ആദ്യ ഐപിഎല്‍ സാലറി 20 ലക്ഷം, ഇന്ന് ധോണിയേക്കാള്‍ കൂടുതല്‍! അമ്മക്ക് എസ്‌യുവി വാങ്ങിക്കൊടുത്ത് ക്രിക്കറ്റര്‍
തങ്ങളെ വളര്‍ത്തി വലുതാക്കാന്‍ ഒരുപാട് വിയര്‍പ്പൊഴുക്കുന്ന മാതാപിതാക്കളെ തങ്ങള്‍ നല്ല നിലയിലെത്തിയാല്‍ എല്ലാ സുഖസൗകര്യങ്ങളോട് കൂടിയും പരിചരിക്കാന്‍ കുട്ടികള്‍ ഇഷ്ടപ്പെടുന്നു. മാതാപിതാക്കളില്‍ ആണ്‍കുട്ടികള്‍ക്ക് പൊതുവേ അമ്മമാരോട് കുറച്ച് ഇഷ്ടക്കൂടുതലുണ്ടാകും. ജീവിതത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ കയറിപ്പോകുന്ന ആണ്‍കുട്ടികള്‍ അമ്മമാര്‍ക്ക് ചില സമ്മാനങ്ങളും വാങ്ങി നല്‍കും. ഇപ്പോള്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം തന്റെ മാതാവിനായി ഒരു ടാറ്റ കര്‍വ് സമ്മാനിച്ചിരിക്കുകയാണ്. മാതാവിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാകും താരം ടാറ്റയുടെ സുരക്ഷിതമായ എസ്‌യുവി കൂപ്പെ തന്നെ വാങ്ങി നല്‍കിയത്. ആ ക്രിക്കറ്റ് താരം ആരാണെന്നും അമ്മക്ക് വാങ്ങി നല്‍കിയ കാറിന്റെ സവിശേഷതകളും നമുക്ക് നോക്കാം.
സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഇടംകൈയ്യന്‍ പേസറാണ് അര്‍ഷദീപ് സിംഗ്. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് അര്‍ഷദീപ്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ബോള്‍ സ്വിങ് ചെയ്യിക്കാനുള്ള മിടുക്കും ഡെത്ത് ഓവറുകളില്‍ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാനുള്ള കഴിവുമാണ് അര്‍ഷദീപിന്റെ വേറിട്ട് നിര്‍ത്തുന്നത്. 2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റ മത്സരത്തിലെ കന്നി ഓവര്‍ തന്നെ മെയ്ഡനാക്കിയായിരുന്നു പഞ്ചാബുകാരന്‍ വരവറിയിച്ചത്.

ട്വന്റി20 അരങ്ങേറ്റത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായിരുന്നു അര്‍ഷദീപ്. 2024-ല്‍ ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടിയപ്പോള്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം കൂടിയായിരുന്നു അര്‍ഷദീപ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സ് താരമാണ് അര്‍ഷദീപ്. 2019-ല്‍ വെറും 20 ലക്ഷം രൂപയ്ക്കായിരുന്നു താരത്തിന്റെ ഐപിഎല്‍ യാത്ര ആരംഭിച്ചത്. തുടര്‍ന്നുള്ള സീസണുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന്റെ ശമ്പളം 2022-ല്‍ 4 കോടി രൂപയായി ഉയര്‍ന്നു.
2024 സീസണില്‍ 19 വിക്കറ്റ് നേടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച അര്‍ഷദീപിനെ ഇക്കുറി 18 കോടി എറിഞ്ഞാണ് നിലനിര്‍ത്തിയത്. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എംഎസ് ധോണിയെ നിലനിര്‍ത്തിയത് 4 കോടി രൂപയ്ക്കാണ്. അങ്ങനെ വരുമ്പോള്‍ ധോണിയേക്കാള്‍ 350 ശതമാനത്തിലധികം ശമ്പളമാണ് ബൗളര്‍ വാങ്ങുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന അര്‍ഷദീപിന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളി വന്നിരുന്നു.

ഇംഗ്ലീഷ് മണ്ണില്‍ അര്‍ഷദീപ് തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരിയറില്‍ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്ന് പോകുന്ന താരം ഇപ്പോള്‍ തന്റെ മാതാവിന് ഒരു പുത്തന്‍ ടാറ്റ കാര്‍ വാങ്ങി നല്‍കിയാണ് ആഘോഷിച്ചത്. റോഡിലിറങ്ങുമ്പോള്‍ അമ്മ സുരക്ഷിതമായിരിക്കണമെന്ന് അര്‍ഷ്ദീപിന് നിര്‍ബന്ധമുള്ളതിനാല്‍ ആയിരിക്കണം ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ കര്‍വ് തന്നെ വാങ്ങിയത്.
കാര്‍ ഡെലിവറി വീഡിയോ ക്രിക്കറ്റ് താരം തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം വന്ന താരത്തെ ടാറ്റ ഡീലര്‍ഷിപ്പ് ജീവനക്കാര്‍ പൂക്കള്‍ നല്‍കിയാണ് സ്വാഗതം ചെയ്തത്. കേക്ക് മുറിച്ച് ആഘോഷിച്ച ശേഷം താരം കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങി. ഗോള്‍ഡ് എസെന്‍സ്, ഫ്‌ലെയിം റെഡ്, പ്രിസ്‌റ്റൈന്‍ വൈറ്റ്, പ്യുര്‍ ഗ്രേ, ഡേറ്റോണ ഗ്രേ, ഓപ്പറ ബ്ലൂ, നൈട്രോ ക്രിംസണ്‍ എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളില്‍ ടാറ്റ കര്‍വ് വാഗ്ദാനം ചെയ്യുന്നു.

ഇതില്‍ ഡ്യുവല്‍-ടോണ്‍ പ്യുര്‍ ഗ്രേയാണ് ക്രിക്കറ്റര്‍ തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ടാറ്റ മോട്ടോര്‍സ് 9.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ കര്‍വ് എസ്‌യുവി കൂപ്പെ പുറത്തിറക്കിയത്. ഇതിന്റെ ടോപ് സ്‌പെക് വേരിയന്റിന്റെ വില 19.51 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം). നാല് വിശാലമായ ട്രിമ്മുകളിലും വൈവിധ്യമാര്‍ന്ന വേരിയന്റുകളിലുമാണ് ഇത് വരുന്നത്. കര്‍വില്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ കാര്‍ നിര്‍മ്മാതാവ് വാഗ്ദാനം ചെയ്യുന്നു.
1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, പുതിയ 1.2 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ (ഹൈപ്പീരിയണ്‍) എന്നിവയാണവ. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ തെരഞ്ഞെടുക്കാം. അര്‍ഷദീപ് ഇതില്‍ ഏത് പവര്‍ട്രെയിനാണ് തെരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. ടാറ്റ കര്‍വ് ഐസിഇ പതിപ്പിന്റെ സ്‌റ്റൈലിംഗ് കര്‍വ് ഇവിയില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ടാറ്റ ശ്രമിച്ചിട്ടുണ്ട്.

എന്നിരുന്നാലും മൊത്തത്തിലുള്ള സിലൗറ്റ് പൂര്‍ണമായും ഇലക്ട്രിക് മോഡലിന്റേതിന് സമാനമാണ്. ഇരുപതിപ്പുകളിലും ചരിഞ്ഞ റൂഫ്, ഫ്‌ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍, ഗ്ലോസ് ബ്ലാക്ക് സൈഡ് ക്ലാഡിംഗുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ കാണാം. ഇന്റീരിയര്‍ ഡിസൈന്‍ സമാനമാണെങ്കിലും തീമില്‍ മാറ്റമുണ്ട്. കര്‍വ് ഇവിക്ക് ബ്ലാക്ക് ആന്‍ഡ് ലൈറ്റ് ഗ്രേ കളര്‍വേ ലഭിക്കുമ്പോള്‍ ഐസിഇ പതിപ്പില്‍ അത് ബ്ലാക്ക്-ബര്‍ഗണ്ടി നിറമാണ്.
ഇല്യൂമിനേറ്റഡ് ടാറ്റ ലോഗോയുള്ള ഫോര്‍-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, വോയ്സ്-അസിസ്റ്റഡ് പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 9-സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഗേജ് ക്ലസ്റ്റര്‍ എന്നിവയാണ് കര്‍വില്‍ വരുന്ന പ്രധാന സവിശേഷതകള്‍.
ഇത്കൂടാതെ പവര്‍ഡ് ആന്‍ഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, ഇലക്ട്രിക് ടെയില്‍ഗേറ്റ്, ഇലക്ട്രോക്രോമിക് ഐആര്‍വിഎം, ഇല്യൂമിനേറ്റഡ് ആന്‍ഡ് കൂള്‍ഡ് ഗ്ലൗബോക്സ് തുടങ്ങിയ സൗകര്യങ്ങളും ലഭിക്കുന്നു. 6 എയര്‍ബാഗുകള്‍ മുതല്‍ ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) വരെ സജ്ജീകരിച്ചിരിക്കുന്ന കര്‍വ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ്.


Click it and Unblock the Notifications








