ഒറ്റദിവസം 3 റോള്‍സ് റോയ്‌സ് ഡെലിവറിയെടുത്തത് ഇദ്ദേഹം ചില്ലറക്കാരനല്ല! വിലയറിഞ്ഞാല്‍ അംബാനി പോലും പകയ്ക്കും
ഇന്നും ഒരു കാര്‍ സ്വപ്‌നമായി കണ്ട് ടൂവീലറില്‍ സഞ്ചരിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഉണ്ട്. ഒരു യൂസ്ഡ് കാര്‍ എങ്കിലും വാങ്ങണം എന്നതായിരിക്കും പലരുടെയും ജീവിതാഭിലാഷം. എന്നാല്‍ സ്വന്തമായി ഒരു കാര്‍ ഉള്ളവന്റെ സ്വപ്‌നമായിരിക്കും ഒരു റോള്‍സ് റോയ്‌സ് സ്വന്തമാക്കുകയെന്നത്. 100 കോടിയിലധികം ജനസംഖ്യയിള്ള ഇന്ത്യയില്‍ വളരെ കുറച്ച് റോള്‍സ് റോയ്‌സ് ഉടമകള്‍ മാത്രമാണ് ഉള്ളത്. ആഡംബരത്തിന്റെ പരകോടിയയി വിശേഷിപ്പിക്കപ്പെടുന്ന റോള്‍സ് റോയ്‌സ് കാറുകളുടെ വില തന്നെയാണ് അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. എന്നാല്‍ ഒറ്റ ദിവസം തന്നെ ഒരാള്‍ മൂന്ന് റോള്‍സ് റോയ്‌സ് കാര്‍ വാങ്ങിയെന്ന് കേട്ടാലോ. വിശ്വാസം വരുന്നില്ല അല്ലേ.
എന്നാല്‍ അത് സംഭവിച്ചു. ഓ എങ്കില്‍ അത് അംബാനിയോ അദാനിയോ ബിര്‍ളയോ പോലുള്ള ഏതെങ്കിലും ശതകോടീശ്വരനായിരിക്കും വാങ്ങിയത് എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. കാരണം റിലയന്‍സ് ചെയര്‍മാനായ മുകേഷ് അംബാനിക്കും കുടുംബത്തിനും റോള്‍സ് റോയ്‌സ് കാറുകള്‍ വലിയ ഇഷ്ടമാണ്. എന്നാല്‍ അവിടെ നിങ്ങള്‍ക്ക് തെറ്റി. ഇന്ത്യക്കാര്‍ക്ക് സുപരിചിതരായ കോടീശ്വരന്‍മാര്‍ ആരും തന്നെയല്ല ഒരുമിച്ച് മൂന്ന് റോള്‍സ് റോയ്‌സ് വാങ്ങി ഞെട്ടിച്ചത്.ആരാണെന്നും അദ്ദേഹം വാങ്ങിയ മോഡലുകള്‍ ഏതാണെന്നും വിശദമായി ചുവടെ വായിക്കാം.

ഇന്ത്യന്‍ വ്യവസായിയായ സഞ്ജയ് ഗോഡാവത് ആണ് ഒരേ ദിവസം മൂന്ന് കാറുകളുടെ ഡെലിവറി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 'കത്തിച്ചത്'. റോള്‍സ് റോയ്സ് കലിനന്‍ സീരീസ് II, റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് II, റോള്‍സ് റോയ്സ് സ്പെക്ടര്‍ ഇവി എന്നീ അള്‍ട്രാ ലക്ഷ്വറി കാറുകളാണ് അദ്ദേഹം വാങ്ങിയത്.
ഈ മൂന്ന് റോള്‍സ് റോയ്സ് കാറുകള്‍ക്കൊപ്പം നില്‍ക്കുന്ന അദ്ദേഹത്തിന്റെ ഒരു ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇതില്‍ റോള്‍സ് റോയ്സ് കള്ളിനന്‍ സീരീസ് II കാറിന്റെ വില 10.50 കോടി രൂപയാണ്. ഈ കാറിന്റെ ബ്ലാക്ക് ബാഡ്ജ് എഡിഷന്റെ വില 12.25 കോടി രൂപയാണ്. 6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V12 പെട്രോള്‍ എഞ്ചിനാണ് ഈ കാറില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ അതിശക്തമായ എഞ്ചിന്‍ പരമാവധി 571 bhp പവറും 850 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

സഞ്ജയ് സ്വന്തമാക്കിയ രണ്ടാമത്തെ മോഡലായ റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് II സ്വന്തമാക്കാനായി 8.95 കോടി രൂപ മുടക്കേണ്ടതായുണ്ട്. വിലയുള്ള റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് II ഉണ്ട്. 6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V12 പെട്രോള്‍ എഞ്ചിനും ഈ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.
ഇതിന്റെ പവര്‍ ഔട്ട്പുട്ട് 563 bhp കരുത്തും 850 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് II സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ മാത്രമല്ല എക്‌സ്റ്റെന്‍ഡഡ് വീല്‍ബേസ് (10.19 കോടി രൂപ), ബ്ലാക്ക് ബാഡ്ജ് (10.52 കോടി രൂപ) എന്നീ പതിപ്പുകളിലും വില്‍ക്കപ്പെടുന്നു.
ഐസി എഞ്ചിന്‍ കാറുകള്‍ മാത്രമല്ല റോള്‍സ് റോയ്‌സിന്റെ ഇവി മോഡലും കോടീശ്വരന്‍ സ്വന്തമാക്കിയിട്ടുണ്ട്. റോള്‍സ് റോയ്സിന്റെ കന്നി ഇവിയായ സ്പെക്ടറിന്റെ വില 7.50 കോടി രൂപയാണ്. റോള്‍സ് റോയ്സ് സ്പെക്ടര്‍ ഇവിയില്‍ 102 kWh ബാറ്ററിയാണ് ലഭിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 530 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ ശേഷിയുള്ളതാണ് ഈ ബാറ്ററി. മുകളില്‍ പറഞ്ഞതെല്ലാം എക്‌സ്-ഷോറൂം വിലയാണ്. ഓണ്‍-റോഡ് വിലയിലേക്ക് കോടികള്‍ പിന്നെയും ചേര്‍ക്കണം.
ഇത്രയും വിലയുള്ള 3 കാറുകള്‍ ഒരുമിച്ച് വാങ്ങിയ സഞ്ജയ് ഏതായാലും ചില്ലക്കാരനായിരിക്കില്ലെല്ലോ. മഹാരാഷ്ട്രയില്‍ നിന്നുള്ള സഞ്ജയ് ഗോഡാവത് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനാണ് അദ്ദേഹം. 1993-ല്‍ സ്ഥാപിതമായ ഈ കമ്പനി രാജ്യത്ത് വിവിധ മേഖലകളിലായി ബിസിനസ് ചെയ്ത് വരുന്നു. വ്യോമയാനം, കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, വിദ്യാഭ്യാസം, ഊര്‍ജ്ജം, റിയല്‍ എസ്റ്റേറ്റ്, റീട്ടെയില്‍, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയ നിരവധി മേഖലകളില്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ച് വരുന്നു.
എസ്ജിജിക്ക്ക്ക് ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളും 10,000-ത്തിലധികം ജീവനക്കാരുമുണ്ട്. ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ 17,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങിയിട്ടുണ്ട്. മാത്രമല്ല ഇന്ത്യയിലുടനീളം ഷെഡ്യൂള്‍ ചെയ്തതും ഷെഡ്യൂള്‍ ചെയ്യാത്തതുമായ വിമാന സര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്ന സ്റ്റാര്‍ എയര്‍ ഇവരുടേതാണ്. കേന്ദ്ര സര്‍ക്കാറിന്റെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആരംഭിച്ച ജനപ്രിയ ഉഡാന്‍-റീജിയണല്‍ കണക്റ്റിവിറ്റി സ്‌കീമിന് കീഴിലാണ് സ്റ്റാര്‍ എയര്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയില്‍ ഒരാള്‍ റോള്‍സ് റോയ്‌സ് വാങ്ങുന്നത് തന്നെ വല്ലപ്പോഴും മാത്രമാണ് അപ്പോള്‍ ഒറ്റദിവസം 3 റോള്‍സ് റോയസ്‌സ് ഡെലിവറിയെടുത്താണ് സഞ്ജയ് ഞെട്ടിച്ചിരിക്കുന്നത്. സ്വന്തമായി വിമാനക്കമ്പനി വരെയുള്ള കോടീശ്വരനെ സംബന്ധിച്ച് ഇത് പുഷ്പം പോലെ സാധിക്കുന്ന ഒന്നാണ്. ഏറ്റവും കൂടുതല്‍ റോള്‍സ് കാറുകളുള്ള ഇന്ത്യക്കാരനാകാന്‍ മുകേഷ് അംബാനിക്ക് കട്ട കോമ്പറ്റീഷന്‍ ആകാന്‍ സഞ്ജയ്ക്ക് പറ്റുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം. ജിയോ ഗരാജില്‍ ഇതിനോടകം പത്തിനടുത്ത് റോള്‍സ് റോയ്‌സുകള്‍ ഉണ്ടെന്നാണ് വിവരം.


Click it and Unblock the Notifications








