ്ആര്‍ഒ വെബ്സൈറ്റിലൂടെയും യൂട്യൂബ് ചാനല്‍, ഫേസ്ബുക്ക് പേജ് എന്നിവയിലൂടെ കോടിക്കണക്കിന് ഭാരതീയരാണ് ചരിത്ര ദൗത്യം തത്സമയം കണ്ടത്.
ബ്രിക്‌സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാന്‍ഡിങ് തത്മസയം വെര്‍ച്വലായി ലാന്‍ഡിംഗിന് സാക്ഷിയായി.


Click it and Unblock the Notifications








