അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ആഗോള വാഹന നിര്‍മാണ ഹബ്ബായി മാറും: നിതിന്‍ ഗഡ്കരി
ലോകമെമ്പാടുമുള്ള ഓട്ടോമൊബൈല്‍ കമ്പനികളുടെ ഇഷ്ടകേന്ദ്രമായി ഇന്ത്യ ഉടന്‍ മാറിയേക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. അടുത്തിടെ ന്യൂസ് 18-ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ വാഹനങ്ങളുടെ ഒന്നാം നമ്പര്‍ നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ മേഖലയിലെ ബിസിനസ് 7.5 ലക്ഷം കോടിയില്‍ നിന്ന് 15 ലക്ഷം കോടിയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അസംസ്‌കൃത ഇന്ധനത്തിന്റെ ഇറക്കുമതി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഗഡ്കരി അഭിമുഖത്തില്‍ പറഞ്ഞു. അസംസ്‌കൃത ഇന്ധനത്തിനും പെട്രോളിയത്തിനും പകരം ബയോ എഥനോള്‍, സിഎന്‍ജി, ബയോ-എല്‍എന്‍ജി, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയുടെ ഉപയോഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ, രണ്ട് വര്‍ഷത്തിനുള്ളില്‍, മികച്ച നിര്‍മ്മാണ സംഖ്യകള്‍ കൈവരിക്കുന്നതിലൂടെ, ഇലക്ട്രിക് ടു, ത്രീ, ഫോര്‍ വീലറുകള്‍, ബസുകള്‍ എന്നിവയുടെ വില പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് തുല്യമാകുമെന്ന് ഗഡ്കരി അവകാശപ്പെട്ടു.

ലിഥിയം-അയണ്‍ ബാറ്ററികള്‍ക്ക് പുറമെ സിങ്ക്-അയണ്‍, സോഡിയം-അയണ്‍, അലുമിനിയം-അയണ്‍ ബാറ്ററികള്‍ വികസിപ്പിക്കുന്നതിനും തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് ഹരിത ഊര്‍ജത്തിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ച ഗഡ്കരി പറഞ്ഞു.

വരാനിരിക്കുന്ന സമയം ഗ്രീന്‍ ഹൈഡ്രജനാണെന്നും ഇത് ഭാവിയിലെ ഗതാഗത മേഖലയിലെ പ്രധാന ഇന്ധനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രീന്‍ ഹൈഡ്രജന്‍ കയറ്റുമതി ചെയ്യാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ഗഡ്കരി അഭിമുഖത്തില്‍ വ്യക്തമാക്കി.

രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളിലും ഏജന്‍സികളിലും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം അതിവേഗം വര്‍ധിക്കുന്നതായി അടുത്തിടെ പാര്‍ലമെന്റില്‍ നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. 2022 ഫെബ്രുവരി 4 വരെ സര്‍ക്കാര്‍ കമ്പനികള്‍ 5,384 ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

രാജ്യത്ത് ഫ്‌ലെക്‌സ് എഞ്ചിന്‍ വാഹനങ്ങളുടെ നിര്‍മാണം സംബന്ധിച്ച് ഉടന്‍ നിര്‍ദേശം നല്‍കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഫ്ളക്സ് എഞ്ചിന്‍ വാഹനങ്ങളുടെ നിര്‍മാണം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത ആറു മാസത്തിനകം സര്‍ക്കാര്‍ പുറത്തിറക്കും.

100 ശതമാനം പെട്രോളിലോ ബയോ എഥനോളിലോ ഓടാന്‍ കഴിയുന്ന വാഹനങ്ങളുടെ ഓപ്ഷന്‍ വാഹന നിര്‍മാതാക്കള്‍ നല്‍കണമെന്ന് ഗഡ്കരി പറയുന്നു.

ഇത്തരം വാഹനങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ സജ്ജമാണ്. ഫ്‌ലെക്‌സ് ഫ്യുവല്‍ എഞ്ചിന്റെ സാങ്കേതികവിദ്യ എളുപ്പത്തില്‍ ലഭ്യമാണെന്നും വാഹന കമ്പനികള്‍ക്ക് വേണമെങ്കില്‍ ഇന്ത്യന്‍ വാഹന വ്യവസായത്തിന് ശുദ്ധമായ ഇന്ധനത്തിലേക്ക് വലിയ ചുവടുവെപ്പ് നടത്താമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഫ്‌ലെക്‌സ് ഇന്ധനത്തിന്റെ ഉപയോഗത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നു. ഇതിനായി പെട്രോളില്‍ എഥനോള്‍ മിശ്രിതം കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 2021 മാര്‍ച്ച് 8-ന്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം E20 ഇന്ധനത്തിന്റെ ഉപയോഗം അംഗീകരിച്ചുകൊണ്ട് ഒരു വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 20 ശതമാനം എഥനോളിന്റെയും 80 ശതമാനം പെട്രോളിന്റെയും മിശ്രിതമാണ് E20 ഇന്ധനം.

ഫ്‌ലെക്‌സ് ഫ്യൂവലിന്റെ ഗുണങ്ങള്‍ ഇതാ
ഫ്ളെക്സ് ഫ്യുവലില്‍ നിന്ന് ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ലക്ഷം കോടിയിലധികം രൂപയുടെ എഥനോള്‍ ബിസിനസ്സ് നടത്താനാകും. എഥനോള്‍ ഉപയോഗിക്കുന്നത് വഴി പെട്രോളിന്റെ ഇറക്കുമതി കുറയ്ക്കുകയും കോടിക്കണക്കിന് രൂപയുടെ വരുമാനം ലാഭിക്കുകയും ചെയ്യാം. ഇതുകൂടാതെ എഥനോള്‍ കലര്‍ന്ന ഫ്‌ലെക്‌സ് ഇന്ധനം ഉപയോഗിക്കുന്നതിലൂടെ വാഹന മലിനീകരണവും കുറയുകയും ചെയ്യും.

ബ്രസീല്‍, കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ ഫ്‌ലെക്‌സ് ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കുന്നു. ഇവിടെ ഉപഭോക്താക്കള്‍ക്ക് 100 ശതമാനം പെട്രോളിലോ 100 ശതമാനം എഥനോളിലോ ഓടുന്ന വാഹനങ്ങള്‍ തിരഞ്ഞെടുക്കാം.

എഥനോളിന് പെട്രോളിനേക്കാള്‍ വില കുറയും
ബയോ ഫ്യൂവല്‍ അതായത് എഥനോള്‍ വില പെട്രോളിനേക്കാള്‍ 30 മുതല്‍ 35 രൂപ വരെ കുറവായിരിക്കും. പൂര്‍ണമായും എഥനോള്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളെ പെട്രോള്‍ വിലയിലെ മാറ്റം ബാധിക്കില്ല.

എഥനോള്‍ തയ്യാറാക്കാന്‍ ആവശ്യമായ അളവില്‍ ചോളം, കരിമ്പ്, ഗോതമ്പ് എന്നിവ നമ്മുടെ രാജ്യത്ത് കൃഷി ചെയ്യാമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഓട്ടോ കമ്പനികള്‍ ഫ്ളെക്സ് എഞ്ചിന്‍ വാഹനങ്ങള്‍ അവതരിപ്പിക്കുകയാണെങ്കില്‍, വില കുറഞ്ഞ ഇന്ധനത്തിന്റെ ഗുണം നമുക്ക് ലഭിക്കുമെന്നും മലിനീകരണത്തിനെതിരെ പോരാടാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications