ടൂവീലർ വിൽപ്പനയിൽ ചൈനയെ മലർത്തിയടിച്ച് ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ വിപണിയായി ഭാരതം
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വിപണിയായി മാറിയിരിക്കുകയാണ് നമ്മുടെ ഇന്ത്യ. ചൈനയെ കടത്തിവെട്ടിയാണ് ഇന്ത്യൻ വിപണി ഈ നേട്ടം കൈവരിച്ചത്. ഗ്രാമീണ മേഖലയിലെ വർദ്ധിച്ചുവരുന്ന ഡിമാൻഡ്, അനുകൂലമായ മൺസൂൺ സാഹചര്യങ്ങൾ, ഗ്രാമവികസനത്തിനുള്ള സർക്കാർ സംരംഭങ്ങൾ എന്നിവയെല്ലാമാണ് രാജ്യത്തിന് ഈ നേട്ടം കൈവരിക്കാന സാധിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ വളർച്ച കണ്ടെങ്കിലും ചൈനയിലും തെക്കുകിഴക്കൻ ഏഷ്യയിലും ഇടിവ് അനുഭവപ്പെട്ടിട്ടുണ്ട് എന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.
ചൈനയുടെ ഇരുചക്ര വിപണിയെ സംബന്ധിച്ചിടത്തോളം 125 സിസിയിൽ താഴെയുള്ള ഇരുചക്രവാഹനങ്ങൾ ജനപ്രിയമായി തുടരുന്നുണ്ട്, എന്നാൽ ഉപഭോക്താക്കൾ ദൈനംദിന യാത്രയ്‌ക്കായി മോട്ടോർ സൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കും ഉപരിയായി ഇ-സൈക്കിളുകൾ തിരഞ്ഞെടുക്കുന്നതാണ് നിർമാതാക്കൾക്ക് തിരിച്ചടിയായത്. ഈ മാറ്റം ചൈനീസ് ഇരുചക്ര വാഹന വിപണിയിൽ, പ്രത്യേകിച്ച് ഇലക്ട്രിക് സെഗ്‌മെൻ്റിൽ താൽക്കാലിക മാന്ദ്യത്തിന് കാരണമായിട്ടുണ്ട്.

തെക്ക് കിഴക്കൻ ഏഷ്യയിലെ പ്രധാന വിപണികളായ ഇന്തോനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീൻസ്, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപാര പിരിമുറുക്കങ്ങൾ, കർശനമായ വായ്പാ മാനദണ്ഡങ്ങൾ, സാമ്പത്തിക അനിശ്ചിതത്വത്തിനിടയിൽ ജാഗ്രതയോടെയുള്ള ഉപഭോക്തൃ ചെലവുകൾ എന്നിവ കാരണം ഇരുചക്രവാഹന വിൽപ്പനയിൽ ഇടിവുണ്ടായിട്ടുണ്ട്.
ഇന്ത്യയിൽ ഈ വർഷം തന്നെ നിരവധി ബ്രാൻഡുകളുടെ മോഡൽ വലിയ രീതിയിൽ വിറ്റു പോയിട്ടുണ്ട്. നിലവിൽ ആഭ്യന്തര വിപണിയിൽ എൻട്രി ലെവൽ സെഗ്‌മെൻ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിൽ ഒന്നായി മാറിയ മോഡലാണ് ഹോണ്ട ഷൈൻ. 2023-24 സാമ്പത്തിക വർഷത്തിൽ ജാപ്പനീസ് നിർമാതാക്കൾ 100 സിസി മുതൽ 110 സിസി സെഗ്‌മെൻ്റിൽ ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ടെന്നതും എടുത്തു പറയേണ്ടതാണ്.

നിലവിൽ 64,900 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയുമായി എത്തിയിരിക്കുന്ന ഈ എൻട്രി ലെവൽ മോഡലിന് ഹോണ്ടയുടെ eSP സാങ്കേതികവിദ്യയോടുകൂടിയ പുതിയ 100 സിസി OBD2 നിലവാരമുള്ള ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് പരമാവധി 7.3 bhp പവറിൽ പരമാവധി 8.05 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
നാല് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനിൽ ഫ്രിക്ഷൻ റിഡക്ഷൻ ടെക്നോളജി, കൂളിംഗ് കാര്യക്ഷമത എന്നിവ നിലനിർത്താൻ പിസ്റ്റൺ കൂളിംഗ് ജെറ്റ്, ഓട്ടോമാറ്റിക് ചോക്ക് ഉള്ള സ്റ്റാർട്ടർ സോളിനോയിഡ് എന്നിവയും കമ്പനി നൽകുന്നുണ്ട്. ഷൈൻ 100 പതിപ്പിനൊപ്പം 10 വർഷത്തെ വാറണ്ടി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ 3 വർഷത്തെ സ്റ്റാൻഡേർഡ് വാണ്ടിയും 7 വർഷത്തെ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറണ്ടിയുമാണ് ഉൾപ്പെടുന്നത്.
ഡയമണ്ട് ഫ്രെയിമിലാണ് ഷൈൻ 100 സിസി ബൈക്കും കമ്പനി നിർമിച്ചെടുത്തിരിക്കുന്നത്. സംയോജിത ബ്രേക്കിംഗ് സിസ്റ്റം, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, ഇൻ-ബിൽറ്റ് സൈഡ് സ്റ്റാൻഡ് എഞ്ചിൻ ഇൻഹിബിറ്റർ, ഡ്യുവൽ റിയർ ഷോക്കുകൾ, ഡ്യുവൽ-പോഡ് ഇൻസ്ട്രുമെൻ്റ് കൺസോൾ, അലുമിനിയം ഗ്രാബ് റെയിൽ, ഹാലൊജൻ ലൈറ്റിംഗ് യൂണിറ്റുകൾ തുടങ്ങിയ സവിശേഷതകളാണ് ബൈക്കിലെ പ്രധാന ഹൈലൈറ്റുകൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








