ഇങ്ങനെ വേണം ഇന്ത്യയുടെ വിജയം ആഘോഷിക്കാന്‍! കോടികള്‍ പൊടിച്ച് ലക്ഷ്വറി എസ്‌യുവി വാങ്ങി സ്റ്റാര്‍ ഓള്‍റൗണ്ടര്‍
കഴിഞ്ഞ ഞായറാഴ്ച ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായിരുന്നു. 2011 ലോകകപ്പിന് ശേഷമുള്ള ഏകദിന ഫോര്‍മാറ്റിലെ ട്രോഫി വരള്‍ച്ച അവസാനിപ്പിച്ചായിരുന്ന രോഹിത് ശര്‍മയും സംഘവും കപ്പില്‍ മുത്തമിട്ടത്. ഗ്രൂപ്പ് ഘട്ടത്തിലടക്കം കളിച്ച അഞ്ച് മത്സരങ്ങളും ആധികാരികമായി വിജയിച്ചായിരുന്നു ടീം ഇന്ത്യയുടെ തോരോട്ടം. ഇന്ത്യന്‍ ടീമിന്റെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ ടീം മാനേജ്‌മെന്റ് എടുത്ത ചില തീരുമാനങ്ങള്‍ നിര്‍ണായകമായിരുന്നു. മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തിയതും റിഷഭ് പന്തിന് മുകളില്‍ കെഎല്‍ രാഹുലിനെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി പ്രതിഷ്ഠിച്ചതും അതില്‍ വരുന്നു.
ഇതിന്റെ കൂടെ കോച്ച് ഗൗതം ഗംഭീറിന്റെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ ബാറ്റിംഗ് ഓര്‍ഡറില്‍ പ്രമോഷന്‍ കൊടുത്തത്. ഈ തന്ത്രം ഫലം കാണുകയും ചെയ്തു. മധ്യനിരയില്‍ ഇന്ത്യ പതറിയ വേളകളില്‍ നിര്‍ണായക കൂട്ടുകെട്ടുകളില്‍ പങ്കാളിയാവുകയും സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ ബാറ്റുവീശുകയും ചെയ്ത് അക്‌സര്‍ വീണുകിട്ടിയ അവസരം അക്ഷരാര്‍ത്ഥത്തില്‍ മുതലെടുത്തു.

ഇടങ്കൈയ്യന്‍ സ്പിന്നിംഗ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ രവീന്ദ്ര ജഡേജയുടെ നിഴലിലായിപ്പോയ അക്‌സറിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു അത്. നിലവില്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ഈ ഗുജറാത്തുകാരന്‍. ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടന മികവിന് പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായക സ്ഥാനം കൂടി അക്‌സറിനെ തേടിയെത്തിയിരിക്കുകയാണ്. മൊത്തത്തില്‍ ഹാപ്പി മൂഡില്‍ ഇരിക്കുന്ന താരം ഒരു പുത്തന്‍ കാര്‍ കൂടി ഗരാജിലെത്തിച്ചിട്ടുണ്ട്.
ലാന്‍ഡ് റോവറിന്റെ ലക്ഷ്വറി എസ്‌യുവിയായ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. താരത്തിന് കാര്‍ കൈമാറുന്നതിന്റെ ചിത്രങ്ങള്‍ അഹമ്മദാബാദിലെ ലാന്‍ഡ് റോവര്‍ ഡീലര്‍മാരായ കാര്‍ഗോ മോട്ടോര്‍സ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അക്ഷര്‍ പട്ടേലിന്റെ ആസ്തി 49 കോടി രൂപയാണ്. അക്ഷര്‍ പ്രതിവര്‍ഷം 9 കോടി രൂപ സമ്പാദിക്കുന്നു. ഐപിഎല്‍, ബിസിസിഐ ശമ്പളങ്ങള്‍ക്ക് പുറമെ പരസ്യചിത്രങ്ങളില്‍ നിന്നും മറ്റ് നിക്ഷേപങ്ങള്‍ വഴിയും താരം പണം സമ്പാദിക്കുന്നു.

ബിസിസിഐയുടെ ഗ്രേഡ്-ബി കരാറിലള്ള അക്‌സര്‍ പട്ടേലിന്റെ വാര്‍ഷിക ശമ്പളം 3 കോടി രൂപയാണ്. ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപയും ഏകദിന മത്സരത്തിന് ആറ് ലക്ഷം രൂപയും ട്വന്റി20 മത്സരത്തിന് മൂന്ന് ലക്ഷം രൂപയുമാണ് അക്ഷരിന് മാച്ച് ഫീയായി ലഭിക്കുക. ഐപിഎല്ലില്‍ 16.50 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് അദ്ദേഹത്തെ നിലനിര്‍ത്തിയത്.
ആഡംബര കാറുകള്‍ ഏറെ ഇഷ്ടപ്പെടുന്ന അക്‌സറിന് 1 കോടി രൂപയില്‍ കൂടുതല്‍ വിലയുള്ള ഒരു മെര്‍സിഡീസ് എസ്‌യുവിയും ഏകദേശം 67 ലക്ഷം രൂപ വിലയുള്ള ഒരു ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയും സ്വന്തമായുണ്ട്. ഇപ്പോള്‍ ലാന്‍ഡ് റോവറിന്റെ വില കൂടിയ എസ്‌യുവികളില്‍ ഒന്നായ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ഉള്‍പ്പെടുത്തി ഗരാജ് വലുതാക്കിയിരിക്കുകയാണ്.
റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ആഡംബര എസ്‌യുവി നിലവില്‍ 2.60 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടി രൂപ പൊടിക്കണം. ശക്തമായ 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്.
പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ കാറിന്റെ 4 ചക്രങ്ങളിലേക്കും പവര്‍ എത്തിക്കുന്നു. വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കാറിന് സാധിക്കും.
22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, സിഗ്‌നേച്ചര്‍ ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഫ്‌ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍, ഹീറ്റഡ് വിന്‍ഡ്സ്‌ക്രീന്‍, എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, 13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍ എന്നിവയടക്കമുള്ള പ്രീമിയം സവിശേഷതകള്‍ കാറിലുണ്ട്.
പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, കാര്‍വേ ലെതര്‍ സീറ്റുകള്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകള്‍, എക്‌സിക്യൂട്ടീവ് റിയര്‍ സീറ്റുകള്‍ എന്നിവയാണ് കാറിലെ മറ്റ് പ്രധാന ഫീച്ചറുകള്‍. ഏതായാലും കരിയറില്‍ മികച്ച നിലയില്‍ എത്തി നില്‍ക്കുന്ന അക്‌സറിന് ഭാവിയിലും മികച്ച കാറുകള്‍ വാങ്ങാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.


Click it and Unblock the Notifications








