ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറിന്റെ മുതലാളി അംബാനിയോ അദാനിയോ അല്ല! ദേ ഈ മനുഷ്യനാണ്
അടുത്തിടെ ചെന്നൈ സ്വദേശിയായ ഒരു വ്യവസായി ഇന്ത്യയിലെ ആദ്യത്തെ റോള്‍സ് റോയ്സ് സ്പെക്ടര്‍ സ്വന്തമാക്കിയ സംഭവം വലിയ വാര്‍ത്തയായിരുന്നു. അത് ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ തന്നെ ആദ്യത്തെ റോള്‍സ് റോയ്സ് സ്പെക്ടറാണെന്നതായിരുന്നു അതിശയകരമായ വസ്തുത. ഒരു വികസ്വര രാജ്യമായ ഇന്ത്യയില്‍ ആഡംബര കാര്‍ വാങ്ങുന്നവരുടെ എണ്ണവും അനുദിനം കൂടിക്കൂടി വരികയാണ്.
രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ കാര്‍ ശേഖരമുള്ളവരാണ് ശതകാടീശ്വരന്‍മാരായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തന്‍ ടാറ്റ, ഗൗതം സിംഗാനിയ എന്നിവര്‍. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാറുകള്‍ ഇവരുടെ പക്കലുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറിന്റെ ഉടമ ഇവരില്‍ ആരുമല്ലെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ?. അതാരാണെന്നാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

ബെന്റ്ലി മുല്‍സാന്‍ EWB സെന്റിനറി എഡിഷന്‍ എന്ന മോഡലാണ് രാജ്യത്തെ ഏറ്റവും വിലയേറിയ കാര്‍. 14 കോടി രൂപക്ക് മുകളിലാണ് ഇതിന്റെ വില. ഏന്നാല്‍ ഇതിന്റെ ഉടമയായ വ്യവസായിലെ പലരും അറിഞ്ഞ് കൊള്ളണമെന്നില്ല. കര്‍ണാടകയില്‍ നിന്നുള്ള വിഎസ് റെഡ്ഡിയാണ് ഈ കാറിന്റെ മുതലാളി. ബ്രിട്ടീഷ് ബയോളജിക്കല്‍സിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹം. പ്രോട്ടീന്‍ മാന്‍ ഓഫ് ഇന്ത്യ എന്നാണ് ഇദ്ദേഹത്തിന്റെ വിളിപ്പേര്.
റെഡ്ഡിയുടെ പക്കലുള്ള ബെന്റ്‌ലി മുല്‍സാന് ഗൗതം സിംഘാനിയയുടെ ഫെറാറിയേക്കാളും മുകേഷ് അംബാനിയുടെ റോള്‍സ് റോയ്‌സിനേക്കാളും വിലയുണ്ട്. പ്രമുഖ ന്യൂട്രാസ്യൂട്ടിക്കല്‍ കമ്പനിയായ റെഡ്ഡിയുടെ ബ്രിട്ടീഷ് ബയോളജിക്കല്‍സ് ഇതുവരെ 52-ലധികം ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. താനൊരു വലിയ കാര്‍ പ്രേമിയാണെന്ന് വിഎസ് റെഡ്ഡി നേരത്തെ തന്നെ തുറന്ന് പറഞ്ഞിരുന്നു.

രാജ്യത്തെ എല്ലാ ബ്രാന്‍ഡില്‍ നിന്നുമുള്ള കാറുകള്‍ ശേഖരിക്കണമെന്നതായിരുന്നു തന്റെ ബാല്യകാല സ്വപ്‌നമെന്ന് വിഎസ് റെഡ്ഡി ഇവോ ഇന്ത്യക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. അങ്ങനെയുള്ള ഒരു കാര്‍ പ്രേമി ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാര്‍ വാങ്ങിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. അദ്ദേഹം വാങ്ങുന്ന ബെന്റ്ലി മുസ്ലെയ്ന്‍ EWB സെന്റിനറി എഡിഷന്‍ കാറിന്റെ ഇന്ത്യന്‍ വില 14.5 കോടി രൂപയാണെന്നാണ് സൂചന.
വിഎസ് റെഡ്ഡി വാങ്ങിയ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ബെന്റ്‌ലി കാര്‍ റോസ് ഗോള്‍ഡ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കൂടാതെ ഇതിന് 21 ഇഞ്ച് പോളിഷ്ഡ് അലോയ് വീല്‍ ലഭിക്കുന്നു. കാറിന് പ്രീമിയം ലുക്ക് നല്‍കുന്നതിനായി ലെതര്‍ അപ്‌ഹോള്‍സ്റ്ററി, റിയര്‍ ക്വാര്‍ട്ടര്‍ വാനിറ്റി മിററുകള്‍, കമ്പിളിയില്‍ തീര്‍ത്ത ഫ്‌ലോര്‍ മാറ്റുകള്‍ എന്നിവയും കാറിന് ലഭിക്കുന്നു. റിക്ലൈനിംഗ് സീറ്റാണ് ഈ കാറിന്റെ അധിക പ്രീമിയം സവിശേഷത.
കൂളിംഗ്, ഹീറ്റിംഗ് സൗകര്യങ്ങളും സീറ്റില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇതോടൊപ്പം ഈ സീറ്റ് അലങ്കരിക്കാന്‍ ഒരു ഡയമണ്ട് പാറ്റേണ്‍ ബ്ലാങ്കറ്റ് ഉപയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ മസാജിംഗ് ഫീച്ചറുകം സീറ്റിനുണ്ട്. ഇത്തരത്തിലുള്ള നിരവധി പ്രത്യേകതകള്‍ ഉള്ളതിനാല്‍ തന്നെ സമ്പന്നരുടെ പ്രിയപ്പെട്ട മോഡലുകളില്‍ ഒന്നാണ് ബെന്റ്‌ലി മുല്‍സാന്‍. ബെന്റ്‌ലിയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പായതിനാല്‍ വെറും 100 യൂണിറ്റുകള്‍ മാത്രമാണ് ഇത് വില്‍പ്പനക്കുണ്ടായിരുന്നത്.
സെന്റിനറി ഗോള്‍ഡ്, സെന്റിനറി ബ്ലാക്ക്, സെന്റിനറി വൈറ്റ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലായിരുന്നു ഓഫര്‍ ചെയ്തിരുന്നത്. 6.75 ലിറ്റര്‍ V8 എഞ്ചിന്‍ ഘടിപ്പിച്ച ഈ കാര്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തിലും വേറെ ലെവലാണ്. ഈ എഞ്ചിന് പരമാവധി 506 bhp പവറും 1020 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്.
8 സ്പീഡ് ZF ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. മണിക്കൂറില്‍ 296 കിലോമീറ്ററാണ് ഇതിന്റെ ഉയര്‍ന്ന വേഗത. കൂടാതെ വെറും 5.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയും. പണ്ട് ഇന്ത്യയില്‍ അപൂര്‍വ കാറായി കാണപ്പെട്ടിരുന്ന പല ആഡംബര കാറുകളും ഇന്ന് സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു.
കാറുകള്‍ സ്റ്റാറ്റസ് സിംബലുകള്‍ ആയതിനാല്‍ കോടീശ്വരന്‍മാര്‍ തമ്മില്‍ കാര്‍ ശേഖരത്തിന്റെ കാര്യത്തിലും മത്സരം അരങ്ങേറുന്നതായാണ് തോന്നുന്നത്. അതുകൊണ്ട് തന്നെ ലോകത്ത് ഏത് വില കൂടിയ കാര്‍ ഇറങ്ങിയാലും അത് ഇന്ത്യാക്കാരും വാങ്ങുമെന്ന് ഉറപ്പാണ്. ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറിന്റെ ഉടമയെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?. ഈ ലേഖനം ഇഷടപ്പെട്ടെങ്കില്‍ സുഹൃത്തുക്കളുമായി പങ്കുവെക്കുമല്ലോ.


Click it and Unblock the Notifications








