വണ്ടിക്കമ്പനി മുതലാളിമാര്‍ ആഘോഷത്തില്‍; ഉത്സവസീസണിൽ ഇന്ത്യയില്‍ വിറ്റ വാഹനങ്ങളുടെ എണ്ണം അറിയാമോ?
വാഹനം വില്‍ക്കുന്നവരും വാങ്ങുന്നവരും ഒരുപോലെ കാത്തിരിക്കുന്ന കാലമാണ് ഉത്സവ സീസണ്‍. വാഹന ബ്രാന്‍ഡുകള്‍ ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന കാലയളവാണിത്. ഈ വര്‍ഷവും ഉത്സവ സീസണിലും ബമ്പര്‍ വില്‍പ്പനയാണ് വാഹന നിര്‍മാതാക്കള്‍ സ്വന്തമാക്കിയതെന്നാണ് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (FADA) പുറത്തിറക്കിയ ഡേറ്റ വ്യക്തമാക്കുന്നത്.
ഈ വര്‍ഷത്തെ ഉത്സവകാലത്ത് 42 ദിവസത്തിനിടെ വാഹന വില്‍പ്പന 3.793 ദശലക്ഷം യൂണിറ്റിലെത്തി. നവരാത്രിയുടെ ആദ്യ ദിവസം മുതല്‍ ധന്‍തേരാസിനു ശേഷമുള്ള 15 ദിവസം വരെയുള്ള കണക്കുകളാണിത്. അതായത് ഒക്‌ടോബര്‍ 15 മുതല്‍ നവംബര്‍ 25 വരെ. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തുടനീളമുള്ള 1,355 എണ്ണത്തില്‍ നിന്നാണ് FADA വാഹന റീട്ടെയില്‍ ഡേറ്റ സമാഹരിച്ചത്.

കഴിഞ്ഞ വര്‍ഷം ഇതേകാലത്ത് രാജ്യത്തെ വാഹന റീട്ടെയില്‍ വില്‍പ്പന 3.19 ദശലക്ഷം യൂണിറ്റായിരുന്നു. ഈ ഉത്സവ സീസണില്‍ ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, പാസഞ്ചര്‍ വാഹനങ്ങള്‍ എന്നിവയില്‍ യഥാക്രമം 21 ശതമാനം, 41 ശതമാനം, 8 ശതമാനം, 10 ശതമാനം വര്‍ധനവുണ്ടായതായി FADA പറയുന്നു. അതേയസമയം ട്രാക്ടര്‍ വിഭാഗത്തില്‍ 0.5 ശതമാനം വില്‍പ്പന ഇടിവ് രേഖപ്പെടുത്തി.
മുന്‍ മാസങ്ങളില്‍ നല്ല മഴ ലഭിച്ചതോടെ ഗ്രാമീണ മേഖലയിലുടനീളം മികച്ച വില്‍പ്പനയാണ് റിപ്പോര്‍ട്ട് ചെയ്തത്.നവരാത്രി സമയത്ത് വില്‍പ്പന താരതമ്യേന കുറവായിരുന്നുവെങ്കിലും, ദീപാവലിയോടെ സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടു. 42 ദിവസ കാലയളവില്‍ എല്ലാ മേഖലകളിലും മൊത്തത്തില്‍ 18.73 ശതമാനം വളര്‍ച്ചയോടെ അവസാനിച്ചു. ഈ വര്‍ഷം ഉത്സവ സീസണിലെ 42 ദിവസ കാലയളവില്‍ 37,93,584 വാഹനങ്ങള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 31,95,213 വാഹനങ്ങളായിരുന്നു വിറ്റിരുന്നത്.

വളര്‍ച്ച 18.73 ശതമാനമാണ്. 5,98,371 യൂണിറ്റ് വോളിയം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 'പല വിഭാഗങ്ങളില്‍ റെക്കോഡ് ബ്രേക്കിംഗ് വില്‍പന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, പ്രത്യേകിച്ച് ഇരുചക്രവാഹന വില്‍പ്പനയിലെ കുതിച്ചുചാട്ടത്തിന് ഗ്രാമീണ മേഖലകള്‍ മികച്ച സംഭാവന നല്‍കി. നവരാത്രി കാലത്ത് പ്രത്യേകിച്ച് പാസഞ്ചര്‍ വാഹന മേഖലയില്‍ വില്‍പ്പന താരതമ്യേന കുറവായിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെട്ടു. ദീപാവലി 10 ശതമാനം വളര്‍ച്ച നിരക്കില്‍ അവസാനിക്കുന്നു' FADA പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു.
42 ദിവസത്തെ ഉത്സവ കാലയളവിലെ ഇരുചക്രവാഹന വില്‍പ്പന നോക്കുമ്പോള്‍ 21.71 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 23,96,665 യൂണിറ്റ് വിറ്റപ്പോള്‍ ഇക്കുറി അത് 28,93,107 യൂണിറ്റായി ഉയര്‍ന്നു. 2022 കലണ്ടര്‍ വര്‍ഷത്തില്‍ ഇതേ കാലയളവില്‍ വിറ്റ 1,01,052 യൂണിറ്റുകളില്‍ നിന്ന് ഇക്കുറി 1,42,875 യൂണിറ്റ് വില്‍പ്പനയുമായി മുച്ചക്ര വാഹന വിഭാഗത്തിലും 41.39 ശതമാനം വളര്‍ച്ചയുണ്ട്.

എസ്‌യുവികള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡ് ഉത്സവകാലത്ത് പാസഞ്ചര്‍ വാഹന വില്‍പ്പനക്ക് ഗുണകരമായിട്ടുണ്ട്. മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര എന്നിവയെല്ലാം കിടിലന്‍ ഓഫറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് ഫലം കണ്ടുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഈ വിഭാഗത്തില്‍ 10.32 ശതമാനം വില്‍പ്പന വളര്‍ച്ചയാണുള്ളത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 4,96,047 യൂണിറ്റുകളില്‍ നിന്ന് ഈ വര്‍ഷത്തെ 42 ദിവസ കാലയളവില്‍ മൊത്തം റീട്ടെയില്‍ വില്‍പ്പന 5,47,246 യൂണിറ്റിലേക്കെത്തി. ഉത്സവ സീസണില്‍ വാണിജ്യ വാഹന റീട്ടെയില്‍ വില്‍പ്പന 8.11 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇേതകാലയളവില്‍ 1,14,498 യൂണിറ്റായിരുന്നു വില്‍പ്പനയെങ്കില്‍ ഇക്കുറി അത് 1,23,784 യൂണിറ്റായി ഉയര്‍ന്നു.
പ്രസ്തുത കാലയളവില്‍ ട്രാക്ടറുകളുടെ വില്‍പ്പന മാത്രമാണ് കുറഞ്ഞത്. പോയവര്‍ഷം ഇതേ കാലയളവില്‍ 86,951 ആയിരുന്ന റീട്ടെയില്‍ വില്‍പ്പനയെങ്കില്‍ ഇക്കുറി അത് 86,572 യൂണിറ്റായി ആയി. എങ്കിലും ഇടിവ് നാമമാത്രമാണെന്നതാണ് ആശ്വാസം. ഈ വര്‍ഷം ഉത്സവകാലത്ത് നിങ്ങള്‍ ഒരു വാഹനം സ്വന്തമാക്കിയിരുന്നോ?. ഉണ്ടെങ്കില്‍ അത് കമന്റ്‌ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ. ഉത്സവകാലത്തുള്ള ഈ വമ്പന്‍ വില്‍പ്പനയെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നുവെന്ന് അറിയാനും ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്.


Click it and Unblock the Notifications








