TOLL PLAZA-യിൽ ഇനി കാശ് കൊടുക്കാൻ പറ്റില്ല; പുതിയ നിയമം ഏപ്രിൽ 1 മുതൽ
ഇന്ത്യയിലെ ടോൾ പ്ലാസകളിൽ ഏപ്രിൽ 1 മുതൽ പണമായി ടോൾ അടയ്ക്കുന്ന രീതി പൂർണ്ണമായും നിർത്തലാക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനം. ഇനി ഫാസ്ടാഗ് വഴിയോ മറ്റ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ വഴിയോ മാത്രമേ ടോൾ അടയ്ക്കാൻ സാധിക്കുകയുള്ളൂ. ഇത് സംബന്ധിച്ച വിശദാംശങ്ങളാണ് ഇപ്പോൾ കേന്ദ്രം പുറത്തുവിടുന്നത്. ദേശീയ പാതകളിൽ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കുന്നതിനായി വിവിധയിടങ്ങളിൽ ടോൾ പ്ലാസകൾ സ്ഥാപിച്ചിട്ടുണ്ട്. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും ഇന്ധനച്ചെലവ് ലഘൂകരിക്കാനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനുമായിരുന്നു ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്. നിലവിൽ ഇന്ത്യയിലെ ഭൂരിഭാഗം വാഹനങ്ങളിലും ഫാസ്ടാഗ് കാർഡുകൾ ഉപയോഗത്തിലുണ്ട്.
ഫാസ്ടാഗ് കാർഡുകൾ വഴി റീചാർജ് ചെയ്യുന്ന തുക ടോൾ പ്ലാസകളിൽ നിന്ന് നേരിട്ട് ഈടാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ പണമായി ടോൾ അടച്ചാൽ നിലവിൽ ഇരട്ടി തുകയും, ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ അടയ്ക്കുകയാണെങ്കിൽ 125 ശതമാനം അധിക തുകയും ഈടാക്കുന്നുണ്ട്. ഇപ്പോഴും ടോളടയ്ക്കുന്നവരിൽ 98 ശതമാനവും ഫാസ്ടാഗ് ഉപയോഗിക്കുന്നുണ്ട്.

ഫാസ്ടാഗ് കാര്യക്ഷമമാണെങ്കിലും, ചിലർ ഇപ്പോഴും പണമായി ടോൾ അടയ്ക്കുന്നത് ഗതാഗതക്കുരുക്കിനും ടോൾ ജീവനക്കാർക്ക് ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഏപ്രിൽ ഒന്നു മുതൽ ഇന്ത്യയിലെ ടോൾ പ്ലാസകളിലെ ക്യാഷ് കൗണ്ടറുകൾ പൂർണ്ണമായി നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
ഈ വാർത്തയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, ഈ വിവരം വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനുപുറമെ, വാഹനങ്ങൾ നിർത്താതെ ടോൾ ഈടാക്കുന്ന ഒരു ഓട്ടോമാറ്റിക് സംവിധാനം രാജ്യത്ത് പടിപടിയായി നടപ്പിലാക്കാനും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന്റെ പരീക്ഷണങ്ങൾ ഇതിനോടകം 25 ടോൾ പ്ലാസകളിൽ വിജയകരമായി നടന്നുവരുന്നുണ്ട്.

ഈ പരീക്ഷണങ്ങൾ വിജയിച്ചാൽ രാജ്യവ്യാപകമായി ഈ സംവിധാനം വ്യാപിപ്പിക്കാനാണ് സാധ്യത. എന്നാൽ ടോൾ പ്ലാസകളിലെ പണമിടപാടുകൾ പൂർണ്ണമായി നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പലർക്കും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിൽ എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളുണ്ടായാൽ ടോൾ എങ്ങനെ അടയ്ക്കും എന്ന ആശയക്കുഴപ്പത്തിലാണ് ജനങ്ങൾ.
അടുത്ത ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ടോൾ ബൂത്തുകളും ഇലക്ട്രോണിക് സംവിധാനങ്ങളിലേക്ക് മാറുമെന്ന് കേന്ദ്രം മുൻപ് അറിയിച്ചിരുന്നു. പുതിയ മാറ്റങ്ങളനുസരിച്ച്, ടോൾ ബൂത്തുകളിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്യുന്ന ക്യാമറകൾ സ്ഥാപിക്കും. ഇത് വാഹനം നിർത്താതെ സുഗമമായി മുന്നോട്ട് പോകാൻ സഹായിക്കും. വാഹനം കടന്നുപോകുമ്പോൾത്തന്നെ ക്യാമറ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യുകയും, വാഹനവുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ നിന്ന് തുക കുറവ് ചെയ്യുകയും ചെയ്യും.

ടോൾ നിരക്കുകൾ കൂടുതലാണെന്ന ജനങ്ങളുടെ വർഷങ്ങളായുള്ള പരാതികൾക്കിടെ കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ ഫാസ്ടാഗിൽ വാർഷിക പാസ് സംവിധാനം പ്രാബല്യത്തിൽ വന്നിരുന്നു. ഇതുപ്രകാരം, ഒരു തവണ ടോൾ കടന്നുപോകാൻ 15 മാത്രമേ ഈടാക്കൂ. അതായത്, 3000 വാർഷിക ഫീസ് അടച്ച് ഒരു വർഷം 200 തവണ വരെ ടോൾ ബൂത്ത് കടന്നുപോകാം. ഇത് സാധാരണ ജനങ്ങൾക്ക് വലിയ പ്രയോജനകരമാണ്. എന്നാൽ, വാണിജ്യ വാഹനങ്ങൾക്ക് ഈ പാസ് ബാധകമല്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








